ദുബായ്,നവംബർ 16,2026: ദുബായ് അൽ മംസാർ ബീച്ച് പാർക്കിൽ നടന്ന മൂന്നാമത് ദുബായ് T100 ട്രയാത്ത്ലൺ സമാപിച്ചു. 95 രാജ്യങ്ങളിൽ നിന്നായി 3,000ത്തിലധികം കായികതാരങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ 500ഓളം പേർ യുഎഇക്ക് പുറത്തുനിന്നെത്തിയവരാണ്. ഏകദേശം 10,000 കാണികളും മത്സരത്തിന് സാക്ഷികളായി.
പ്രൊഫഷണൽ ട്രയാത്ത്ലറ്റ്സ് ഓർഗനൈസേഷന്റെ (PTO) നേതൃത്വത്തിൽ ദുബായ് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പിന്റെയും ദുബായ് സ്പോർട്സ് കൗൺസിലിന്റെയും പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പത്താം പതിപ്പിന്റെ ഭാഗമായിരുന്ന മത്സരത്തിൽ ഏഴ് മുതൽ 75 വയസ്സുവരെയുള്ളവർ പങ്കെടുത്തു.
ഞായറാഴ്ച നടന്ന അവസാന ദിനത്തിൽ അമച്വർ താരങ്ങൾ 100 കിലോമീറ്റർ, സ്പ്രിന്റ് വിഭാഗങ്ങളിൽ മത്സരിച്ചു. പുരുഷന്മാരുടെ T100 ഓപ്പൺ വിഭാഗത്തിൽ ഫ്രാൻസിന്റെ ക്വെന്റിൻ അമരാൽ തുടർച്ചയായ മൂന്നാം വർഷവും കിരീടം നേടി. 3 മണിക്കൂർ 33 മിനിറ്റ് 56 സെക്കൻഡിലാണ് താരം ഫിനിഷ് ചെയ്തത്. വനിതാ വിഭാഗത്തിൽ റഷ്യയുടെ ഡയാന ട്രുബ്കോവിച്ച് 4 മണിക്കൂർ 5 മിനിറ്റ് 40 സെക്കൻഡിൽ ഒന്നാമതെത്തി.
മത്സരത്തിലെ വിജയം ആവർത്തിക്കാനായതിൽ സന്തോഷമുണ്ടെന്ന് അമരാൽ പ്രതികരിച്ചു. മികച്ച മത്സരപാതയും കാണികളുടെ ആവേശകരമായ പിന്തുണയും അദ്ദേഹം എടുത്തുപറഞ്ഞു. വേഗമേറിയ ട്രാക്കും മികച്ച സംഘാടനവും മത്സരത്തെ ആസ്വാദ്യകരമാക്കിയെന്ന് ട്രുബ്കോവിച്ചും പറഞ്ഞു. എമിറാത്തി ഫോർമുല വൺ പവർബോട്ട് താരം അഹമ്മദ് അൽ ഫഹീമും വിക്ടറി ടീമിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തു. മൂന്നാം തവണയാണ് അദ്ദേഹം ദുബായ് T100ൽ പങ്കെടുക്കുന്നത്. രണ്ടാം തവണയും 100 കിലോമീറ്റർ ദൂരം പൂർത്തിയാക്കി. ദുബായിലെ മികച്ച കായിക അടിസ്ഥാനസൗകര്യങ്ങളെയും പരിശീലന സൗകര്യങ്ങളെയും അൽ ഫഹീം പ്രശംസിച്ചു. കായികതാരങ്ങൾക്ക് പിന്തുണ നൽകുന്ന അന്തരീക്ഷവും രാജ്യാന്തര താരങ്ങൾക്കിടയിൽ ദുബായിയുടെ വർധിച്ചുവരുന്ന സ്വീകാര്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച PTO സിഇഒ സാം റെനോ, വിവിധ പ്രായവിഭാഗങ്ങളിലും കഴിവുകളിലുമുള്ളവരുടെ പങ്കാളിത്തം എടുത്തുപറഞ്ഞു. 800 വിദ്യാർഥികൾ പങ്കെടുത്ത സ്കൂൾസ് അക്വാത്ത്ലണോടെയായിരുന്നു വാരാന്ത്യ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് പ്രൊഫഷണൽ മത്സരങ്ങളും നടന്നു. നീന്തൽ, സൈക്ലിങ്, ഓട്ടം എന്നീ ഇനങ്ങളിലായി 3,000ത്തിലധികം അമച്വർ താരങ്ങളും പങ്കെടുത്തു. പരിപാടിയുടെ വിജയത്തിന് പിന്തുണ നൽകിയ ദുബായ് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ്, ദുബായ് സ്പോർട്സ് കൗൺസിൽ, കാണികൾ എന്നിവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
