ദുബായ്,നവംബർ 10,2026: ഗൾഫ് മേഖലയിലെ മികച്ച സർക്കാർ എച്ച്ആർ ടീമിനുള്ള പുരസ്കാരം ജി.ഡി.ആർ.എഫ്.എ ദുബായ് നേടി. ‘ജി.സി.സി ഗവൺമെന്റ് എച്ച്ആർ ആൻഡ് യൂത്ത് അവാർഡ്സ് 2026’ൽ പൊതുമേഖലാ–സർക്കാർ വിഭാഗത്തിലാണ് അംഗീകാരം. ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കാനും അവരുടെ വിന്യാസം മെച്ചപ്പെടുത്താനും സ്ഥാപനത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും നടപ്പാക്കിയ മാറ്റങ്ങൾക്കാണ് പുരസ്കാരം.’ദി ഇക്കണോമിക് ടൈംസ് ഹ്യൂമൻ ക്യാപിറ്റൽ അവാർഡ്സ് മെന 2026’ൽ ‘ഗവൺമെന്റ് വർക്ക്ഫോഴ്സ് ഇന്റലിജൻസ് സിസ്റ്റം’ പദ്ധതിക്ക് ഗോൾഡ് മെഡൽ ലഭിച്ചതിനു പിന്നാലെയാണ് ഈ നേട്ടം. ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനൊപ്പം ഡാറ്റാ വിശകലനം പ്രയോജനപ്പെടുത്തി സർക്കാർ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇരു നേട്ടങ്ങളും.
ഓർഗനൈസേഷനൽ സ്ട്രക്ചേഴ്സ് ബ്രാഞ്ച് തയ്യാറാക്കിയ ‘ഓർഗനൈസേഷനൽ സ്ട്രക്ചർ മാനേജ്മെന്റ് ഗൈഡ് 2024’ ആണ് ഈ മാറ്റങ്ങൾക്ക് വഴികാട്ടിയായത്. സ്ഥാപനഘടന രൂപപ്പെടുത്താനും മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് അത് പരിഷ്കരിക്കാനും ജീവനക്കാരുടെ വിന്യാസം ഡാറ്റയുടെ അടിസ്ഥാനത്തിൽ ആസൂത്രണം ചെയ്യാനും മാർഗരേഖ സഹായിക്കുന്നു. ലഭ്യമായ വിഭവങ്ങളും ജീവനക്കാരുടെ കഴിവുകളും ഫലപ്രദമായി വിനിയോഗിക്കാൻ എച്ച്ആർ വകുപ്പിലെ വർക്ക്ഫോഴ്സ് പ്ലാനിങ് ആൻഡ് അനാലിസിസ് സെക്ഷനും ഓർഗനൈസേഷനൽ സ്ട്രക്ചേഴ്സ് ബ്രാഞ്ചും ചേർന്നാണ് പ്രവർത്തിക്കുന്നത്.
ജീവനക്കാരിൽ നിക്ഷേപിക്കുമ്പോഴാണ് സ്ഥാപനമികവിന് അടിത്തറയിടുന്നതെന്ന് ജി.ഡി.ആർ.എഫ്.എ ദുബായ് എച്ച്ആർ, ധനകാര്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അവദ് മുഹമ്മദ് അൽ ഔവൈം പറഞ്ഞു. സ്വദേശി – വിദേശി ജീവനക്കാരുടെ കഴിവുകൾ വളർത്താനും ഭാവിയിലെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തനരീതികൾ മെച്ചപ്പെടുത്താനുമാണ് ഊന്നൽ. ആസൂത്രണത്തിലും ഭരണനിർവഹണത്തിലും എച്ച്ആർ മാനേജ്മെന്റിലും നടപ്പാക്കിയ മാറ്റങ്ങൾ എത്രത്തോളം ഫലം കാണുന്നുവെന്നതിന്റെ സൂചകമാണ് പുരസ്കാരമെന്നും ഇത്തരം പ്രവർത്തനങ്ങൾ ദുബായ് സർക്കാരിന്റെ മത്സരക്ഷമതയും നേതൃസ്ഥാനവും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
