ദുബായ് ,സെപ്റ്റംബർ 26,2026 : യുഎഇ പ്രസിഡന്റ്സ് കപ്പിന്റെ യൂറോപ്യൻ പര്യടനത്തിന് പോളണ്ടിൽ നാളെ ആവേശകരമായ സമാപനം. പ്യുർ ബ്രെഡ് അറേബ്യൻ കുതിരകളുടെ മത്സരത്തിൽ 11 കുതിരകളാണ് കിരീടത്തിനായി പോരിനിറങ്ങുന്നത്. വാർസോയിലെ സ്ലൂഷെവിയക് റേസ്കോഴ്സിലാണ് മത്സരം. 33-ാമത് യുഎഇ പ്രസിഡന്റ്സ് കപ്പിന്റെ യൂറോപ്യൻ പര്യടനത്തിലെ 15-ാമത്തെ മത്സരമാണിത്. സെൻട്രൽ യൂറോപ്യൻ അറേബ്യൻ ഡെർബിയുടെ ഭാഗമായാണ് ഇത്തവണത്തെ പോളണ്ട് മത്സരം. 2,000 മീറ്റർ ദൂരത്തിലാണ് മത്സരം. നാല് വയസ്സുള്ള ശുദ്ധരക്ത അറേബ്യൻ കുതിരകൾ പങ്കെടുക്കുന്ന ഗ്രൂപ്പ് 3 മത്സരത്തിന് 2 ലക്ഷം യൂറോയാണ് സമ്മാനത്തുക. യുഎഇ സമയം നാളെ രാത്രി 7.42നാണ് മത്സരം. ഖത്തറിൽ നിന്നുള്ള ഫറൂഖ് അൽ ഷഹാനിയയും ഖദ്ദാഹും മത്സരത്തിലെ ശ്രദ്ധേയരായ കുതിരകളാണ്. ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ താനിയുടെ ഉടമസ്ഥതയിലുള്ള ഫറൂഖ് അൽ ഷഹാനിയയെ സേവ്യർ തോമസ്-ഡെമോൾട്ട് പരിശീലിപ്പിക്കുന്നു. ഹ്യൂഗോ മുവേസനാണ് ജോക്കി. വാത്നാൻ റേസിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഖദ്ദാഹിനെ അൽബൻ ഡി മ്യൂൾ പരിശീലിപ്പിക്കുന്നു. ഫലേഹ് ബുഗെനൈമാണ് ജോക്കി. ലിബിയയിൽനിന്ന് മൂന്ന് കുതിരകളും മത്സരത്തിനുണ്ട്. ഗസാൻ ഡു സൊലൈൽ, ആർട്ടിക് ഡി ടെസെ, മഹ്ദി ഡു ബ്രൂയിൽ എന്നിവയാണ് ലിബിയൻ കുതിരകൾ. അഗർ അൽ ഖാലിദിയ, ഹയാൻ അൽ ഖാലിദിയ, സ്റ്റെഫാനോസ്, അമ്മാസ് എന്നിവ ഉൾപ്പെടെയുള്ള കുതിരകളും പോളണ്ട് മത്സരത്തിൽ പങ്കെടുക്കും.
അറേബ്യൻ കുതിരയോട്ട മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും ഉടമകൾക്കും കുതിര വളർത്തുന്നവർക്കും രാജ്യാന്തര മത്സരങ്ങളിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ പ്രസിഡന്റ്സ് കപ്പ് സംഘടിപ്പിക്കുന്നത്. യൂറോപ്യൻ പര്യടനത്തിന്റെ സമാപനം കപ്പിന്റെ അന്താരാഷ്ട്ര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ മറ്റൊരു സുപ്രധാന ചുവടുവയ്പാണെന്ന് യുഎഇ പ്രസിഡന്റ്സ് കപ്പ് ഉന്നത സംഘാടക സമിതി ചെയർമാൻ മാതർ സുഹൈൽ അൽ യബ്ഹൂനി അൽ ദാഹിരി പറഞ്ഞു.
