ഷാർജ,ഒക്ടോബർ 16,2026: ഒക്ടോബർ 19 മുതൽ 21 വരെ നടക്കുന്ന ആക്സസ് എബിലിറ്റീസ് എക്സ്പോ 2026ൽ തന്ത്രപ്രധാന അക്കാദമിക് പങ്കാളിയായി ഷാർജ സർവകലാശാല പങ്കെടുക്കും. ഭിന്നശേഷിക്കാർക്കായുള്ള ഈ അന്താരാഷ്ട്ര പ്രദർശനത്തിൽ, എല്ലാവരെയും ഉൾക്കൊള്ളുന്ന ഉന്നതവിദ്യാഭ്യാസത്തിനായി സർവകലാശാല നടപ്പാക്കുന്ന സേവനങ്ങളും സാങ്കേതികവിദ്യകളും വിദ്യാർഥികളുടെ അനുഭവങ്ങളും അവതരിപ്പിക്കും. സർവകലാശാലയുടെ ഡിസബിലിറ്റി റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലാണ് പങ്കാളിത്തം. പ്രവേശനം മുതൽ ബിരുദപഠനം പൂർത്തിയാക്കി തൊഴിൽരംഗത്തേക്ക് കടക്കുന്നതുവരെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് നൽകുന്ന പിന്തുണ പ്രദർശനത്തിൽ പരിചയപ്പെടുത്തും.
ഭാവിയിലെ സഹകരണം വിപുലപ്പെടുത്തുന്നതിനായി സർവകലാശാലയും എക്സ്പോയും തമ്മിൽ പങ്കാളിത്ത–സഹകരണ കരാറിലും ഒപ്പുവെക്കും. അക്കാദമികവും സാങ്കേതികവുമായ സഹായങ്ങൾ, ഭിന്നശേഷി സൗഹൃദ പഠനവിഭവങ്ങൾ, വിദ്യാർഥികളുടെ വ്യത്യസ്ത ആവശ്യങ്ങൾ പരിഗണിച്ച് തുല്യാവസരങ്ങൾ ഉറപ്പാക്കുന്ന പ്രവർത്തനരീതികൾ എന്നിവ സന്ദർശകർക്ക് അടുത്തറിയാൻ അവസരമുണ്ടാകും. വിവിധ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങൾ, വിദഗ്ധർ, ഗവേഷകർ, വ്യവസായ പങ്കാളികൾ എന്നിവരുമായി ബന്ധപ്പെടാൻ വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രദർശനം വേദിയൊരുക്കും. വിദ്യാർഥികൾക്കുള്ള പരിശീലനാവസരങ്ങളും സർവകലാശാല അവതരിപ്പിക്കും. വിദ്യാർഥികളുടെ നൂതന പദ്ധതികളും വിജയകഥകളും പ്രദർശനത്തിന്റെ ഭാഗമാകും. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പഠനയാത്രകൾക്കാണ് പ്രത്യേക പ്രാധാന്യം നൽകുക. സർവകലാശാലയിലെ ആദ്യനാളുകൾ മുതൽ ബിരുദപഠനം പൂർത്തിയാക്കുന്നതും തൊഴിൽജീവിതത്തിനായി തയ്യാറെടുക്കുന്നതും വരെയുള്ള അനുഭവങ്ങൾ ഇതിലൂടെ പങ്കുവെക്കും. എല്ലാവർക്കും പ്രാപ്യമായ പഠനവിഭവങ്ങൾ, സഹായക സാങ്കേതികവിദ്യകൾ, നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പിന്തുണാ ഉപകരണങ്ങൾ, ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാനുള്ള സൗകര്യങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് സർവകലാശാലയുടെ പ്രവർത്തനം. അക്കാദമിക, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കാൻ ബോധവത്കരണവും മാർഗനിർദേശവും നൽകുന്ന പദ്ധതികളും നടപ്പാക്കുന്നു.
വിദ്യാഭ്യാസം, നവീകരണം, ഗവേഷണം, സാമൂഹിക ഇടപെടൽ എന്നിവയിലെല്ലാം ഭിന്നശേഷി സൗഹൃദ സമീപനം ഉറപ്പാക്കുകയാണ് സർവകലാശാലയുടെ ലക്ഷ്യം. വിദ്യാർഥികളുടെ കഴിവുകളും ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റാൻ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിവിധ കോളേജുകളും പഠനവിഭാഗങ്ങളും തമ്മിലുള്ള സഹകരണവും ശക്തിപ്പെടുത്തുന്നു. ഇതിലൂടെ ഭിന്നശേഷിക്കാർ നേരിടുന്ന തടസ്സങ്ങൾക്ക് നൂതന പരിഹാരങ്ങൾ കണ്ടെത്താനും ക്യാമ്പസിന് പുറത്തുള്ള സമൂഹത്തിന്റെ ആവശ്യങ്ങൾക്കുകൂടി പിന്തുണ നൽകാനുമാണ് സർവകലാശാല ലക്ഷ്യമിടുന്നത്.
