ദുബായ്, നവംബർ 2, 2026 : നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും പൊതുഗതാഗത സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെ പുതിയ പദ്ധതികൾ നടപ്പാക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). ഗതാഗതക്കുരുക്ക് അഞ്ച് ശതമാനം വരെ കുറയ്ക്കാൻ ലക്ഷ്യമിടുന്ന പുതുക്കിയ AI സ്ട്രാറ്റജി ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മതാർ അൽ തായർ പുറത്തിറക്കി.
അടുത്ത രണ്ടര വർഷത്തിനുള്ളിൽ 200 AI അധിഷ്ഠിത സംവിധാനങ്ങൾ വികസിപ്പിക്കാനാണ് പദ്ധതി. ആർടിഎയുടെ 41 പ്രവർത്തന മേഖലകളെ ഉൾക്കൊള്ളുന്ന പുതിയ തന്ത്രത്തിലൂടെ പ്രതിവർഷം 30 കോടി ദിർഹത്തിലധികം അധിക മൂല്യം സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.
ഗതാഗതക്കുരുക്കും കാത്തിരിപ്പ് സമയവും കുറയ്ക്കും
പുതിയ പദ്ധതിയിലൂടെ ദുബായിലെ ഗതാഗതക്കുരുക്ക് മൂന്ന് മുതൽ അഞ്ച് ശതമാനം വരെ കുറയ്ക്കാനാണ് ആർടിഎ ലക്ഷ്യമിടുന്നത്.
ഉപഭോക്താക്കളുടെ പരാതികളും അപേക്ഷകളും പരിഹരിക്കുന്നതിനുള്ള സമയം 20 മുതൽ 30 ശതമാനം വരെയും കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിലെ കാത്തിരിപ്പ് സമയം 14 മുതൽ 16 ശതമാനം വരെയും കുറയ്ക്കാനും പദ്ധതിയുണ്ട്.
സേവനങ്ങൾ പൂർത്തിയാക്കാനുള്ള സമയം 15 മുതൽ 20 ശതമാനം വരെ കുറയ്ക്കുന്നതിനൊപ്പം പുതുതായി ലൈസൻസ് നേടിയ ഡ്രൈവർമാർ ഉൾപ്പെടുന്ന അപകടങ്ങൾ 10 മുതൽ 20 ശതമാനം വരെ കുറയ്ക്കാനും ലക്ഷ്യമിടുന്നു.
വാഹന ലൈസൻസിങ് സേവനങ്ങൾ അഞ്ച് മിനിറ്റിനുള്ളിൽ
ആർടിഎയുടെ സ്മാർട്ട് ചാറ്റ്ബോട്ടായ ‘മഹ്ബൂബ്’ കൂടുതൽ സൗകര്യങ്ങളോടെ നവീകരിക്കും. ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ മാത്രം ഒതുങ്ങാതെ വിവിധ സേവനങ്ങൾ നേരിട്ട് പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനമായാണ് ഇത് വികസിപ്പിക്കുന്നത്.
ആർടിഎ ആപ്പ്, വെബ്സൈറ്റ്, വാട്സ്ആപ്പ് എന്നിവയിലൂടെ അഞ്ച് വാഹന ലൈസൻസിങ് സേവനങ്ങൾ പൂർത്തിയാക്കാനും നൂറോളം സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാനും കഴിയും.
യുഎഇ പാസ്, ദുബായ് പേ എന്നിവയുമായി ബന്ധിപ്പിക്കുന്നതിലൂടെ വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകൾ അഞ്ച് മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നും ആർടിഎ വ്യക്തമാക്കി.
ബസ് സർവീസുകൾ മെച്ചപ്പെടുത്താനും AI
ദുബായിലെ ബസ് സർവീസുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും റൂട്ടുകൾ മെച്ചപ്പെടുത്തുന്നതിനുമായി ഏകദേശം 20 AI ഏജന്റുകളെ ഉപയോഗിക്കുന്ന പുതിയ സംവിധാനവും പദ്ധതിയുടെ ഭാഗമാണ്.
യാത്രക്കാരുടെ ആവശ്യങ്ങൾ, സർവീസുകളുടെ കാര്യക്ഷമത, നിലവിലുള്ള റൂട്ടുകളിലെ പോരായ്മകൾ എന്നിവ വിശകലനം ചെയ്ത് ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കാനാണ് സംവിധാനം ഉപയോഗിക്കുക.
ഇതിലൂടെ ബസ് സർവീസുകളിലെ മാറ്റങ്ങൾ നടപ്പാക്കാനുള്ള സമയം നിലവിലെ 60 ദിവസത്തിൽ നിന്ന് 48 ദിവസമായി കുറയ്ക്കാനും ബസുകളുടെ സമയകൃത്യത 10 ശതമാനം വരെ മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.
ആദ്യഘട്ടത്തിൽ 11 AI സംവിധാനങ്ങൾ പൂർത്തിയായി
പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിലായി 11 പ്രധാന പ്രവർത്തന മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനായി കണ്ടെത്തിയ 40 AI സംവിധാനങ്ങളിൽ 11 എണ്ണം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
വാഹന ലൈസൻസിങ്, റോഡ് പരിപാലനം, ഗതാഗത നിയന്ത്രണം, ഉപഭോക്തൃ സേവനം, ഡ്രൈവിങ് ലൈസൻസിങ്, ബസ് സർവീസുകൾ തുടങ്ങിയ മേഖലകളിലാണ് AI ഉപയോഗം വ്യാപിപ്പിക്കുന്നത്.
ലൈസൻസിങ് രേഖകൾ പരിശോധിക്കുന്നതിനും ക്രമക്കേടുകൾ കണ്ടെത്തുന്നതിനും AI ഉപയോഗിക്കും. രേഖകളുടെ പരിശോധന നിലവിലേതിനേക്കാൾ 21 മടങ്ങ് വേഗത്തിലാക്കാനും പ്രതിവർഷം 25,000ത്തിലധികം തൊഴിൽ മണിക്കൂറുകൾ ലാഭിക്കാനും ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നു.
ആർടിഎ സേവനങ്ങളിൽ വലിയ മാറ്റം
അടുത്ത രണ്ടര വർഷത്തിനുള്ളിൽ ആർടിഎയുടെ 50 ശതമാനം പ്രവർത്തനങ്ങളും സേവനങ്ങളും സ്വയം തീരുമാനങ്ങളെടുക്കാനും നടപടികൾ പൂർത്തിയാക്കാനും സഹായിക്കുന്ന ഏജന്റിക് AI സംവിധാനത്തിലേക്ക് മാറ്റാനാണ് ലക്ഷ്യം.
ആർടിഎ ജീവനക്കാർക്കിടയിൽ മൈക്രോസോഫ്റ്റ് കോപൈലറ്റിന്റെ ഉപയോഗവും വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ജോലി സമയത്തിൽ 10 ശതമാനം ലാഭം നേടാനായതായി അധികൃതർ അറിയിച്ചു.
ദുബായിലെ ജനസംഖ്യാ വർധനയ്ക്കും നഗരവികസനത്തിനും അനുസരിച്ച് ഗതാഗത സംവിധാനങ്ങളെ കൂടുതൽ സ്മാർട്ടാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യമെന്ന് മതാർ അൽ തായർ വ്യക്തമാക്കി. യാത്രക്കാർക്ക് സമയം ലാഭിക്കാനും സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും AI സാങ്കേതികവിദ്യ നിർണായക പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The app installation was a breeze and the performance is rock solid. It is so much better than playing in a browser. Get the rpvip4apk now!