ദുബായ് , ഓഗസ്റ്റ് 13 2026 : ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നിന്ന് അൽ മുസ്തഖ്ബൽ സ്ട്രീറ്റിലേക്ക് ഗതാഗതം സുഗമമാക്കുന്ന പുതിയ 500 മീറ്റർ പാലം വെള്ളിയാഴ്ച തുറക്കും. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പാലം ഗതാഗതത്തിനായി തുറക്കുന്നത്.
രണ്ട് വരിപ്പാതയുള്ള പുതിയ പാലം ദുബൈ വേൾഡ് ട്രേഡ് സെന്റർ, വൺ സെൻട്രൽ എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് സായിദ് പാലസ് സ്ട്രീറ്റിനും അൽ മുസ്തഖ്ബൽ സ്ട്രീറ്റിനും ഇടയിലുള്ള ജംഗ്ഷനിലേക്ക് നേരിട്ട് പ്രവേശിക്കാൻ സഹായിക്കും. പ്രധാന പരിപാടികൾ നടക്കുന്ന സമയത്ത് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നിന്നുള്ള യാത്രാസമയം പത്ത് മിനിറ്റിൽ നിന്ന് വെറും രണ്ട് മിനിറ്റായി കുറയും.
633 മില്യൺ ദിർഹം ചെലവിൽ നടപ്പാക്കുന്ന അൽ മുസ്തഖ്ബൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമാണ് പുതിയ പാലം. സായിദ് പാലസ് സ്ട്രീറ്റ് മുതൽ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ് വരെയാണ് പദ്ധതി.
പദ്ധതിയുടെ ഭാഗമായി 2,000 മീറ്റർ നീളത്തിൽ പാലങ്ങളും തുരങ്കങ്ങളും നിർമിക്കുന്നുണ്ട്. അൽ മുസ്തഖ്ബൽ സ്ട്രീറ്റിലെ പാതകളുടെ എണ്ണം ഓരോ ദിശയിലും മൂന്നിൽ നിന്ന് നാലായി ഉയർത്തും. ഇതോടെ റോഡിന്റെ ശേഷി 33 ശതമാനം വർധിച്ച് മണിക്കൂറിൽ 6,600 വാഹനങ്ങളിൽ നിന്ന് 8,800 വാഹനങ്ങളായി ഉയരും. യാത്രാസമയം 13 മിനിറ്റിൽ നിന്ന് ആറ് മിനിറ്റായി കുറയ്ക്കാനും ലക്ഷ്യമിടുന്നു.
അൽ മുസ്തഖ്ബൽ സ്ട്രീറ്റിനും ട്രേഡ് സെന്റർ സ്ട്രീറ്റിനും ഇടയിൽ 1,500 മീറ്റർ നീളത്തിൽ മൂന്ന് തുരങ്കങ്ങളും പദ്ധതിയുടെ ഭാഗമായി നിർമിക്കും. ഇതിന് പുറമെ അൽ സുകൂക്ക് സ്ട്രീറ്റിൽ പുതിയ കാൽനട പാലവും നിർമിക്കും.
വേൾഡ് ട്രേഡ് സെന്റർ റൗണ്ട്എബൗട്ട് വികസനവും പദ്ധതിയോടൊപ്പം പുരോഗമിക്കുകയാണ്. ഇതിന്റെ നിർമാണം 85 ശതമാനത്തിലധികം പൂർത്തിയായി. ആഗസ്റ്റ് അവസാനത്തോടെ ഷെയ്ഖ് റാഷിദ് റോഡിൽ നിന്ന് സെക്കൻഡ് ഡിസംബർ സ്ട്രീറ്റിലേക്കുള്ള മറ്റൊരു പാലവും ഒക്ടോബറിൽ അൽ മജ്ലിസ് സ്ട്രീറ്റിൽ നിന്ന് സെക്കൻഡ് ഡിസംബർ സ്ട്രീറ്റിലേക്കുള്ള അവസാന പാലവും തുറക്കുമെന്ന് ആർ.ടി.എ അറിയിച്ചു.
അൽ മുസ്തഖ്ബൽ സ്ട്രീറ്റ് വികസനം പൂർത്തിയാകുന്നതോടെ ദുബൈ വേൾഡ് ട്രേഡ് സെന്റർ, ഡി.ഐ.എഫ്.സി, സായിദ്, ഡൗൺടൗൺ ദുബൈ, ബിസിനസ് ബേ തുടങ്ങിയ പ്രധാന മേഖലകളിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാകും. ഏകദേശം അഞ്ച് ലക്ഷം താമസക്കാരും സന്ദർശകരും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതി സമയക്രമത്തേക്കാൾ മുന്നിലാണ് പുരോഗമിക്കുന്നതെന്നും 50 ശതമാനത്തിലധികം ജോലികൾ പൂർത്തിയായതായും ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനുമായ മത്താർ അൽ തായർ അറിയിച്ചു.
