അബുദാബി,ഒക്ടോബർ 16,2026 : അബുദാബിയിലെ സായിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ബെർലിനിലേക്ക് കോണ്ടോർ എയർലൈൻസിന്റെ പുതിയ സർവീസ് ആരംഭിച്ചു. ബെർലിൻ–അബുദാബി റൂട്ടിൽ ദിവസവും വർഷം മുഴുവൻ നേരിട്ടുള്ള വിമാന സർവീസാണ് കോണ്ടോർ ആരംഭിച്ചിരിക്കുന്നത്. ഐർബസ് A320നിയോ വിമാനമാണ് പുതിയ സർവീസിനായി ഉപയോഗിക്കുന്നത്. കോണ്ടോറിന്റെ ശൃംഖലയിൽ ബെർലിനും അബുദാബിയും തമ്മിലുള്ള ആദ്യ ഷെഡ്യൂൾ ചെയ്ത നേരിട്ടുള്ള കണക്ഷനാണിത്. കോണ്ടോറും എത്തിഹാദ് എയർവേയ്സും തമ്മിലുള്ള കോഡ്ഷെയർ പങ്കാളിത്തം യാത്രക്കാർക്ക് കൂടുതൽ കണക്ഷൻ സൗകര്യങ്ങൾ നൽകും. ബെർലിനിൽ നിന്ന് അബുദാബിയിലെത്തുന്ന യാത്രക്കാർക്ക് എത്തിഹാദിന്റെ ശൃംഖലയിലൂടെ ഏഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിലേക്ക് തുടർയാത്ര നടത്താം. അതേസമയം അബുദാബിയിൽ നിന്നുള്ള യാത്രക്കാർക്ക് ബെർലിൻ വഴി കോണ്ടോറിന്റെ മറ്റ് സർവീസുകളിലേക്കും കണക്റ്റ് ചെയ്യാം.
പുതിയ സർവീസ് അബുദാബിയുടെ ടൂറിസം മേഖലയ്ക്കും കൂടുതൽ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ജർമനിയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് അബുദാബിയിലെ സാംസ്കാരിക, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്താൻ ഇതിലൂടെ സാധിക്കും. കൂടാതെ അബുദാബിയും ബെർലിനും തമ്മിലുള്ള ബിസിനസ്, വ്യാപാര ബന്ധങ്ങളും ജനങ്ങളുടെ യാത്രയും കൂടുതൽ ശക്തമാക്കാനും സർവീസ് സഹായിക്കും. ജർമനി അബുദാബിക്ക് പ്രധാനപ്പെട്ട ടൂറിസം വിപണികളിലൊന്നാണെന്നും ബെർലിനിൽ നിന്നുള്ള നേരിട്ടുള്ള സർവീസ് ജർമൻ വിപണിയിൽ അബുദാബിയുടെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുമെന്നും അബുദാബി ടൂറിസം അധികൃതർ വ്യക്തമാക്കി. പുതിയ റൂട്ടോടെ ജർമനിയിലെ എത്തിഹാദിന്റെ പ്രവർത്തനങ്ങളും കൂടുതൽ ശക്തമാകും. നിലവിൽ ജർമനിയിൽ എത്തിഹാദിന് ആഴ്ചയിൽ 35 വിമാന സർവീസുകളുണ്ട്. ഫ്രാങ്ക്ഫർട്ട്–അബുദാബി സർവീസിന് പുറമെ, കോണ്ടോറുമായുള്ള പങ്കാളിത്തം വികസിക്കുന്നതനുസരിച്ച് കൂടുതൽ പ്രതിവാര സർവീസുകളും പദ്ധതിയിലുണ്ട്.
