ഷാർജ, ഓഗസ്റ്റ് 28 2026 : ഷാർജയിലെ വിവിധ മേഖലകളിൽ പ്രകൃതി വാതക ശൃംഖല വിപുലീകരിക്കാനും നവീകരിക്കാനും 7.1 മില്യൺ ദിർഹത്തിന്റെ പദ്ധതികളുമായി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (SEWA).
വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മികച്ച സേവനം ഉറപ്പാക്കുകയുമാണ് പദ്ധതികളുടെ ലക്ഷ്യം.
അൽ ഹമ ഗ്യാസ് ട്രാൻസ്മിഷൻ ലൈൻ പദ്ധതിയാണ് ഇതിൽ ഏറ്റവും പ്രധാനം.
3.3 മില്യൺ ദിർഹം ചെലവിൽ 9,343 മീറ്റർ നീളത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവിൽ 90 ശതമാനം പൂർത്തിയായ പദ്ധതി 2026 സെപ്റ്റംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം.
അൽ മുവർദ 6 മേഖലയിൽ 843,244 ദിർഹം ചെലവിൽ 10 കിലോമീറ്റർ നീളമുള്ള പ്രകൃതി വാതക ശൃംഖല വികസിപ്പിക്കുന്നുണ്ട്.
20 ശതമാനം പൂർത്തിയായ പദ്ധതി 2027 മാർച്ചോടെ പൂർത്തിയാക്കും.
അൽ ബദിയ മേഖലയിൽ 1.16 മില്യൺ ദിർഹം ചെലവിൽ 8.9 കിലോമീറ്റർ നീളമുള്ള വാതക ശൃംഖലയുടെ നിർമാണവും പുരോഗമിക്കുകയാണ്. 25 ശതമാനം പൂർത്തിയായ പദ്ധതി 2027 മാർച്ചോടെ പൂർത്തിയാക്കും.
ഇതിന് പുറമെ അൽ ഖുതൈന 3 മേഖലയിൽ 1.80 മില്യൺ ദിർഹം ചെലവിൽ 18.4 കിലോമീറ്റർ നീളമുള്ള പുതിയ ഗ്യാസ് ശൃംഖല വികസിപ്പിക്കും. ആവശ്യമായ അനുമതികൾ നേടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതി 2027 ജൂലൈയോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം. പ്രകൃതി വാതക ശൃംഖല സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യകളും മികച്ച അന്താരാഷ്ട്ര രീതികളും സേവാ ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഷാർജയിൽ പ്രകൃതി വാതക സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെയും സുസ്ഥിരവും ഗുണമേന്മയുള്ളതുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ പദ്ധതികൾ.
