ദുബായ്,ഒക്ടോബർ 21,2026 : മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ സന്ദർശകരുടെ അനുഭവം കൂടുതൽ ആകർഷകമാക്കുന്നതിനായി ‘ഫ്യൂച്ചർ പെർഫെക്റ്റ്സ്’ എന്ന പുതിയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭാവിയിലെ മ്യൂസിയം അനുഭവങ്ങൾക്ക് മനുഷ്യസ്പർശം നൽകാൻ കഴിയുന്ന പ്രതിഭകളെ കണ്ടെത്തുകയാണ് ഈ വ്യത്യസ്തമായ നിയമന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഭാവനാശേഷി, ജിജ്ഞാസ, വൈകാരിക ബുദ്ധി, മികച്ച ആശയവിനിമയ ശേഷി, സാഹചര്യങ്ങൾക്കനുസരിച്ച് മാറാനുള്ള കഴിവ് എന്നിവയുള്ളവരെയാണ് മ്യൂസിയം തേടുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർ മുഴുവൻസമയ ജീവനക്കാരായി മ്യൂസിയത്തിന്റെ സന്ദർശക അനുഭവ വിഭാഗത്തിൽ പ്രവർത്തിക്കും. 2027ൽ മ്യൂസിയം വീണ്ടും തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് പുതിയ നിയമനം. സാധാരണ ജോലിക്കുള്ള അപേക്ഷകളിൽനിന്ന് വ്യത്യസ്തമായി, ഉദ്യോഗാർഥികളുടെ ബയോഡാറ്റയിൽ മാത്രം ഒതുങ്ങാത്ത കഴിവുകൾ നേരിട്ട് വിലയിരുത്തുന്നതാണ് തിരഞ്ഞെടുപ്പ് രീതി. തത്സമയ പരീക്ഷണങ്ങളിലൂടെ കഴിവുകൾ തെളിയിക്കുന്നവരിൽനിന്ന് ചുരുക്കപ്പട്ടിക തയ്യാറാക്കുകയും വിദഗ്ധ സമിതിക്ക് മുന്നിലുള്ള അന്തിമ ഓഡിഷനിലൂടെ മികച്ചവരെ തിരഞ്ഞെടുക്കുകയും ചെയ്യും. സന്ദർശകർക്ക് സ്വാഗതാർഹമായ അനുഭവം നൽകുക, അവരുടെ ജിജ്ഞാസ ഉണർത്തുക, സങ്കീർണമായ ആശയങ്ങൾ ലളിതവും ആകർഷകവുമായ സംഭാഷണങ്ങളിലൂടെ അവതരിപ്പിക്കുക എന്നിവയാണ് ‘ഫ്യൂച്ചർ പെർഫെക്റ്റ്സി’ന്റെ പ്രധാന ചുമതലകൾ. വ്യത്യസ്ത പ്രായക്കാർക്കും സംസ്കാരങ്ങളിൽ നിന്നുള്ളവർക്കും മനസ്സിലാകുന്ന രീതിയിൽ ശാസ്ത്രം, സാങ്കേതികവിദ്യ, പ്രകൃതി, സമൂഹം, ഭാവി തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കാനും കഴിയണം.
നല്ല ആശയവിനിമയശേഷിയുള്ളവർ, ശ്രദ്ധയോടെ മറ്റുള്ളവരെ കേൾക്കുന്നവർ, അപ്രതീക്ഷിത സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോടെ പരിഹാരം കണ്ടെത്തുന്നവർ എന്നിവർക്കാണ് മുൻഗണന. മ്യൂസിയത്തിലോ ഉപഭോക്തൃ സേവന മേഖലയിലോ മുൻപരിചയം നിർബന്ധമില്ല.
നവംബർ 2026 മുതൽ മുഴുവൻസമയ ജോലിയിൽ പ്രവേശിക്കുന്നവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സന്ദർശകരുമായി ഇടപഴകും. ഭാവിയെക്കുറിച്ചുള്ള ആശയങ്ങളെ വ്യക്തിപരമായ അനുഭവങ്ങളോടും ജീവിതവുമായി ബന്ധപ്പെട്ട സംഭാഷണങ്ങളോടും ചേർത്തുനിർത്തുകയാണ് ഇവരുടെ ജോലി. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അസ്സ അൽ നുഐമി പറഞ്ഞു, സാധ്യതകൾ മറ്റുള്ളവർ തിരിച്ചറിയുന്നതിന് മുമ്പേ കണ്ടെത്തുകയും ആശയങ്ങളെയും അഭിലാഷങ്ങളെയും യാഥാർഥ്യമാക്കാൻ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തതാണ് ദുബായുടെ ആഗോള വളർച്ചയ്ക്ക് പിന്നിലെ ശക്തി. ഭാവി എങ്ങനെയായിരിക്കുമെന്നു മാത്രം ചോദിക്കാതെ, അതിനെ രൂപപ്പെടുത്തുന്നത് ആരാണെന്നും ഓരോ വ്യക്തിക്കും അതിൽ എന്ത് പങ്കാണുള്ളതെന്നും അന്വേഷിക്കുന്നതാണ് മ്യൂസിയത്തിന്റെ കാഴ്ചപ്പാടെന്നും അവർ വ്യക്തമാക്കി. സാങ്കേതികവിദ്യ പുതിയ സാധ്യതകൾ തുറക്കുമ്പോഴും മനുഷ്യന്റെ ജിജ്ഞാസയും ഭാവനയും പരസ്പരബന്ധങ്ങളും നിർണായകമാണെന്നും ഈ ഗുണങ്ങളെ ബിരുദം, പദവി, തൊഴിൽപരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രം അളക്കാനാകില്ലെന്നും അസ്സ അൽ നുഐമി കൂട്ടിച്ചേർത്തു. പരമ്പരാഗത തൊഴിൽപാതകളിൽനിന്ന് വ്യത്യസ്തമായി കഴിവുള്ളവരെ കണ്ടെത്തുന്നതിലുള്ള ദുബായുടെ വിശ്വാസമാണ് ഈ പദ്ധതിയിലൂടെ പ്രതിഫലിക്കുന്നതെന്നും അവർ പറഞ്ഞു.
അപേക്ഷിക്കേണ്ട അവസാന തീയതി 2026 നവംബർ 8 ആണ്. മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ വഴി അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചശേഷം തത്സമയ കഴിവ് വിലയിരുത്തൽ, ചുരുക്കപ്പട്ടിക തയ്യാറാക്കൽ, അന്തിമ ഓഡിഷൻ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കുക. ആശയവിനിമയശേഷി, സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ്, പെട്ടെന്ന് ചിന്തിച്ച് പ്രതികരിക്കാനുള്ള മികവ്, മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാനുള്ള കഴിവ് എന്നിവ വിലയിരുത്തും. അനുയോജ്യരായവരെ നിർദേശിക്കാൻ പൊതുജനങ്ങൾക്കും മ്യൂസിയത്തിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലൂടെ അവസരമുണ്ട്.
2022ൽ തുറന്ന മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 ലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചിട്ടുണ്ട്. 180ലധികം രാജ്യക്കാരാണ് മ്യൂസിയം സന്ദർശിച്ചത്.
