ദുബായ്,സെപ്റ്റംബർ 12,2026 : സ്വർണമെഡലുകളും റെക്കോർഡുകളും ചരിത്രനേട്ടങ്ങളുമായി ലോക കായികവേദിയിൽ യുഎഇ വനിതകളുടെ തിളക്കമാർന്ന മുന്നേറ്റം. മികച്ച പരിശീലനവും മത്സര അവസരങ്ങളും ഒരുക്കുന്ന രാജ്യത്തിന്റെ ശാക്തീകരണ പദ്ധതികളുടെ പിന്തുണയിലാണ് വനിതാ താരങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കുന്നത്. ജിയു-ജിറ്റ്സുവിൽ 2026ലെ ലോക ചാംപ്യൻഷിപ്പിൽ അസ്മ അൽ ഹൊസാനി, ബൽഖീസ് അൽ ഹാഷ്മി, ഷമ്മ അൽ കൽബാനി എന്നിവർ സ്വർണം നേടി. ഏഷ്യൻ യുവ, ജൂനിയർ ചാംപ്യൻഷിപ്പിലും യുഎഇ താരങ്ങൾ സ്വർണം നേടി.
19കാരിയായ ഫാത്തിമ അൽ അവാധി 7,134 മീറ്റർ ഉയരമുള്ള കിർഗിസ്ഥാനിലെ ലെനിൻ കൊടുമുടി കീഴടക്കി ചരിത്രം കുറിച്ചു. 7,000 മീറ്ററിന് മുകളിലുള്ള ഉയരം കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അറബ് വനിതയായാണ് ഫാത്തിമ മാറിയത്. കൊടുമുടിയിലെത്തുന്ന ആദ്യ എമിറാത്തിയും ഫാത്തിമയാണ്. ജൂഡോയിൽ ബഷിറത് ഖറൗദി ഇസ്ലാമിക് സോളിഡാരിറ്റി ഗെയിംസിൽ യുഎഇയ്ക്കായി ആദ്യ സ്വർണം നേടി. അത്ലറ്റിക്സിൽ മറിയം കരീം ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ നാലാം സ്ഥാനത്തെത്തി. സൽമ അൽ മർറി ഹാമർ ത്രോയിൽ പുതിയ ദേശീയ ജൂനിയർ റെക്കോർഡും സ്ഥാപിച്ചു.
തായ്ക്വാൻഡോയിൽ അമ്ന അൽ ലൊഗാനി ജിസിസി ഗെയിംസിൽ സ്വർണം നേടി. ചെസ്സിൽ റൗദ അൽ സെർകൽ ആദ്യ എമിറാത്തി വനിതാ ഗ്രാൻഡ്മാസ്റ്ററായി. പവർബോട്ട് റേസിങ്ങിൽ ആലിയ അബ്ദുൽ സലാം പുതിയ ഫോർമുല 4 വേഗ റെക്കോർഡും സ്ഥാപിച്ചു. വനിതാ കായികതാരങ്ങൾക്ക് നൽകുന്ന പിന്തുണയും പരിശീലനവും കൂടുതൽ ശക്തമാക്കുന്നതിലൂടെ ലോകതലത്തിൽ യുഎഇ വനിതകളുടെ സാന്നിധ്യം ഉയരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
