ഷാർജ ,നവംബർ 9,2026: ഒരു കൃതി മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോൾ വിവർത്തകൻ കേവലം വാക്കുകൾ പരിഭാഷപ്പെടുത്തുന്നയാൾ മാത്രമല്ല, അതിന്റെ വ്യാഖ്യാതാവ് കൂടിയായി മാറുകയാണെന്ന് പ്രമുഖ അമേരിക്കൻ എഴുത്തുകാരിയും വിവർത്തകയും അന്താരാഷ്ട്ര ബുക്കർ പുരസ്കാര ജേതാവുമായ ഡെയ്സി റോക്ക്വെൽ പറഞ്ഞു.
45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഫോറം 3-ൽ ‘ഭാഷകൾക്കപ്പുറം: സാഹിത്യ വിവർത്തന കലയെക്കുറിച്ച് ഡെയ്സി റോക്ക്വെൽ’ എന്ന പേരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
വിവർത്തനം ചെയ്യുന്നയാൾ കൃതിയിൽ അദൃശ്യ സാന്നിധ്യമായി മാത്രം നിലകൊള്ളുന്നു എന്ന ധാരണ തെറ്റാണെന്ന് അവർ വ്യക്തമാക്കി. മറ്റൊരാൾ കണ്ടതും എഴുതിയതുമായ ലോകത്തെ സ്വന്തം കാഴ്ചപ്പാടിലൂടെ പുനരാവിഷ്കരിക്കുകയാണ് വിവർത്തകൻ ചെയ്യുന്നത്. അതിനാൽ നിഘണ്ടുവിലെ ഭാഷാപരിജ്ഞാനത്തിനപ്പുറം കാര്യങ്ങളെ മനസ്സിൽ ദൃശ്യവത്കരിക്കാനുള്ള കഴിവും വിവർത്തകനുണ്ടാകണം.
വിവർത്തനം ചെയ്യേണ്ട കൃതിയുടെ എഴുത്തുകാരനെ അടുത്തറിയുന്നതും അവരുമായി ആശയവിനിമയം നടത്തുന്നതും മൊഴിമാറ്റത്തിന് ഏറെ സഹായകമാണെന്നും ഡെയ്സി പറഞ്ഞു. പ്രമുഖ ഇന്ത്യൻ എഴുത്തുകാരി കൃഷ്ണ സോബ്തിയുടെ ‘എ ഗുജറാത്ത് ഹിയർ എ ഗുജറാത്ത് ദെയർ’ എന്ന കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നതിന് മുമ്പ് അവരുമായി അടുത്തിടപഴകാൻ കഴിഞ്ഞത് ഏറെ പ്രയോജനപ്പെട്ടതായും അവർ വിശദീകരിച്ചു.
വിവർത്തകർക്ക് ഒരിക്കലും പൂർണ തൃപ്തി ലഭിക്കാറില്ലെന്നും എഡിറ്റർ ആവശ്യപ്പെടുമ്പോഴാണ് പരിഭാഷ പൂർത്തിയാക്കി നൽകുന്നതെന്നും അവർ പറഞ്ഞു.
ബുക്കർ പുരസ്കാരം ലഭിച്ചതിനുശേഷവും ഇന്ത്യയെക്കുറിച്ച് എഴുതിയ ചില കാര്യങ്ങളിൽ ഇന്ത്യൻ വായനക്കാരിൽ നിന്ന് വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. അതിനാൽ ഇന്ത്യൻ കൃതികൾ വിവർത്തനം ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പുലർത്താറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
യൂറോപ്യൻ സാഹിത്യവുമായി താരതമ്യം ചെയ്യുമ്പോൾ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ, പ്രത്യേകിച്ച് ഇന്ത്യയിലെ സാഹിത്യം കൂടുതൽ ബഹുസ്വരമാണെന്നാണ് ഡെയ്സിയുടെ വിലയിരുത്തൽ. നിരവധി ഭാഷകളും സംസ്കാരങ്ങളും നിലനിൽക്കുന്നതാണ് ഇതിന് കാരണമെന്നും അവർ അഭിപ്രായപ്പെട്ടു.
എഴുത്തുകാരാകാൻ ആഗ്രഹിക്കുന്ന പുതുതലമുറ ദിവസവും എഴുത്ത് പരിശീലിക്കണമെന്നും എത്ര തിരക്കുള്ള ജീവിതമാണെങ്കിലും പ്രതിദിനം കുറഞ്ഞത് 15 മിനിറ്റെങ്കിലും എഴുത്തിനായി മാറ്റിവെക്കണമെന്നും അവർ ആഹ്വാനം ചെയ്തു.
തന്റെ ‘ഇംഗ്ലീഷ് ഈസ് എ മോണോക്രോപ്പ്’ എന്ന കവിതയും ഡെയ്സി റോക്ക്വെൽ പരിപാടിയിൽ ചൊല്ലി. ആഗോള ഭാഷയായ ഇംഗ്ലീഷ് ലോകത്തെ നിരവധി പ്രാദേശിക ഭാഷകളുടെ മേൽ എങ്ങനെ ആധിപത്യം സ്ഥാപിക്കുന്നുവെന്ന ആശയമാണ് കവിതയിലൂടെ അവർ അവതരിപ്പിച്ചത്. ചെറുവയലുകളെ നശിപ്പിക്കുന്ന വലിയ ഏകവിളയോടാണ് ഇംഗ്ലീഷിന്റെ ആധിപത്യത്തെ കവിതയിൽ ഉപമിക്കുന്നതെന്നും അവർ വിശദീകരിച്ചു.
മാധ്യമപ്രവർത്തക അനാമിക ചാറ്റർജിയാണ് പരിപാടി നിയന്ത്രിച്ചത്.
