ദുബായ്,നവംബർ 17,2026: ദുബൈ ഗവൺമെന്റിന്റെ സാമൂഹിക സേവനരംഗത്തെ ഇത്ര ഗോൾഡൻ അവാർഡിന് 2025-ൽ അർഹമായ മോഡൽ സർവീസ് സൊസൈറ്റി (MSS) സംഘടിപ്പിക്കുന്ന എട്ടാമത് എംഎസ്എസ് യൂത്ത് ഫെസ്റ്റിവൽ 2026 ഡിസംബർ 2 ബുധനാഴ്ച ദുബൈ മുഹൈസ്ന ന്യൂ ഡോൺ പ്രൈവറ്റ് സ്കൂളിൽ നടക്കും. യുഎഇയുടെ 55-ാമത് ഈദ് അൽ ഇത്തിഹാദ് ദേശീയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ മേള, വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളുടെയും യുവജനങ്ങളുടെയും കഴിവുകളും സർഗാത്മകതയും ഒരേ വേദിയിൽ അവതരിപ്പിക്കുന്ന അന്താരാഷ്ട്ര യുവജന സംഗമമായിരിക്കും.
ദുബൈ ഗവൺമെന്റിന്റെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ (CDA) ലൈസൻസോടെ പ്രവർത്തിക്കുന്ന മോഡൽ സർവീസ് സൊസൈറ്റി, സന്നദ്ധസേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സാമൂഹിക പ്രതിബദ്ധത, യുവജന ശാക്തീകരണം, വിദ്യാഭ്യാസ-സാംസ്കാരിക പ്രോത്സാഹനം തുടങ്ങിയ മേഖലകളിൽ നൽകിയ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഇത്ര ഗോൾഡൻ അവാർഡിന് അർഹമായത്. സാമൂഹിക സേവനം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എംഎസ്എസ്, വിവിധ സാമൂഹിക വിഭാഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സേവന-ക്ഷേമ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യുഎഇയിലെ സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമാണ്.
30-ലധികം ദേശീയതകൾ; യഥാർത്ഥ അന്താരാഷ്ട്ര യുവജന സംഗമം
യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നായി 60-ലധികം സ്കൂളുകൾ പങ്കെടുക്കുന്ന ഫെസ്റ്റിവലിൽ 30-ലധികം ദേശീയതകളിൽ നിന്നുള്ള 1,500-ലധികം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. 300-ലധികം സന്നദ്ധപ്രവർത്തകരുടെ സേവനവും 3,000-ത്തിലധികം കാണികളുടെ സാന്നിധ്യവും മേളയ്ക്ക് മാറ്റുകൂട്ടും. ദേശീയതകളുടെയും ഭാഷകളുടെയും സംസ്കാരങ്ങളുടെയും വൈവിധ്യങ്ങൾക്കിടയിൽ സൗഹൃദം, ഐക്യം, പരസ്പര ബഹുമാനം, സഹിഷ്ണുത എന്നിവ വളർത്തിയെടുക്കുക എന്നതാണ് ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യം.
കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വിപുലതയോടും മത്സര നിലവാരത്തോടും കിടപിടിക്കുന്ന രീതിയിൽ വൈവിധ്യമാർന്ന കലാ-സാംസ്കാരിക മത്സരങ്ങളാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണം. പബ്ലിക് സ്പീക്കിംഗ്, സ്റ്റോറിടെല്ലിംഗ്, ഫോക്ക് ഡാൻസ്, സ്കിറ്റ്, ടാലന്റ് ഷോ, ഖുർആൻ പാരായണം, ഫാൻസി ഡ്രസ്, പെൻസിൽ ഡ്രോയിംഗ്, കളറിംഗ്, അറബിക് കാലിഗ്രഫി, ടാബ്ലോ, മൈം തുടങ്ങിയ വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കും.
മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വ്യക്തിഗത പ്രതിഭകളെയും സ്കൂളുകളെയും ആദരിക്കുന്നതിനായി മൂന്ന് പ്രധാന പുരസ്കാരങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്:
ബെസ്റ്റ് പെർഫോമർ ബോയ് (Best Performer Boy)
ബെസ്റ്റ് പെർഫോമർ ഗേൾ (Best Performer Girl)
ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി (Overall Championship Trophy)
വിജ്ഞാനത്തിനും ഭിന്നശേഷി പ്രതിഭകൾക്കും പ്രത്യേക വേദി
സീസൺ എട്ടിന്റെ ഭാഗമായി ഇന്റർ സ്കൂൾ ക്വിസ് മത്സരമായ ‘ചാമ്പ്യൻസ് ട്രോഫി’യും നടക്കും. വിദ്യാർത്ഥികളുടെ വിജ്ഞാനവും നിരീക്ഷണശേഷിയും മത്സരബോധവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച വേദിയായിരിക്കും ഇത്. കൂടാതെ, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കല, പെയിന്റിംഗ്, ക്രിയേറ്റീവ് ക്രാഫ്റ്റ്, സ്റ്റോറിടെല്ലിംഗ് തുടങ്ങിയ മേഖലകളിൽ കഴിവുകൾ പ്രകടിപ്പിക്കാൻ പ്രത്യേക വേദിയൊരുക്കും. മത്സരവിജയങ്ങൾക്കപ്പുറം ഓരോ കുട്ടിയുടെയും പങ്കാളിത്തത്തിനും ആത്മവിശ്വാസത്തിനും സർഗാത്മകതയ്ക്കും പ്രാധാന്യം നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
യുവജന ശാക്തീകരണത്തിലൂടെ സാമൂഹിക ഐക്യം
കുട്ടികളിലും യുവജനങ്ങളിലും നേതൃത്വഗുണം, ആശയവിനിമയശേഷി, ആത്മവിശ്വാസം, സർഗാത്മകത, സാമൂഹിക ഉത്തരവാദിത്തബോധം എന്നിവ വളർത്തിയെടുക്കുകയാണ് എംഎസ്എസ് യൂത്ത് ഫെസ്റ്റിവലിന്റെ വിശാലമായ ലക്ഷ്യം. യുഎഇ ഉയർത്തിപ്പിടിക്കുന്ന സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും സന്ദേശം പുതുതലമുറയിലേക്ക് എത്തിക്കുന്നതിലും ഈ സംഗമം പ്രധാന പങ്കുവഹിക്കും.
ഡിസംബർ 2-ന് രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് മത്സരങ്ങൾ നടക്കുക. സമാപന-പുരസ്കാരദാന ചടങ്ങ് വൈകുന്നേരം 6 മണി മുതൽ 8 മണി വരെ ക്രമീകരിച്ചിരിക്കുന്നു. യുഎഇയുടെ ദേശീയ ഐക്യവും സാംസ്കാരിക വൈവിധ്യവും ആഘോഷിക്കുന്ന ഈ യുവജന സംഗമത്തിലേക്ക് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, സ്കൂൾ മാനേജ്മെന്റുകൾ, സാമൂഹിക പ്രവർത്തകർ, പൊതുജനങ്ങൾ, മാധ്യമപ്രവർത്തകർ എന്നിവരെ എംഎസ്എസ് ഭാരവാഹികൾ സ്വാഗതം ചെയ്തു.
ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ എംഎസ്എസ് ചെയർമാൻ ഫൈയാ സ് ,യൂത്ത് ഫെസ്ടിവൽ ഡയറക്ടർ നസീർ അബൂബക്കർ ,പ്രോഗ്രാം ചീഫ് ഡയറക്ടർ ഷജിൽ ഷൌക്കത്ത് ,പ്രോഗ്രാം ഡയറക്ടർ മുഹമ്മദ് ഇജാസ് ,ഫിനാൻസ് ഡയറക്ടർ അബ്ദുൾ മുത്തലീഫ് ,മീഡിയ മാനേജർ മുഹമ്മദ് ഷാഫി തുടങ്ങിയവർ പങ്കെടുത്തു.
