ദുബായ്,ഒക്ടോബർ 12,2026 : ദുബായ് അറേബ്യൻ ഹോഴ്സ് സ്റ്റഡിൽ നടന്ന അറേബ്യൻ കുതിര ലേലത്തിൽ റെക്കോർഡ് വിൽപ്പന. ആകെ 17.361 മില്യൺ ദിർഹം വിലമതിക്കുന്ന കുതിരകളാണ് ലേലത്തിൽ വിറ്റുപോയത്. യു.എ.ഇ, ഗൾഫ് രാജ്യങ്ങൾ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ശുദ്ധയിനം അറേബ്യൻ കുതിരകളുടെ ഉടമകളും ബ്രീഡർമാരും ഉൾപ്പെടെ നിരവധി പേരാണ് ലേലത്തിൽ പങ്കെടുത്തത്.
സ്റ്റഡിന്റെ ഇൻഡോർ അരീനയിൽ നേരിട്ടും ഓൺലൈനായും ലേലം സംഘടിപ്പിച്ചു. എമിറേറ്റ്സ് ലേലമാണ് നേരിട്ടുള്ള ലേലത്തിന് നേതൃത്വം നൽകിയത്. കഹീല ലേലം പ്ലാറ്റ്ഫോമിലൂടെയും ഓൺലൈൻ ലേലം നടന്നു. ദുബായ് അറേബ്യൻ ഹോഴ്സ് സ്റ്റഡ് വളർത്തിയ 55 കുതിരകളാണ് ലേലത്തിൽ ഉണ്ടായിരുന്നത്. കൂടാതെ ഫാ എൽ റഷീം, ഡി സെറാജ് എന്നീ കുതിരകളുടെ രണ്ട് പ്രത്യേക പ്രജനന അവസരങ്ങളും ലേലത്തിൽ ഉൾപ്പെടുത്തി. ലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ചത് ഡി എഷ്റ എന്ന പെൺകുതിരയ്ക്കാണ്. 2.8 മില്യൺ ദിർഹത്തിനാണ് കുതിര വിറ്റത്. തുടർന്ന് ഡി ഹനീൻ എന്ന പെൺകുതിര 2.3 മില്യൺ ദിർഹത്തിനും വിറ്റുപോയി. അറേബ്യൻ കുതിരകളോടുള്ള മേഖലയിലെ വർധിച്ചുവരുന്ന താൽപര്യവും ദുബായ് അറേബ്യൻ ഹോഴ്സ് സ്റ്റഡിന്റെ ബ്രീഡിങ് നിലവാരത്തിനുള്ള അംഗീകാരവുമാണ് റെക്കോർഡ് വിൽപ്പനയിലൂടെ വ്യക്തമാകുന്നത്.
