ഷാർജ,നവംബർ 17,2026: ഷാർജയിലെ സാമ്പത്തിക ഏകീകരണ പദ്ധതികളുടെ പുരോഗതി വിലയിരുത്തി ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ. ചൊവ്വാഴ്ച രാവിലെ ഷാർജ ഭരണാധികാരിയുടെ ഓഫീസിൽ ചേർന്ന യോഗത്തിൽ കിരീടാവകാശിയും ഉപഭരണാധികാരിയും കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അധ്യക്ഷത വഹിച്ചു. ഉപഭരണാധികാരിയും കൗൺസിൽ വൈസ് ചെയർമാനുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും യോഗത്തിൽ പങ്കെടുത്തു.
സർക്കാരിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത യോഗം, ഷാർജയിൽ പുരോഗമിക്കുന്ന വികസന പദ്ധതികളും അവലോകനം ചെയ്തു. സാമൂഹിക, സാംസ്കാരിക, വിനോദ, സാമ്പത്തിക സേവനങ്ങളിൽ എമിറേറ്റിന്റെ മികവ് കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഈ പദ്ധതികളുടെ ലക്ഷ്യം. ഷാർജയിലെ സാമ്പത്തിക ഏകീകരണത്തിനായുള്ള ഉന്നത സമിതിയുടെ പ്രവർത്തന പുരോഗതിയും യോഗത്തിൽ അവതരിപ്പിച്ചു. 2026ൽ സമിതി എട്ട് യോഗങ്ങൾ ചേർന്നു. വിവിധ സാമ്പത്തിക സ്ഥാപനങ്ങളുമായും സ്വകാര്യ മേഖലയിലെ പ്രതിനിധികളുമായും ചർച്ചകളും നടത്തി. നിക്ഷേപ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുക, വിവിധ പങ്കാളികൾക്കും നിക്ഷേപകർക്കുമിടയിൽ സാമ്പത്തിക ഏകീകരണം ഉറപ്പാക്കുക, കൂടുതൽ കാര്യക്ഷമമായ സേവനങ്ങൾ ലഭ്യമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഷാർജയുടെ സമ്പൂർണ നിക്ഷേപ ഭൂപടം തയ്യാറാക്കുന്ന നടപടിയും സമിതി പൂർത്തിയാക്കി. എമിറേറ്റിലെ നിലവിലെ നിക്ഷേപ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനൊപ്പം വളർച്ചയ്ക്കും വികസനത്തിനുമുള്ള സാധ്യതകളും ഭാവിയിലെ വികസന പ്രവണതകളും ഈ ഭൂപടം വ്യക്തമാക്കും. വികസന, ഭാവി നിക്ഷേപ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും ഇത് സഹായകമാകും. യൂണിഫൈഡ് ഇക്കണോമിക് രജിസ്റ്റർ തയ്യാറാക്കുന്നതും സമിതിയുടെ പ്രധാന പദ്ധതികളിലൊന്നാണ്. പ്രധാന ഭൂപ്രദേശത്തും എമിറേറ്റിലെ വിവിധ ഫ്രീ സോണുകളിലും പ്രവർത്തിക്കുന്ന അതോറിറ്റികൾ നൽകുന്ന ലൈസൻസുകളുടെ വിവരങ്ങൾ ഒരൊറ്റ ഡാറ്റാബേസിൽ ഉൾപ്പെടുത്തുന്നതാണ് ഈ സംവിധാനം. ആവശ്യാനുസരണം വിവിധ സർക്കാർ സ്ഥാപനങ്ങൾക്കിടയിൽ വിവരങ്ങൾ പങ്കുവയ്ക്കാനും ഏകോപനം മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും. എമിറേറ്റിന്റെ സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൂടുതൽ കൃത്യമായി കൈക്കൊള്ളാനും രജിസ്റ്റർ സഹായിക്കും. ഷാർജയിൽ കൂടുതൽ കായികമത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. രാജ്യാന്തര നിലവാരത്തിലുള്ള കായികമേളകൾക്ക് ആതിഥേയത്വം വഹിക്കുന്ന എമിറേറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സുസ്ഥിരതയും സാങ്കേതിക മാനദണ്ഡങ്ങളും ഉൾപ്പെടെയുള്ള രാജ്യാന്തര നിലവാരങ്ങൾ പാലിക്കുക, കായിക പ്രതിഭകൾക്ക് അനുയോജ്യമായ പരിശീലന സാഹചര്യം ഒരുക്കുക, കൂടുതൽ പേരുടെ പങ്കാളിത്തം ഉറപ്പാക്കുക, കായികതാരങ്ങൾക്കും സമൂഹത്തിനും ഒരുപോലെ പ്രയോജനകരമായ ഫലങ്ങൾ സൃഷ്ടിക്കുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
