ദുബായ്,സെപ്റ്റംബർ 14,2026 : സാമ്പത്തിക ഭരണനിർവഹണത്തിലും വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിലും മികച്ച നേട്ടവുമായി ദുബായ് പൊലീസ്. സർക്കാർ അംഗീകരിച്ച ബജറ്റിനോടുള്ള 99.6 ശതമാനം പാലനം ദുബായ് പൊലീസിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻസ് കൈവരിച്ചു. വിഭവങ്ങളുടെ യുക്തിസഹമായ വിനിയോഗത്തിലും വിഭാഗം ലക്ഷ്യം മറികടന്നു. 12 ശതമാനമായിരുന്നു നിശ്ചയിച്ചിരുന്ന റിസോഴ്സ് റാഷണലൈസേഷൻ ലക്ഷ്യം. എന്നാൽ 13.9 ശതമാനം നേട്ടമാണ് കൈവരിച്ചത്. സാമ്പത്തിക ഇടപാടുകൾ കൂടുതൽ ഡിജിറ്റൽമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ക്യാഷ്ലെസ് ട്രാൻസ്ഫർമേഷനും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. 95.57 ശതമാനമാണ് ക്യാഷ്ലെസ് ട്രാൻസ്ഫർമേഷൻ നിരക്ക്. ദുബായ് പൊലീസിന്റെ കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻസിന്റെ വാർഷിക പരിശോധനയ്ക്കിടെ പ്രകടന സൂചികകളും നേട്ടങ്ങളും വികസന പദ്ധതികളും വിലയിരുത്തി.
2025ലെ വകുപ്പിന്റെ പ്രധാന നേട്ടങ്ങൾ, പ്രത്യേക സാമ്പത്തിക തന്ത്രം, ദുബായ് പൊലീസിന്റെ തന്ത്രപരമായ ദിശയുമായും ദുബായ് സർക്കാരിന്റെ ആവശ്യകതകളുമായുള്ള ഏകോപനം എന്നിവയും പരിശോധനയിൽ വിലയിരുത്തി. സാമ്പത്തിക നടപടിക്രമങ്ങളിലും പ്രവർത്തനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികളും പരിശോധനയുടെ ഭാഗമായി അവലോകനം ചെയ്തു. സ്മാർട്ട് സാങ്കേതികവിദ്യകളിലൂടെ പ്രവർത്തനരീതികൾ മെച്ചപ്പെടുത്തുക, നടപടിക്രമങ്ങൾ വേഗത്തിലാക്കുക, തീരുമാനമെടുക്കൽ കൂടുതൽ കാര്യക്ഷമമാക്കുക, കൃത്യതയും പ്രവർത്തനക്ഷമതയും ഉയർത്തുക എന്നിവയാണ് ലക്ഷ്യം. നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ദുബായ് പൊലീസ് ഫിനാൻസ് വിഭാഗം നേട്ടം കൈവരിച്ചു. 2025ൽ ആറ് ബൗദ്ധിക സൃഷ്ടികൾ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. ജീവനക്കാരിൽ നൂതന സാമ്പത്തിക ആശയങ്ങളും പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നേട്ടം. സർക്കാർ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിലും തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും സാമ്പത്തിക മേഖലയ്ക്ക് നിർണായക പങ്കുണ്ടെന്ന് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു.
ദുബായ് സർക്കാർ നിർദേശങ്ങൾക്കനുസരിച്ച് സാമ്പത്തിക പ്രകടനം കൂടുതൽ മെച്ചപ്പെടുത്തണമെന്നും വിഭവങ്ങളുടെ സുസ്ഥിരമായ മാനേജ്മെന്റ് ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ചെലവഴിക്കുന്ന ഓരോ വിഭവത്തിനും പരമാവധി മൂല്യം ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക സംവിധാനങ്ങളുടെ വികസനം തുടരുന്നതിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും ഉപയോഗം കൂടുതൽ വ്യാപിപ്പിക്കാനും അദ്ദേഹം നിർദേശം നൽകി. ഭാവിയിലെ വെല്ലുവിളികൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് അവയെ വികസനത്തിനും തുടർച്ചയായ മെച്ചപ്പെടുത്തലിനുമുള്ള അവസരങ്ങളാക്കി മാറ്റണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വിവിധ വകുപ്പുകളും മേഖലകളും തമ്മിലുള്ള ഏകോപനവും കൂട്ടായ പ്രവർത്തനവും ശക്തിപ്പെടുത്തണമെന്നും ദുബായ് പൊലീസിന്റെ സ്ഥാപനപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധനയുടെ സമാപനത്തിൽ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻസിലെ ജീവനക്കാരുടെ പ്രവർത്തനങ്ങളെയും കൈവരിച്ച നേട്ടങ്ങളെയും ലെഫ്റ്റനന്റ് ജനറൽ അൽ മർറി അഭിനന്ദിച്ചു. സാമ്പത്തിക പ്രകടനം കൂടുതൽ ശക്തിപ്പെടുത്തുന്ന നൂതനവും സ്മാർട്ടുമായ പരിഹാരങ്ങൾ സ്വീകരിച്ച് ഭാവിക്കായി കൂടുതൽ സജ്ജരാകണമെന്നും അദ്ദേഹം നിർദേശിച്ചു.
