ദുബായ്,ഒക്ടോബർ 28,2026 : ഹത്തയുടെ ചരിത്രവും പുരാവസ്തു പ്രാധാന്യവും കൂടുതൽ ആഴത്തിൽ പഠിക്കുന്നതിനായി ‘സുഹൈല കൾച്ചറൽ ലാൻഡ്സ്കേപ്പ് – ഹത്ത’യെ കേന്ദ്രീകരിച്ച് ശാസ്ത്രീയ ശിൽപശാല സംഘടിപ്പിച്ച് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി. ഒക്ടോബർ 27, 28 തീയതികളിൽ ഹത്തയിൽ നടക്കുന്ന പരിപാടിയിൽ പുരാവസ്തു വിദഗ്ധർ, ഗവേഷകർ, പൈതൃക പരിപാലന വിദഗ്ധർ എന്നിവർ പങ്കെടുക്കുന്നു.
സമീപകാല പഠനങ്ങളിലെയും ഉത്ഖനനങ്ങളിലെയും കണ്ടെത്തലുകൾ വിലയിരുത്തുന്നതിനൊപ്പം പൈതൃക സംരക്ഷണം, പരിപാലനം, രേഖപ്പെടുത്തൽ എന്നിവയിലെ മികച്ച അന്താരാഷ്ട്ര പ്രവർത്തനരീതികളും ശിൽപശാല പരിശോധിക്കുന്നു. അന്താരാഷ്ട്ര വിദഗ്ധരുമായും അക്കാദമിക സ്ഥാപനങ്ങളുമായും സഹകരണം ശക്തിപ്പെടുത്താനും ആഗോള പൈതൃക ഭൂപടത്തിൽ ദുബായുടെ സ്ഥാനം മെച്ചപ്പെടുത്താനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പരിപാടി.
മലയോര ജീവിതവും കുടിയേറ്റ ചരിത്രവും പഠനവിഷയം സുഹൈല പൈതൃകമേഖലയുടെ ചരിത്രപരവും പാരിസ്ഥിതികവുമായ സവിശേഷതകൾ, ജനവാസരീതികൾ, മുൻകാല സമൂഹങ്ങളും മലയോര പരിസ്ഥിതിയും തമ്മിലുള്ള ബന്ധം എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ. ശാസ്ത്രീയ അറിവും അനുഭവങ്ങളും പങ്കുവെക്കുന്നതിനുള്ള ഗവേഷണവേദി രൂപപ്പെടുത്താനും പരിപാടി ലക്ഷ്യമിടുന്നു. പ്രദേശത്തിന്റെ സ്വഭാവവും സാംസ്കാരിക പ്രാധാന്യവും പ്രതിഫലിപ്പിക്കുന്ന ശാസ്ത്രീയ ചട്ടക്കൂട് ഒരുക്കുക, ഗവേഷണത്തെ സംരക്ഷണ–പരിപാലന പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുക, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, പ്രാദേശിക സമൂഹം എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നിവയ്ക്കാണ് പ്രാധാന്യം. പ്രദേശത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനുമുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി അടുത്തഘട്ട പ്രവർത്തനങ്ങളും ഭാവി ഗവേഷണ മുൻഗണനകളും ചർച്ചകളിലൂടെ നിശ്ചയിക്കും. യുഎഇ സാംസ്കാരിക മന്ത്രാലയത്തിലെ കൾച്ചറൽ ഹെറിറ്റേജ് വിഭാഗം ഡയറക്ടർ ഡോ. ഫാത്തിമ അലി അൽ മഅ്മരി ഉദ്ഘാടന പ്രഭാഷണം നടത്തി. പ്രത്യേക സെഷനുകൾ, ഗവേഷണ അവതരണങ്ങൾ, പാനൽ ചർച്ചകൾ എന്നിവയും പരിപാടിയിൽ ഉൾപ്പെടുന്നു.
ദുബായുടെയും ഹത്തയുടെയും പുരാവസ്തു പശ്ചാത്തലം, ജനവാസ ചരിത്രം, മുൻകാല സമൂഹങ്ങൾ മലനിരകളും പ്രകൃതിവിഭവങ്ങളും ഉപയോഗിച്ച രീതികൾ എന്നിവ ഈ സെഷനുകൾ പരിശോധിക്കുന്നു. ദുബായ് കൾച്ചറിലെ പുരാവസ്തു വിദഗ്ധൻ ഡോ. മൻസൂർ ബുറൈക് ദുബായിലെ പുരാവസ്തു കേന്ദ്രങ്ങളെക്കുറിച്ചും ചീഫ് ആർക്കിയോളജി സ്പെഷ്യലിസ്റ്റ് ഹസൻ സെയ്ൻ സുഹൈല പൈതൃകമേഖലയെ കേന്ദ്രീകരിച്ച് ഹത്തയിലെ പുരാവസ്തു കേന്ദ്രങ്ങളെക്കുറിച്ചും അവതരണങ്ങൾ നടത്തുന്നു. ദുബായ് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അതോറിറ്റിയിലെ സീനിയർ വൈൽഡ്ലൈഫ് ഓഫീസർ അഫ്ര മഹ്മൂദ് മുഹമ്മദ് ഹത്തയുടെ മലയോര പരിസ്ഥിതിയും ചരിത്രകാലത്തെ ജനവാസവും മനുഷ്യപ്രവർത്തനങ്ങളും തമ്മിലുള്ള ബന്ധം വിശദീകരിക്കും.
അന്താരാഷ്ട്ര പൈതൃക കേന്ദ്രങ്ങളുടെ അനുഭവങ്ങളും പങ്കുവെക്കും
പൈതൃക കേന്ദ്രങ്ങളുടെ അസാധാരണ സാർവത്രിക മൂല്യം തിരിച്ചറിയുന്നതും പുരാവസ്തു കേന്ദ്രങ്ങൾ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര അനുഭവങ്ങളും പരിപാടിയിൽ അവതരിപ്പിക്കുന്നു. ഫ്രഞ്ച് നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിലെ ജെറമി ഷിയെത്കാത്ത് സൗദി അറേബ്യയിലെ അൽ ഫാവിന്റെ അനുഭവം പങ്കുവെക്കുന്നു. ചിതറിക്കിടക്കുന്ന അറിവുകളെ ഏകോപിപ്പിച്ച് ഒരു പൈതൃക കേന്ദ്രത്തിന്റെ ആഗോള പ്രാധാന്യം തിരിച്ചറിയുന്ന സമീപനമാണ് അവതരണത്തിന്റെ വിഷയം.
അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിലെ ലോക പൈതൃക കേന്ദ്രങ്ങളുടെ പരിപാലന വിഭാഗം മേധാവി അബ്ദുൽറഹ്മാൻ റാഷിദ് അൽ നുഐമി, അൽ ഐനിലെ സാംസ്കാരിക കേന്ദ്രങ്ങളുടെ അനുഭവങ്ങൾ അവതരിപ്പിക്കുന്നു. ലോക പൈതൃക പട്ടികയിൽ ഇടംനേടുന്നതുമുതൽ കേന്ദ്രങ്ങളുടെ പരിപാലനം വരെയുള്ള ഘട്ടങ്ങളാണ് ഇതിൽ പരിശോധിക്കുന്നത്. അസർബൈജാൻ സ്റ്റേറ്റ് ടൂറിസം ഏജൻസിക്ക് കീഴിലെ റിസർവ്സ് മാനേജ്മെന്റ് സെന്റർ ഡെപ്യൂട്ടി ചെയർ സദാഗത് ദാവുദോവ, ഖിനാലിഗ് ജനതയുടെ സാംസ്കാരിക ഭൂപ്രകൃതിയും കാലാവസ്ഥാനുസൃതമായി കന്നുകാലികളെ മേയിക്കാൻ കൊണ്ടുപോകുന്ന ‘കോച്ച് യോലു’ പാതയും പരിചയപ്പെടുത്തുന്നു.
ഇൻസുകോ എക്സിക്യൂട്ടീവ് ഡയറക്ടർ മാർട്ടിൻ പ്രൈസ്, സൗദി അറേബ്യയിലെയും ഉസ്ബെക്കിസ്ഥാനിലെയും അനുഭവങ്ങളെ അടിസ്ഥാനമാക്കി പൈതൃക പരിപാലനത്തിൽ ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കുന്നു.
സുഹൈലയ്ക്ക് പ്രാഥമിക പരിപാലന ചട്ടക്കൂട്
സുഹൈലയുടെ സംരക്ഷണ–പരിപാലന പദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള പ്രത്യേക സെഷനുകളും നടക്കുന്നു. ദുബായ് കൾച്ചർ ആന്റിക്വിറ്റീസ് വിഭാഗം ഡയറക്ടർ എൻജിനീയർ ബദർ മുഹമ്മദ് അൽ അലി, ആർസി ഹെറിറ്റേജിലെ ഫ്രാൻസ്വാ ക്രിസ്റ്റോഫോളി, സിമോനെ റിക്ക എന്നിവർ ചർച്ചകളിൽ പങ്കാളികളാകുന്നു. പ്രദേശത്തിനായി പ്രാഥമിക പരിപാലന ചട്ടക്കൂട് തയ്യാറാക്കുക, ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും വിഭാഗങ്ങളുടെയും ചുമതലകൾ വ്യക്തമാക്കുക, ഏകോപനം ഉറപ്പാക്കുക, ഗവേഷണ–സംരക്ഷണ മുൻഗണനകൾ നിശ്ചയിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. ശാസ്ത്രീയ, സ്ഥാപനതല, സാമൂഹിക പ്രവർത്തനങ്ങളെ ഒരുമിപ്പിച്ച് പ്രദേശവും അതിന്റെ സാംസ്കാരിക പ്രാധാന്യവും സംരക്ഷിക്കാനാണ് ശ്രമം. ദുബായുടെ ചരിത്രസ്മരണയുടെ പ്രധാന ഭാഗം
ദുബായുടെ സ്വത്വവും സാംസ്കാരിക പൈതൃകവും നിലനിർത്തുന്നതിൽ പുരാവസ്തു സംരക്ഷണത്തിന് നിർണായക പങ്കുണ്ടെന്ന് ദുബായ് കൾച്ചർ മ്യൂസിയംസ് ആൻഡ് ഹെറിറ്റേജ് വിഭാഗം സിഇഒ മുന ഫൈസൽ അൽ ഗുർഗ് പറഞ്ഞു. ചരിത്രം രേഖപ്പെടുത്തുന്നതിൽ ശാസ്ത്രീയ ഗവേഷണത്തിന്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി.
സുഹൈല പൈതൃകമേഖല ദുബായുടെ ചരിത്രസ്മരണയുടെ പ്രധാന ഭാഗമാണ്. യുഎഇയിലെ ജനങ്ങളും അവരുടെ ഭൂമിയും തമ്മിലുള്ള ദീർഘകാല ബന്ധവും വിവിധ ചരിത്രഘട്ടങ്ങളിൽ പരിസ്ഥിതിയോട് ഇണങ്ങി വിഭവങ്ങൾ ഉപയോഗിക്കാനുള്ള അവരുടെ കഴിവും ഈ പ്രദേശം പ്രതിഫലിപ്പിക്കുന്നതായി അവർ വ്യക്തമാക്കി.
ശാസ്ത്രീയവും സ്ഥാപനപരവുമായ സഹകരണം ശക്തിപ്പെടുത്താനും പ്രദേശത്തെക്കുറിച്ചുള്ള അറിവ് വിപുലപ്പെടുത്താനും സംയോജിത സംരക്ഷണ സമീപനം വികസിപ്പിക്കാനും ശിൽപശാല സഹായിക്കും. പ്രദേശത്തിന്റെ ചരിത്രപരവും മാനുഷികവുമായ പ്രാധാന്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും ഇതിലൂടെ കഴിയുമെന്ന് അവർ പറഞ്ഞു. എമിറേറ്റിലെ പുരാവസ്തു കേന്ദ്രങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താനും മുൻകാല സമൂഹങ്ങളുടെ ചരിത്രരേഖകളെന്ന നിലയിൽ അവയുടെ മൂല്യം ഭാവിതലമുറകൾക്ക് മനസ്സിലാക്കിക്കൊടുക്കാനും ദുബായ് കൾച്ചർ പ്രതിജ്ഞാബദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു. സുഹൈലയിലെ ഗവേഷണം ഹത്തയിലെ ജനവാസ ചരിത്രത്തിലേക്കും മലയോര സാഹചര്യങ്ങളോട് സമൂഹങ്ങൾ ഇണങ്ങിയ രീതികളിലേക്കും വെളിച്ചം വീശുന്നതായി എൻജിനീയർ ബദർ മുഹമ്മദ് അൽ അലി പറഞ്ഞു. ജലവും കാർഷിക വിഭവങ്ങളും കൈകാര്യം ചെയ്ത രീതികളും പഠനത്തിന്റെ ഭാഗമാണ്.
സർവേകളിലൂടെയും ഉത്ഖനനങ്ങളിലൂടെയും പ്രദേശത്തിന്റെ വളർച്ചാക്രമം മനസ്സിലാക്കാനും വാസ്തുവിദ്യാ–പാരിസ്ഥിതിക സവിശേഷതകൾ രേഖപ്പെടുത്താനും സംരക്ഷണ–പരിപാലന ആവശ്യങ്ങൾ തിരിച്ചറിയാനുമുള്ള അറിവ് ദുബായ് കൾച്ചർ ശേഖരിക്കുകയാണ്. പ്രത്യേക വൈദഗ്ധ്യമുള്ള യൂണിവേഴ്സിറ്റികളുമായും ശാസ്ത്ര സ്ഥാപനങ്ങളുമായും സഹകരിക്കുന്നത് ഗവേഷണരീതികൾ ശക്തിപ്പെടുത്തുമെന്നും അടുത്തഘട്ട പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര അനുഭവങ്ങൾ വഴികാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. സുഹൈല 1, സുഹൈല 3, ഹത്ത ഫലജ് ജലസേചന സംവിധാനം എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങളും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തിന്റെ പുരാവസ്തു സവിശേഷതകളും ചരിത്ര–പാരിസ്ഥിതിക പശ്ചാത്തലവും നേരിട്ടറിയാൻ ഇതിലൂടെ പങ്കാളികൾക്ക് അവസരം ലഭിക്കും.

I’ve tried a few sites lately but this one really stands out. The interface is smooth and the winning experience is just top notch. Definitely check out idsultanlotre if you want a reliable place to play.