ദുബായ്,സെപ്റ്റംബർ 26,2026 : ദുബായിലെ റോഡുകളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് ഒക്ടോബർ 1 മുതൽ നിയന്ത്രണം ഏർപ്പെടുത്തും. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് പൊലീസും ചേർന്നാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. എമിറേറ്റ്സ് റോഡിനെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും റോഡ് സുരക്ഷ വർധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. ചരക്ക് നീക്കത്തെയും ലോജിസ്റ്റിക് മേഖലയെയും ബാധിക്കാത്ത തരത്തിലാണ് നിയന്ത്രണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധ റോഡുകളിൽ ഗതാഗതത്തിരക്കിന് അനുസരിച്ച് നിയന്ത്രണ സമയത്തിലും വ്യത്യാസമുണ്ടാകും. അൽ ഖുദ്റ സ്ട്രീറ്റ്, അൽ മൈദാൻ സ്ട്രീറ്റ്, എല്ലാ ക്രോസിങ്ങുകളും എയർപോർട്ട് ടണലും 24 മണിക്കൂർ ട്രക്ക് നിയന്ത്രണമുള്ള മേഖലകളാണ്. ഷെയ്ഖ് സായിദ് റോഡ്, ബെയ്റൂട്ട് സ്ട്രീറ്റ് എന്നിവയിലും അൽ മിസ്ഹർ, മുഹൈസിന, ഔദ് അൽ മുത്തീന തുടങ്ങിയ താമസമേഖലകളിലും രാവിലെ 6 മുതൽ രാത്രി 10 വരെ, ദിവസവും 16 മണിക്കൂർ ട്രക്ക് സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകും. എയർപോർട്ട് സ്ട്രീറ്റ്, ഒമാൻ സ്ട്രീറ്റ്, ഡമാസ്കസ് സ്ട്രീറ്റ് തുടങ്ങിയ നഗര റോഡുകളിൽ മൂന്ന് തിരക്കേറിയ സമയങ്ങളിലാണ് നിയന്ത്രണം. രാവിലെ 6.30 മുതൽ 8.30 വരെ, ഉച്ചയ്ക്ക് 1 മുതൽ 3 വരെ, വൈകിട്ട് 5.30 മുതൽ രാത്രി 8 വരെ ട്രക്കുകൾക്ക് നിയന്ത്രണമുണ്ടാകും.
നിയന്ത്രണ സമയത്ത് ട്രക്ക് ഡ്രൈവർമാർ അനുവദിച്ചിട്ടുള്ള ബദൽ റോഡുകൾ ഉപയോഗിക്കുകയോ നിർദേശിച്ച ട്രക്ക് വിശ്രമകേന്ദ്രങ്ങളിലേക്ക് മാറുകയോ ചെയ്യണമെന്ന് ആർടിഎ നിർദേശിച്ചു. പ്രധാന റോഡുകളിലും താമസമേഖലകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും ട്രക്കുകൾ പാർക്ക് ചെയ്യരുതെന്നും നിർദേശമുണ്ട്. ട്രക്ക് ഡ്രൈവർമാർക്കും ഗതാഗത, ചരക്ക് കമ്പനികൾക്കും വാഹന ഉടമകൾക്കും പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് വിശദമായ ബോധവൽക്കരണ പ്രചാരണം ആർടിഎയും ദുബായ് പൊലീസും ചേർന്ന് നടത്തും. ട്രക്കുകൾക്ക് നിയന്ത്രണ സമയത്ത് സുരക്ഷിതമായി കാത്തിരിക്കാനായി വിശ്രമകേന്ദ്രങ്ങളുടെ ശൃംഖലയും ആർടിഎ വിപുലീകരിക്കുന്നുണ്ട്. ആറ് പ്രധാന കേന്ദ്രങ്ങളിലായി ആസൂത്രണം ചെയ്ത 16 വിശ്രമകേന്ദ്രങ്ങളിൽ 14 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി. ഇവയിൽ ഏഴ് കേന്ദ്രങ്ങളിലായി 364 പാർക്കിങ് ഇടങ്ങൾ കൂടി ഒരുക്കിയിട്ടുണ്ട്. ഇതോടെ ആകെ ട്രക്ക് പാർക്കിങ് ഇടങ്ങളുടെ എണ്ണം 1,007 ആയി, 50 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. സ്വകാര്യ മേഖലയുമായി സഹകരിച്ച് നാല് സ്ഥിരം വിശ്രമകേന്ദ്രങ്ങൾ കൂടി ഒരുക്കാനും ആർടിഎ പദ്ധതിയിടുന്നു.
ദുബായിൽ പ്രതിദിനം ഏകദേശം 4 ലക്ഷം ട്രക്ക് യാത്രകൾ നടക്കുന്നുണ്ട്. പ്രതിമാസം 1.5 ലക്ഷത്തിലേറെ ട്രക്കുകൾ വിശ്രമകേന്ദ്രങ്ങൾ ഉപയോഗിക്കുന്നതായും ആർടിഎ അറിയിച്ചു. വിശ്രമകേന്ദ്രങ്ങളിൽ താമസ സൗകര്യം, പ്രാർഥനാ മുറികൾ, റസ്റ്ററന്റുകൾ, കടകൾ, ഇന്ധന സ്റ്റേഷനുകൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. നിയന്ത്രണ സമയത്ത് ട്രക്ക് ഓടിക്കേണ്ടത് അനിവാര്യമായ സ്ഥാപനങ്ങൾ ആർടിഎ വെബ്സൈറ്റ് വഴി നിരോധിത സമയത്തും റോഡുകളിലും ഹെവി വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള അനുമതി നേടണം. അനുമതിയില്ലാതെ നിയന്ത്രണം ലംഘിച്ചാൽ ഗതാഗത നിയമനടപടികൾ നേരിടേണ്ടിവരും.
