ഷാർജ,നവംബർ 9,2027: കുട്ടിക്കാലം മുതൽ നാം കേട്ടും പഠിച്ചും വളർന്ന ‘കാക്കേ കാക്കേ കൂടെവിടെ’ എന്ന കവിതയ്ക്ക് പുതിയ സാമൂഹിക അർഥതലങ്ങൾ നൽകി കവി പി.കെ. ഗോപി. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയാൽ മാത്രമേ ഈ കവിതയുടെ യഥാർഥ സാരം തിരിച്ചറിയാനാകൂവെന്ന് അദ്ദേഹം പറഞ്ഞു.
45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയുടെ ഭാഗമായി ഇന്റലക്ച്വൽ ഹാളിൽ ‘കവിത ഒരു ഗാനമായി മാറുമ്പോൾ’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ വിശപ്പിനെയാണ് ഈ കവിത അവതരിപ്പിക്കുന്നതെന്ന് വരികൾ ചൊല്ലിക്കൊണ്ട് പി.കെ. ഗോപി വിശദീകരിച്ചു. എന്നാൽ കവിതയിലെ ഈ ആശയം കുട്ടികൾക്ക് അധ്യാപകർ എന്തുകൊണ്ട് പറഞ്ഞുകൊടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു.
ശക്തമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന കവിതയെ ബാലകവിതയായി മാത്രം കണ്ട് ചൊല്ലി ഉപേക്ഷിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം വിമർശിച്ചു. പകരം കവിതയെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും ചർച്ച ചെയ്യുകയും അതിലൂടെ സാമൂഹിക യാഥാർഥ്യങ്ങളെ പഠിക്കുകയും വേണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാക്കയുടെ കറുത്ത നിറവും അതിന്റെ സാമൂഹിക പ്രതീകാത്മകതയും ചൂണ്ടിക്കാട്ടിയ അദ്ദേഹം, മയിലിനെപ്പോലെ ആടാനോ കുയിലിനെപ്പോലെ പാടാനോ കഴിയാത്ത കാക്കയെ അടിയാള വിഭാഗത്തിന്റെ പ്രതീകമായാണ് കവിതയിൽ കാണുന്നതെന്നും വിശദീകരിച്ചു.
ഷാർജ പുസ്തകമേളയെക്കുറിച്ച് സംസാരിക്കവെ, ഒരു ഭരണാധികാരിക്ക് ദീർഘവീക്ഷണത്തോടെ പുസ്തകത്തെയും സാഹിത്യത്തെയും കലയെയും ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നതിന്റെ വലിയ ഉദാഹരണമാണ് മേളയെന്ന് അദ്ദേഹം പറഞ്ഞു. പുസ്തകത്തേക്കാൾ ‘പുത്തകം’ എന്ന വാക്കാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’ വായിച്ചിരുന്നില്ലെങ്കിൽ താൻ എഴുത്തുകാരനാകുമായിരുന്നില്ലെന്നും പി.കെ. ഗോപി പറഞ്ഞു.
ചടങ്ങിൽ പങ്കെടുത്ത കവി, ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ കവിതയും പാട്ടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചു. കവിതയ്ക്ക് താഴെയാണ് പാട്ട് എന്ന ധാരണ തെറ്റാണെന്നും രണ്ടിനും അതിന്റേതായ പ്രാധാന്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാള സാഹിത്യത്തിലെ ആദ്യകാല കൃതികളിൽ പലതും പാട്ടുരൂപത്തിലായിരുന്നുവെന്നും ചീരാമന്റെ രാമചരിതം മുതൽ കണ്ണശ്ശ രാമായണം, രാമായണം കിളിപ്പാട്ട്, വഞ്ചിപ്പാട്ട്, തുള്ളൽപ്പാട്ട്, മാപ്പിളപ്പാട്ടുകൾ എന്നിവയെല്ലാം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ പോലും ഒരുകാലത്ത് കൃഷ്ണപ്പാട്ട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരുടെ പാട്ടുകൾ കേൾക്കാൻ സമൂഹം വേണ്ടത്ര മനസ്സ് കാണിച്ചില്ലെന്നും ഇത്തരം പാട്ടുകൾക്ക് പാഠ്യപദ്ധതിയിൽ ഇടം ലഭിച്ചില്ലെന്നും പി.കെ. ഗോപി അഭിപ്രായപ്പെട്ടു.
പുതുതലമുറയിലെ കുട്ടികൾ എല്ലാ പാട്ടുകളെയും ഭാഷകളെയും സംസ്കാരങ്ങളെയും ഉൾക്കൊള്ളുന്നവരാണെന്ന് ബി.കെ. ഹരിനാരായണൻ പറഞ്ഞു. സമരം ചെയ്യേണ്ടതെങ്ങനെയെന്ന് സമൂഹത്തിന് കാണിച്ചുതരുന്ന തലമുറയാണിത്. പാട്ടിന്റെ വളർച്ചയിൽ വന്ന മാറ്റങ്ങളാണ് ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ പോലുള്ള വരികൾക്കും വേടനെപ്പോലുള്ള പുതിയ എഴുത്തുകാർക്കും ഇടം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രണയത്തിന്റെ യഥാർഥ അർഥത്തെക്കുറിച്ചും പി.കെ. ഗോപി സംസാരിച്ചു. പ്രേമം സത്യവുമായി ബന്ധപ്പെട്ടതാണെന്നും എന്നാൽ ഇന്നത്തെ കാലത്ത് അത് ശരീരവുമായി മാത്രം ബന്ധപ്പെടുത്തപ്പെടുന്നതാണ് പ്രണയത്തിന്റെ പേരിലുള്ള അക്രമങ്ങൾക്ക് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാഷയും സ്നേഹവും സംസ്കാരവും നഷ്ടപ്പെടുന്നിടത്ത് താളവും സത്യവും നിലനിൽക്കില്ലെന്നും ഭാഷയുടെ സൗന്ദര്യവും സത്യവും നഷ്ടപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
രാധാകൃഷ്ണൻ മച്ചിങ്ങൽ സംവാദത്തിൽ മോഡറേറ്ററായിരുന്നു. പരിപാടിക്ക് ശേഷം ഇരുവരും ആസ്വാദകർക്ക് പുസ്തകങ്ങളിൽ ഒപ്പിട്ടുനൽകി.
