അബുദാബി,നവംബർ 10,2026: അബുദാബിയിലെ ആരോഗ്യ വിവര കൈമാറ്റ പ്ലാറ്റ്ഫോമായ മലാഫിയിൽ (Malaffi) എ.ഐ അധിഷ്ഠിത ഡോക്ടർ അസിസ്റ്റന്റിനെ ഉൾപ്പെടുത്തി. അബുദാബി ആരോഗ്യവകുപ്പും (DoH) M42ന്റെ അബുദാബി ഹെൽത്ത് ഡാറ്റ സർവീസസും (ADHDS) സഹകരിച്ചാണ് പുതിയ സംവിധാനം ഒരുക്കിയത്. എമിറേറ്റിലെ എല്ലാ ഡോക്ടർമാർക്കും ഈ സേവനം ലഭ്യമാകും. രോഗികളുടെ മെഡിക്കൽ രേഖകളിൽനിന്ന് ആവശ്യമായ വിവരങ്ങൾ കണ്ടെത്താനും ആരോഗ്യചരിത്രം ചുരുക്കി തയ്യാറാക്കാനും ഡോക്ടർമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും ഈ എ.ഐ അസിസ്റ്റന്റിന് കഴിയും. ഇതിലൂടെ രേഖകൾ പരിശോധിക്കാൻ ഡോക്ടർമാർ ചെലവഴിക്കുന്ന സമയം കുറയ്ക്കാനും രോഗീപരിചരണത്തിൽ കൂടുതൽ ശ്രദ്ധ നൽകാനും സാധിക്കും.
14 ദശലക്ഷത്തിലധികം രോഗികളുടെ ആരോഗ്യവിവരങ്ങളും നാല് ബില്യണിലധികം ക്ലിനിക്കൽ രേഖകളും ഉൾക്കൊള്ളുന്നതാണ് മലാഫിയുടെ ഡാറ്റാബേസ്. രോഗികളുടെ മെഡിക്കൽ റിപ്പോർട്ടുകൾ, അലർജി വിവരങ്ങൾ, ലാബ് പരിശോധനാഫലങ്ങൾ, ജീവൽസൂചകങ്ങൾ, റേഡിയോളജി ചിത്രങ്ങൾ, രോഗനിർണയ പരിശോധനാ ഫലങ്ങൾ തുടങ്ങിയവ ഇതിൽ ലഭ്യമാണ്. ഈ വിവരങ്ങൾ വേഗത്തിൽ പരിശോധിച്ച് രോഗിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വ്യക്തമായ ധാരണ നേടാൻ ഡോക്ടർമാരെ സഹായിക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സാ തീരുമാനങ്ങൾ എടുക്കുന്നതിനും ഇത് സഹായകമാകും. അതേസമയം, രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതും ചികിത്സ സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ എടുക്കുന്നതും ഡോക്ടർമാരുടെ ഉത്തരവാദിത്തമായി തുടരും. അംഗീകൃത അനുമതികൾക്കും രോഗികളുടെ വിവരങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾക്കും വിധേയമായാണ് എ.ഐ അസിസ്റ്റന്റിന്റെ പ്രവർത്തനം. M42 വികസിപ്പിച്ചെടുത്ത ഒസ്സി (Ossi) എന്ന എ.ഐ ക്ലിനിക്കൽ പ്ലാറ്റ്ഫോമിലാണ് പുതിയ സംവിധാനം പ്രവർത്തിക്കുന്നത്. യുഎഇയിലെ മൈക്രോസോഫ്റ്റ് അസ്യൂർ ക്ലൗഡ് സംവിധാനത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഡോക്ടർമാരുടെ ദൈനംദിന ചികിത്സാ പ്രവർത്തനങ്ങളുടെ ഭാഗമായാണ് എ.ഐ സേവനം ഉൾപ്പെടുത്തിയിരിക്കുന്നത്.
M42 ഗ്രൂപ്പ് സി.ഇ.ഒ ദിമിത്രിസ് മൗലവാസിലിസ്, ഡോക്ടർമാർക്ക് ആവശ്യമായ ആരോഗ്യവിവരങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാക്കുന്നതിനായാണ് ഒസ്സി വികസിപ്പിച്ചതെന്ന് പറഞ്ഞു. മലാഫിയുമായി ബന്ധിപ്പിച്ചതിലൂടെ ആരോഗ്യവിവരങ്ങൾ പരസ്പരം കൈമാറുന്ന സംവിധാനത്തിൽ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. അബുദാബി ഹെൽത്ത് ഡാറ്റ സർവീസസ് സി.ഇ.ഒയും M42 ഡിജിറ്റൽ ഹെൽത്ത് സൊല്യൂഷൻസ് പ്ലാറ്റ്ഫോം മേധാവിയുമായ കരീം ഷാഹിൻ, ആരോഗ്യസ്ഥാപനങ്ങൾക്കിടയിൽ വിവരങ്ങൾ ബന്ധിപ്പിക്കുന്നതിൽ മലാഫി നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് പറഞ്ഞു. പുതിയ എ.ഐ അസിസ്റ്റന്റ് ഡോക്ടർമാർക്ക് ഈ വിവരങ്ങൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കുന്ന അധിക സംവിധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സംവിധാനത്തിന്റെ പ്രവർത്തനം വിലയിരുത്തുകയും ഡോക്ടർമാരിൽനിന്നുള്ള അഭിപ്രായങ്ങൾ ശേഖരിച്ച് തുടർന്നുള്ള ഘട്ടങ്ങളിൽ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യും. അബുദാബിയിലെ ഡിജിറ്റൽ ആരോഗ്യരംഗം വികസിപ്പിക്കുന്നതിനും സാങ്കേതികവിദ്യയിലൂടെ രോഗീപരിചരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
