ദുബായ് ,നവംബർ 16,2026 : ദുബായിലെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വ്യാപാരമേഖലയിൽ നിയന്ത്രണങ്ങളും പരിശോധനകളും ശക്തമാക്കുന്നതിനുള്ള നടപടികൾ അവലോകനം ചെയ്ത് ദുബായ് പെട്രോളിയം ഉൽപ്പന്ന നിയന്ത്രണ സമിതി. നിയമപാലനം ഉറപ്പാക്കൽ, പെർമിറ്റ് നടപടികൾ ലളിതമാക്കൽ, ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള ഭാവി പദ്ധതികളും സമിതി വിലയിരുത്തി. ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജിക്ക് (DSCE) കീഴിലുള്ള സമിതിയുടെ യോഗത്തിൽ കൗൺസിൽ സെക്രട്ടറി ജനറലും സമിതി ചെയർമാനുമായ അഹമ്മദ് ബുട്ടി അൽ മുഹൈർബി ഉൾപ്പെടെയുള്ള അംഗങ്ങൾ പങ്കെടുത്തു. മേഖലയിലെ നിയന്ത്രണങ്ങൾ ഏകീകരിക്കുന്നതിനായി നേരത്തെ നടപ്പാക്കിയ നടപടികളും യോഗം വിലയിരുത്തി. ആവശ്യകതകളും നടപടിക്രമങ്ങളും ഉൾപ്പെടുത്തിയ ഏകീകൃത മാർഗനിർദേശം തയ്യാറാക്കൽ, അപേക്ഷകൾ പരിശോധിക്കാൻ ഉപസമിതികൾ രൂപീകരിക്കൽ, പരിശോധനാ രീതികൾ ഏകീകരിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിന്റെ തുടർച്ചയായാണ് ദുബായിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വ്യാപാരം നിയന്ത്രിക്കുന്നതിനായി 2025ലെ എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയം നമ്പർ 85 പുറപ്പെടുവിച്ചത്. സമിതിയുടെ പ്രവർത്തനങ്ങളിലൂടെ പരിശോധനാ നടപടികൾ ഏകീകരിക്കാനും നിയമലംഘനങ്ങൾ കുറയ്ക്കാനും കഴിഞ്ഞതായി അഹമ്മദ് ബുട്ടി അൽ മുഹൈർബി പറഞ്ഞു. അടുത്ത ഘട്ടത്തിൽ ഡിജിറ്റൽ പരിവർത്തനത്തിനാണ് മുൻഗണന നൽകുന്നത്. ഇതിനായി പുതിയ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വികസിപ്പിച്ച് ദുബായ് 360 സംവിധാനവുമായി ബന്ധിപ്പിക്കും. ഇതിലൂടെ പെർമിറ്റ് നടപടികൾ ലളിതമാക്കാനും സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യാജ ഗ്യാസ് സിലിണ്ടറുകൾക്കെതിരെ നടപടി
2022 ജൂൺ മുതൽ നടത്തിയ സംയുക്ത പരിശോധനകളിൽ വ്യാജ ഗ്യാസ് സിലിണ്ടറുകൾ സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്ത 275ലധികം കേന്ദ്രങ്ങൾ കണ്ടെത്തി. ഇതിന്റെ ഭാഗമായി 19,252ലധികം സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ഗതാഗതത്തിനും വിതരണത്തിനും ഉപയോഗിച്ച 751ലധികം വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 751 റിപ്പോർട്ടുകളും രജിസ്റ്റർ ചെയ്തു. കണ്ടെത്തിയ നിയമലംഘകർക്കെതിരെ തുടർനടപടികളും സ്വീകരിച്ചു.
ഡീസൽ മേഖലയിലും പരിശോധനകൾ നടത്തി. വിവിധ സ്ഥാപനങ്ങളിലെ 73 ടാങ്കുകളും റാസ് അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയയിലെ 42 സ്ഥാപനങ്ങളും പരിശോധിച്ചു. വ്യാപാരനിയമങ്ങളും യുഎഇ മാനദണ്ഡങ്ങളും ലംഘിച്ചതായി കണ്ടെത്തിയ 14 ഡീസൽ ടാങ്കറുകൾ കസ്റ്റഡിയിലെടുത്തു.
കമ്പനികൾക്ക് പുതിയ നിയമങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി ശിൽപശാലകൾ, മാധ്യമപ്രചാരണങ്ങൾ, സമൂഹമാധ്യമങ്ങളിലൂടെയുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയും നടപ്പാക്കും. ലൈസൻസിങ് അതോറിറ്റികളുമായി സഹകരിച്ച് ഘട്ടംഘട്ടമായി പെർമിറ്റുകൾ അനുവദിക്കുന്ന നടപടികളും തുടരും.
പുതിയ ഇലക്ട്രോണിക് പ്ലാറ്റ്ഫോമിന്റെ വികസനവും വിവിധ സർക്കാർ സംവിധാനങ്ങളുമായുള്ള സംയോജനവും 2027ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതേ വർഷം രണ്ടാം പാദത്തിൽ നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം നടപ്പാക്കുകയും പിഴ നോട്ടീസുകൾ നൽകിത്തുടങ്ങുകയും ചെയ്യും.
സർക്കാർ സ്ഥാപനങ്ങളുടെ ഏകോപിത പ്രവർത്തനങ്ങൾ നിയമലംഘനങ്ങൾ കുറയ്ക്കാനും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനും വ്യക്തികൾ, സ്വത്തുക്കൾ, സ്ഥാപനങ്ങൾ എന്നിവയുടെ സംരക്ഷണം ശക്തിപ്പെടുത്താനും സഹായിച്ചതായി DSCE അറിയിച്ചു. ദുബായിലെ പെട്രോളിയം ഉൽപ്പന്ന വ്യാപാരമേഖല സുരക്ഷിതവും സുസ്ഥിരവുമാക്കുകയാണ് നടപടികളുടെ ലക്ഷ്യം.
