ദുബായ്,നവംബർ 16,2026: പാരമ്പര്യ കായിക ഇനങ്ങളുടെ സംരക്ഷണത്തിലും വികസനത്തിലും അന്താരാഷ്ട്ര തലത്തിൽ സാന്നിധ്യം ശക്തിപ്പെടുത്തി യുഎഇ. ദേശീയ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ആധുനിക കായിക സൗകര്യങ്ങൾ, രാജ്യാന്തര മത്സരങ്ങൾ, സാംസ്കാരിക കൈമാറ്റത്തിനുള്ള അവസരങ്ങൾ എന്നിവയിലൂടെയാണ് ഈ രംഗത്ത് മുന്നേറുന്നത്. പരമ്പരാഗത രീതികളും ആധുനിക പരിശീലന സംവിധാനങ്ങളും സമന്വയിപ്പിച്ചാണ് യുഎഇ പാരമ്പര്യ കായിക ഇനങ്ങളെ വികസിപ്പിക്കുന്നത്. 200ലധികം രാജ്യക്കാരുള്ള രാജ്യത്ത് സാംസ്കാരിക കൈമാറ്റത്തിനും ദേശീയ സ്വത്വം ശക്തിപ്പെടുത്തുന്നതിനും ഇത്തരം കായിക ഇനങ്ങൾ പ്രധാന പങ്കുവഹിക്കുന്നു.
2026ലെ അബുദാബി ഓപ്പൺ മാസ്റ്റേഴ്സ് ഗെയിംസിനോടനുബന്ധിച്ച് സംഘടിപ്പിച്ച പരമ്പരാഗത കായിക-സാംസ്കാരിക പരിപാടികളിലൂടെ യുഎഇയുടെ പൈതൃകം അന്താരാഷ്ട്ര പങ്കാളികൾക്ക് പരിചയപ്പെടുത്തി. വിവിധ നഗരങ്ങളിലായി നടന്ന പരിപാടികളിൽ വിദേശത്തുനിന്നുള്ളവരും പങ്കെടുത്തു.
യുഎഇ ഫാൽക്കൺസ് ഫെഡറേഷൻ പരമ്പരാഗത വേട്ടപ്പക്ഷി പരിശീലനമായ ഫാൽക്കൺറിയുടെ പ്രചാരണത്തിനായി കായിക-സാംസ്കാരിക പരിപാടികളും പരിശീലന പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പാരമ്പര്യം പുതിയ തലമുറയിലേക്ക് കൈമാറുന്നതിനും ഫെഡറേഷൻ ശ്രദ്ധ നൽകുന്നു. എമിറേറ്റ്സ് കാമൽ റേസിങ് ഫെഡറേഷൻ ഒട്ടകയോട്ട മത്സരങ്ങൾ പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും പ്രോത്സാഹിപ്പിക്കുന്നു. യുഎഇ മറൈൻ സ്പോർട്സ് ഫെഡറേഷൻ പരമ്പരാഗത വള്ളംകളികളും മറ്റ് മത്സരങ്ങളും വഴി രാജ്യത്തിന്റെ സമുദ്ര പൈതൃകം സംരക്ഷിക്കുന്നു. യുഎഇ ഇക്വസ്ട്രിയൻ ആൻഡ് റേസിങ് ഫെഡറേഷൻ പരിശീലന പരിപാടികളിലൂടെയും മത്സരങ്ങളിലൂടെയും കുതിരസവാരിയിൽ ദേശീയ പ്രതിഭകളെ വളർത്തിയെടുക്കുകയും ചെയ്യുന്നു. പരമ്പരാഗത കായിക ഇനമായ അൽ തബാഅ് കളിയിലും ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെറ്റാ ക്വസ്റ്റ് ഹെഡ്സെറ്റുകൾ, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് കൂടുതൽ ആളുകൾക്ക് ഈ കളിയിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കുകയാണ്. അൽ ഐനിലെ ഉമ്മു ഗഫയിൽനിന്ന് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മത്സരങ്ങളിലേക്കും സ്കൂളുകളിലെ പരിശീലന പരിപാടികളിലേക്കും ഇതിന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചിട്ടുണ്ട്. നേതൃത്വത്തിന്റെ പിന്തുണയാണ് പാരമ്പര്യ കായിക ഇനങ്ങളുടെ വളർച്ചയ്ക്കും രാജ്യത്തിനകത്തും പുറത്തും അവയുടെ സാന്നിധ്യം വർധിപ്പിക്കാനും സഹായിച്ചതെന്ന് യുഎഇ ഫാൽക്കൺസ് ഫെഡറേഷന്റെയും ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഫാൽക്കൺറി സ്പോർട്സ് ആൻഡ് റേസിങ്ങിന്റെയും സെക്രട്ടറി ജനറൽ റാഷിദ് ബിൻ മർഖാൻ പറഞ്ഞു. യുവതലമുറയെ ഫാൽക്കൺറിയിലേക്ക് ആകർഷിക്കുന്നതിനും ശൈഖ് സായിദിന്റെ പാരമ്പര്യം സംരക്ഷിക്കുന്നതിനും ഫെഡറേഷൻ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആധുനിക കായിക സൗകര്യങ്ങളിലും അടിസ്ഥാനസൗകര്യങ്ങളിലും യുഎഇ നടത്തുന്ന നിക്ഷേപം പാരമ്പര്യ കായിക ഇനങ്ങളിലെ പങ്കാളിത്തം വർധിപ്പിക്കുകയും അവയുടെ തുടർച്ച ഉറപ്പാക്കുകയും ചെയ്തതായി യുഎഇ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ് ഡോ. മറിയം അനസ് അൽ മത്രൂഷി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ വരുംതലമുറയ്ക്കും ഇത്തരം കായിക ഇനങ്ങളിൽ പങ്കെടുക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.
പാരമ്പര്യ കായിക ഇനങ്ങളോടുള്ള വർധിച്ചുവരുന്ന താൽപര്യം അവയുടെ സാംസ്കാരിക പ്രാധാന്യമാണ് വ്യക്തമാക്കുന്നതെന്ന് ഫുജൈറ ഇന്റർനാഷണൽ മറൈൻ ക്ലബ് എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് ഇബ്രാഹിം അൽ ബലൂഷി പറഞ്ഞു. കായിക സൗകര്യങ്ങൾ, മത്സരങ്ങൾ, പൊതുജനപങ്കാളിത്തം എന്നിവയിൽ തുടർച്ചയായി നടത്തുന്ന നിക്ഷേപം യുവതലമുറയ്ക്കിടയിലും ഇത്തരം ഇനങ്ങളുടെ സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
