ദുബായ്, നവംബർ 16,2026 :ദുബായ് ഫ്യൂച്ചർ വീക്ക് 2026ൽ തന്ത്രപ്രധാന പങ്കാളിയായി ദുബായ് മുനിസിപ്പാലിറ്റി പങ്കെടുക്കും. നവംബർ 18 മുതൽ 21 വരെ എമിറേറ്റ്സ് ടവേഴ്സിലും മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിലുമായാണ് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പരിപാടി നടക്കുന്നത്. ‘ഫോർ ദ ഫ്യൂച്ചർ ഹ്യൂമൻ’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ വിദഗ്ധർ, നയരൂപീകരണ വിദഗ്ധർ, തീരുമാനമെടുക്കുന്നവർ, നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നവർ തുടങ്ങി 10,000ത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് പരിപാടികളും നാല് പുതിയ പ്രഖ്യാപനങ്ങളും പങ്കാളിത്തങ്ങളുമാണ് ദുബായ് മുനിസിപ്പാലിറ്റി അവതരിപ്പിക്കുന്നത്. നഗരത്തിന്റെ ഭാവി ആവശ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കുക, മാറ്റങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ് ശക്തിപ്പെടുത്തുക, പുതിയ ആശയങ്ങളെ പ്രായോഗിക പദ്ധതികളാക്കി മാറ്റുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുനിസിപ്പാലിറ്റിയിലെ യുവ ജീവനക്കാർക്കും പരിപാടിയിൽ പ്രധാന പങ്കുണ്ടാകും.
2040ലെ ദുബായ് എങ്ങനെയായിരിക്കും?
പരിപാടിയിലെ പ്രധാന ആകർഷണങ്ങളിലൊന്ന് ചലഞ്ച് ഡോമിൽ ഒരുക്കുന്ന ‘ദുബായ് നെവർ സ്ലീപ്സ്’ എന്ന സിമുലേഷനാണ്. മുനിസിപ്പാലിറ്റിയിലെ ആറ് യുവ ജീവനക്കാർ ചേർന്ന് 2040ലെ ദുബായിലെ 24 മണിക്കൂർ ജീവിതം സന്ദർശകർക്ക് പരിചയപ്പെടുത്തും. ഭാവിയിൽ നഗരത്തിന്റെ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കുമെന്നും നേരിടേണ്ടിവരുന്ന വെല്ലുവിളികളും അവസരങ്ങളും എന്തൊക്കെയായിരിക്കുമെന്നും ഈ അനുഭവത്തിലൂടെ മനസ്സിലാക്കാം. നഗരാസൂത്രണവും ഭരണനിർവഹണവും, കെട്ടിട നിയന്ത്രണവും പെർമിറ്റുകളും, പൊതുസൗകര്യങ്ങൾ, മാലിന്യ-മലിനജല നിർമാർജനം, പരിസ്ഥിതി-ആരോഗ്യ-സുരക്ഷ, കോർപ്പറേറ്റ് സേവനങ്ങൾ എന്നിങ്ങനെ മുനിസിപ്പാലിറ്റിയുടെ ആറ് പ്രധാന പ്രവർത്തന മേഖലകളാണ് സിമുലേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നവീകരണം, സുസ്ഥിരത, ഭൗമസ്ഥിതിവിവര വിവരങ്ങൾ തുടങ്ങിയ മേഖലകളിലായി നാല് പുതിയ പദ്ധതികളും പങ്കാളിത്തങ്ങളും മുനിസിപ്പാലിറ്റി പ്രഖ്യാപിക്കും. നഗരത്തിലെ യഥാർഥ സാഹചര്യങ്ങളിൽ പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും പരീക്ഷിക്കാനും വിലയിരുത്താനും സ്വകാര്യ മേഖലയിലെ നവീന സംരംഭകർക്ക് അവസരം നൽകുന്ന പദ്ധതികളും ഇതിലുണ്ടാകും.
നയരൂപീകരണത്തിലും യുവാക്കൾക്ക് പങ്കാളിത്തം നഗരവികസനം, ഗവേഷണം, ഭാവി ആസൂത്രണം, നയരൂപീകരണം തുടങ്ങിയ വിഷയങ്ങളിലുള്ള പ്രത്യേക ചർച്ചകളിലും മുനിസിപ്പാലിറ്റി പങ്കെടുക്കും. സർക്കാർ ഡാറ്റ നഗരഗവേഷണത്തിനും ഭാവി തീരുമാനങ്ങൾക്കും എങ്ങനെ സഹായകമാകുന്നു എന്ന വിഷയത്തിൽ ‘ദ സിറ്റി ആസ് എവിഡൻസ്’ എന്ന സെഷൻ സംഘടിപ്പിക്കും. ഭാവി സാധ്യതകൾ വിലയിരുത്തുന്ന സർക്കാർ വിദഗ്ധരുടെ പ്രത്യേക ചർച്ചയിലും മുനിസിപ്പാലിറ്റി പങ്കെടുക്കും. ‘ഈസ് ദി എറ ഓഫ് റെഗുലേഷൻ ഓവർ?’ എന്ന സെഷനിലൂടെ മാറിവരുന്ന നയരൂപീകരണ രീതികളും നിയന്ത്രണ സംവിധാനങ്ങളും ചർച്ച ചെയ്യും.
ഭക്ഷ്യസുരക്ഷയും വിതരണ ശൃംഖലയും സംബന്ധിച്ച നൂതന പരിഹാരങ്ങൾ വിലയിരുത്തുന്ന ‘ദ പിച്ച്’ മത്സരത്തിന്റെ സെമിഫൈനൽ വിധിനിർണയ സമിതിയിലും മുനിസിപ്പാലിറ്റി അംഗമാകും. മുനിസിപ്പാലിറ്റിയിലെ യുവ ജീവനക്കാർ വിദഗ്ധ ചർച്ചകളിലും ഭാവി വികസനവുമായി ബന്ധപ്പെട്ട സംവാദങ്ങളിലും പങ്കെടുക്കും. 2040ലെ ദുബായിയുടെ വികസനവും സർക്കാർ സേവനങ്ങളും എങ്ങനെയായിരിക്കണമെന്നതിൽ യുവാക്കളുടെ ആശയങ്ങൾക്കും നിർദേശങ്ങൾക്കും പ്രാധാന്യം നൽകുകയാണ് ലക്ഷ്യം.
ഭാവിയിലെ മാറ്റങ്ങൾ മുൻകൂട്ടി മനസ്സിലാക്കി അതിനനുസരിച്ച് നഗരത്തെ ഒരുക്കുകയാണ് ദുബായിയുടെ ലക്ഷ്യമെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മർവാൻ അഹമ്മദ് ബിൻ ഗലീത്ത പറഞ്ഞു. ഭാവി ആസൂത്രണം, ഡാറ്റ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ, നൂതന ആശയങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് മുനിസിപ്പാലിറ്റി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2040ൽ ദുബായിൽ ജീവിക്കാനിരിക്കുന്ന യുവാക്കൾക്ക് നഗരത്തിന്റെ ഇന്നത്തെ ആസൂത്രണത്തിൽ തന്നെ അഭിപ്രായം പറയാനുള്ള അവസരം ലഭിക്കണം. യുവ ജീവനക്കാരെ ചർച്ചകളുടെയും ഭാവി പദ്ധതികളുടെയും ഭാഗമാക്കുന്നതിലൂടെ അടുത്ത തലമുറയിലെ നേതാക്കളെ വളർത്താനും സ്ഥാപനത്തിന്റെ പ്രവർത്തനശേഷി ശക്തിപ്പെടുത്താനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവി ആസൂത്രണത്തിൽ ഗവേഷണത്തിനും ഡാറ്റയ്ക്കും നൂതന ആശയങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നതിനൊപ്പം സർക്കാർ-സ്വകാര്യ മേഖലകളുടെ സഹകരണം ശക്തിപ്പെടുത്താനും യുവപ്രതിഭകൾക്ക് അവസരങ്ങൾ ഒരുക്കാനുമുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പങ്കാളിത്തം.
