ദുബായ് ,നവംബർ 10,2026: വൃക്കരോഗമായ പ്രൈമറി ഇമ്യൂണോഗ്ലോബുലിൻ എ നെഫ്രോപതിയ (IgAN) ബാധിച്ച മുതിർന്നവരിൽ മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്നത് കുറയ്ക്കുന്നതിനുള്ള പുതിയ ചികിത്സാ ഉപയോഗത്തിന് ആസ്ട്രസെനക്കയുടെ അൾട്ടോമിറിസ് (Ultomiris) മരുന്നിന് യുഎഇയുടെ നിബന്ധനാപരമായ അംഗീകാരം. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റാണ് (EDE) അംഗീകാരം നൽകിയത്. രോഗം കൂടുതൽ വഷളാകാൻ സാധ്യതയുള്ള രോഗികൾക്കാണ് ഈ ചികിത്സാ ഉപയോഗം.
2022 മുതൽ തന്നെ അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി അൾട്ടോമിറിസ് യുഎഇയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതിയ അംഗീകാരം രാജ്യത്തെ ആരോഗ്യ-ഫാർമസ്യൂട്ടിക്കൽ മേഖലകളിലെ ഗവേഷണം, വികസനം, നൂതന ചികിത്സകൾ എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള ‘വി ദി യുഎഇ 2031’ ലക്ഷ്യങ്ങൾക്കും പിന്തുണയാകും. വൃക്കയിലെ കോശങ്ങളിൽ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട പ്രോട്ടീനുകൾ അടിഞ്ഞുകൂടുന്നതുമൂലം ഉണ്ടാകുന്ന രോഗമാണ് പ്രൈമറി IgA നെഫ്രോപതി. ഇത് വൃക്കയിൽ വീക്കത്തിനും ക്രമേണ വൃക്കകളുടെ പ്രവർത്തനം കുറയുന്നതിനും കാരണമാകാം. മൂത്രത്തിൽ പ്രോട്ടീന്റെ അളവ് കൂടുന്നത് രോഗം പുരോഗമിക്കുന്നതിന്റെ പ്രധാന സൂചനകളിലൊന്നാണ്. അതിനാൽ പ്രോട്ടീൻ നഷ്ടം കുറയ്ക്കുന്ന ചികിത്സകൾക്ക് വലിയ പ്രാധാന്യമുണ്ട്. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിലെ മെഡിക്കൽ പ്രോഡക്ട്സ് റെഗുലേഷൻ വിഭാഗം ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടർ റുഖയ്യ അഖീൽ അൽ ബസ്തകി, കർശനമായ ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം നൽകിയതെന്ന് പറഞ്ഞു. പുതിയ ചികിത്സാ രീതികൾക്ക് വേഗത്തിൽ അംഗീകാരം നൽകുന്നതിനൊപ്പം മരുന്നുകളുടെ സുരക്ഷ, ഗുണനിലവാരം, ഫലപ്രാപ്തി എന്നിവ ഉറപ്പാക്കുന്നതിനും സ്ഥാപനം പ്രാധാന്യം നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
അർഹരായ രോഗികൾക്ക് കൂടുതൽ ചികിത്സാ സാധ്യതകൾ ലഭ്യമാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവയ്പ്പാണ് ഈ അംഗീകാരമെന്ന് ആസ്ട്രസെനക്ക ഗൾഫ് ക്ലസ്റ്റർ പ്രസിഡന്റ് സമേ എൽ ഫങ്കരി പറഞ്ഞു. യുഎഇയിലെ പങ്കാളികളുമായി സഹകരിച്ച് ചികിത്സ ലഭ്യതയും രോഗികളുടെ ആരോഗ്യഫലങ്ങളും മെച്ചപ്പെടുത്താൻ കമ്പനി തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗം നേരത്തേ കണ്ടെത്തുക, വൃക്കകളുടെ പ്രവർത്തനവും മൂത്രത്തിലെ പ്രോട്ടീന്റെ അളവും കൃത്യമായി നിരീക്ഷിക്കുക, വിദഗ്ധ ഡോക്ടർമാർ നിർദേശിക്കുന്ന ചികിത്സ പിന്തുടരുക എന്നിവയുടെ പ്രാധാന്യവും എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് ചൂണ്ടിക്കാട്ടി. ഇത് രോഗം നിയന്ത്രിക്കാനും സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
