- 20-ാം വാര്‍ഷികത്തിലെ പുത്തന്‍ ചുവടുവെപ്പ്
- പുതിയ ഓഫീസ് ഗര്‍ഹൂദ് ബിസിനസ് സെന്ററില്‍

ദുബായ്, യു.എ.ഇ. -ജൂണ്‍ 15: ഗള്‍ഫ് കേന്ദ്രമായുള്ള പ്രമുഖ ബഹുരാഷ്ട്ര കോണ്‍ഗ്ലമറേറ്റ് ആയ ട്രസ് ഹോള്‍ഡിങ് ഗ്രൂപ്പ് ദുബായില്‍ പുതിയ കോര്‍പറേറ്റ് ആസ്ഥാനം തുറന്നു. ഗര്‍ഹൂദ് ബിസിനസ് സെന്ററിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഓഫീസ് പ്രവര്‍ത്തമാരംഭിച്ചത്. ഗ്രൂപ്പിന്റെ ഇരുപതാം വാര്‍ഷിക വേളയില്‍ സ്ഥാപിതമായ കോര്‍പറേറ്റ് ഓഫീസ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യൂണിലിവര്‍ അറേബ്യയുടെ മുന്‍ മേധാവി ഖലീല്‍ യാസീന്‍ മുഖ്യാതിഥിയായിരുന്നു.
ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സമീര്‍ പറവട്ടി, ഗ്രൂപ്പ് പ്രസിഡന്റ് ഫഹദ് ബിന്‍ സഊദ് അല്‍ തൈജ്റി, ഗ്രൂപ്പ് ഡയറക്ടര്‍ അലി മുഹമ്മദ് സിദ്ധീഖ് അല്‍ സംതി എന്നിവര്‍ സന്നിഹിതരായിരുന്നു.
സൗദി അറേബ്യയിലെ ജിദ്ദയില്‍ 2006-ല്‍ ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സിന്റെ മൊത്ത വിതരണക്കാരായി പ്രവര്‍ത്തനമാരംഭിച്ച ട്രസ് ഹോള്‍ഡിങ് കഴിഞ്ഞ 20 വര്‍ഷത്തിനിടെയാണ് അഞ്ച് വ്യത്യസ്ത ബിസിനസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്ലമറേറ്റ് ആയി വളര്‍ന്നത്. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുമടക്കമുള്ള ഏഴ് രാജ്യങ്ങളിലായി 12 കമ്പനികളാണ് ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ബില്ല്യന്‍ യു.എസ്. ഡോളറാണ് വാര്‍ഷിക വരുമാനം. നിലവില്‍ ആയിരത്തിലധികം ബ്രാന്‍ഡുകളുടെ പോര്‍ട്ഫോളിയോ ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നുണ്ട്; അയ്യായിരത്തില്പരം ബിസിനസ് സ്ഥാപനങ്ങള്‍ (ബിസിനസ് ടു ബിസിനസ്) ഉപഭോക്താക്കളായുണ്ട്. ദശലക്ഷം ചതുരശ്രയടിയിലുള്ള വിശാലമായ വെയര്‍ ഹൗസ് സൗകര്യവും ഇരുനൂറില്പരം വാഹനങ്ങളുമാണ് ഗ്രൂപ്പിന്റെ സുശക്തമായ വിതരണ ശൃംഖലയെ സജീവമാക്കുന്നത്.
20-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യാനായി എന്നത് ട്രസ് ഹോള്‍ഡിങ് ഗ്രൂപ്പിന്റെ സുപ്രധാന നേട്ടങ്ങളിലൊന്നാണെന്ന് എം.ഡി. സമീര്‍ പറവട്ടി ചൂണ്ടിക്കാട്ടി. ‘ഗ്രൂപ്പിന്റെ വളര്‍ച്ചാഘട്ടത്തിലെ നാഴികക്കല്ലാണിത്. വികസന കുതിപ്പിന്റെയും ബിസിനസ് മികവിന്റെയും 20 വര്‍ഷങ്ങളാണ് ഞങ്ങളിപ്പോള്‍ ആഘോഷിക്കുന്നത്. ഏഴ് രാജ്യങ്ങളിലായുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും 12 സ്പെഷ്യലൈസ്ഡ് കമ്പനികളെ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്ന വേളയില്‍ ദുബായിലെ പുതിയ ആസ്ഥാനം ഏറെ സൗകര്യപ്രദമാകും. ഗ്രൂപ്പിന്റെ നേതൃത്വവും കോര്‍പറേറ്റ് സ്ട്രാറ്റജിയും ഒരിടത്ത് കേന്ദ്രീകൃതമാകുന്നതോടെ പ്രാദേശിക പങ്കാളിത്തം ശക്തിപ്പെടുത്താനും ലോജിസ്റ്റിക്സ് ശൃംഖല പരമാവധി മെച്ചപ്പെടുത്താനും സാധിക്കും. രാജ്യാതിര്‍ത്തി കടന്നുള്ള സഹകരണത്തിനും സാങ്കേതിക മുന്നേറ്റത്തിനും സുസ്ഥിര വികസനത്തിനുമുള്ള ആസ്ഥാനകേന്ദ്രമായത് മാറും’- അദ്ദേഹം പറഞ്ഞു.
വാണിജ്യം, വിതരണം, അന്താരാഷ്ട്ര വാണിജ്യം, ഇന്‍ഹൗസ് ബ്രാന്‍ഡ്സ്, ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ എന്നിങ്ങനെ അഞ്ച് മേഖലകളിലായാണ് ട്രസ് ഹോള്‍ഡിങ് ഗ്രൂപ്പ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. മൊത്ത വിതരണ, അന്താരാഷ്ട്ര വാണിജ്യ ഡിവിഷനുകള്‍ ഗള്‍ഫിലുടനീളം വ്യാപിപ്പിച്ചുകൊണ്ടാണിത് സാധ്യമാക്കിയത്. യു.എ.ഇ., സൗദി എന്നിവ കേന്ദ്രീകരിച്ചുള്ള വിതരണ ശൃംഖലയുടെ തുടര്‍ച്ചയായ വ്യാപനം ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. പുതിയ കോര്‍പറേറ്റ് ആസ്ഥാനം ഗ്രൂപ്പിന്റെ നേതൃത്വത്തെയും പ്രവര്‍ത്തനങ്ങളെയും ഒരു കുടക്കീഴിലേക്ക് കൊണ്ടുവരുമെന്നും ഈ രംഗത്തെ ഗ്ലോബല്‍ ലീഡറെന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് ഇത് ആക്കംകൂട്ടുമെന്നുമാണ് പ്രതീക്ഷ.