ഷാർജ, ഒക്ടോബർ 4, 2026: വൈദ്യുതി വിതരണ സംവിധാനത്തിന്റെ കാര്യക്ഷമതയും വിശ്വാസ്യതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2026-ന്റെ ആദ്യ പകുതിയിൽ 138 സബ്സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (SEWA). 33 കിലോവോൾട്ട് ശേഷിയുള്ള സബ്സ്റ്റേഷനുകളിലാണ് നിശ്ചിത സമയക്രമം അനുസരിച്ചുള്ള അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.
പുതിയ സബ്സ്റ്റേഷൻ പദ്ധതികൾക്കും വൈദ്യുതി ശൃംഖലയുടെ വികസനത്തിനുമായി സമർപ്പിച്ച 367 എൻജിനീയറിങ് പ്ലാനുകൾ സാങ്കേതിക മാനദണ്ഡങ്ങൾക്കനുസരിച്ച് പരിശോധിച്ച് അംഗീകാരം നൽകിയതായും അതോറിറ്റി അറിയിച്ചു.
പുതിയ ഉപഭോക്താക്കൾക്കായി സാങ്കേതിക പഠനങ്ങൾ
പുതിയ വൈദ്യുതി ഉപഭോക്താക്കൾക്കായി 25 സാങ്കേതിക പഠനങ്ങളും വൈദ്യുതി പ്രസരണ ശൃംഖലയുമായി ബന്ധപ്പെട്ട ഒമ്പത് പഠനങ്ങളും അതോറിറ്റി പൂർത്തിയാക്കി. വൈദ്യുതി വിതരണത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.
വൈദ്യുതി വിതരണത്തിന്റെ വിശ്വാസ്യത വർധിപ്പിക്കാൻ നടപടി
ഷാർജയിലെ വൈദ്യുതി ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിനും സബ്സ്റ്റേഷനുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് അറ്റകുറ്റപ്പണികളെന്ന് സേവ എനർജി ട്രാൻസ്മിഷൻ വകുപ്പ് ഡയറക്ടർ എൻജിനീയർ ഹമദ് അൽ തനീജി വ്യക്തമാക്കി.
ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് എമിറേറ്റിലുടനീളം വൈദ്യുതി പ്രസരണ, വിതരണ സബ്സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം വൈദ്യുതി ശൃംഖലയുടെ സ്ഥിരത നിലനിർത്തുന്നതിനും പ്രാധാന്യം നൽകുന്നുണ്ട്.
പ്രതിരോധ അറ്റകുറ്റപ്പണികൾക്ക് മുൻഗണന
ഷാർജയിലുടനീളമുള്ള വൈദ്യുതി സബ്സ്റ്റേഷനുകളിലും വിതരണ ട്രാൻസ്ഫോർമറുകളിലും പതിവ് പരിശോധനകളും തുടർച്ചയായ നിരീക്ഷണവും നടത്തുന്നുണ്ട്. തകരാറുകൾ ഉണ്ടാകുന്നതിന് മുമ്പുതന്നെ കണ്ടെത്തി പരിഹരിക്കുന്ന പ്രതിരോധ അറ്റകുറ്റപ്പണികൾക്കാണ് അതോറിറ്റി മുൻഗണന നൽകുന്നത്.
ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത നിലനിർത്തുന്നതിനായി ഉയർന്ന നിലവാരമുള്ള ഒറിജിനൽ സ്പെയർ പാർട്സുകളാണ് ഉപയോഗിക്കുന്നതെന്നും ഹമദ് അൽ തനീജി അറിയിച്ചു.
ലക്ഷ്യം 218 സബ്സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണി
വൈദ്യുതി പ്രസരണ, വിതരണ മേഖലകളിലായി ആകെ 218 സബ്സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികളാണ് അതോറിറ്റിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് എനർജി ട്രാൻസ്മിഷൻ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻജിനീയർ അബ്ദുല്ല അൽ കൗസ് വ്യക്തമാക്കി.
ഇതിൽ വലിയൊരു ഭാഗം ഇതിനകം പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന പ്രവർത്തനങ്ങൾ അംഗീകൃത സമയക്രമവും സുരക്ഷാ, ഗുണനിലവാര മാനദണ്ഡങ്ങളും പാലിച്ച് പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

The variety of options here is just insane. I love how everything loads so quickly without any lag. Give brwinxx a try if you want a reliable platform.