ദുബായ്, നവംബർ 18, 2026: ദുബായിലെ ഫ്ലൈദുബായ് ക്യാംപസിൽ പോസിറ്റീവ് സീറോയുമായി ചേർന്ന് സൗരോർജ പദ്ധതി പൂർത്തിയാക്കി. ക്യാംപസിലെ കെട്ടിടങ്ങളുടെ മേൽക്കൂരകളിലും കാർ പാർക്കിങ് മേഖലയിലുമാണ് സോളാർ പാനലുകൾ സ്ഥാപിച്ചത്. പദ്ധതിയിലൂടെ പ്രതിവർഷം 1,169 ടൺ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളൽ ഒഴിവാക്കാനാകുമെന്നാണ് ഫ്ലൈദുബായിയുടെ കണക്ക്.
ക്യാംപസിന്റെ വൈദ്യുതി ആവശ്യത്തിന്റെ 10 ശതമാനം സൗരോർജത്തിൽനിന്ന്
1,113 കിലോവാട്ട് പീക്ക് സ്ഥാപിത ശേഷിയുള്ള പദ്ധതി പ്രതിവർഷം 17 ലക്ഷം യൂണിറ്റിലധികം വൈദ്യുതി ഉൽപാദിപ്പിക്കും. 244 വീടുകൾക്ക് ഒരു വർഷത്തേക്ക് ആവശ്യമായ വൈദ്യുതിക്ക് തുല്യമാണിത്. ഈ ഉൽപാദനം ക്യാംപസിലെ വൈദ്യുതി ഉപയോഗത്തിന്റെ 10 ശതമാനം നിറവേറ്റും. പദ്ധതിയുടെ 20 വർഷത്തെ പ്രവർത്തനകാലയളവിൽ വൈദ്യുതിച്ചെലവിൽ ദശലക്ഷക്കണക്കിന് ദിർഹത്തിന്റെ ലാഭമാണ് പ്രതീക്ഷിക്കുന്നത്. സോളാർ സംവിധാനങ്ങൾ സ്ഥാപിച്ചതും അവ പ്രവർത്തിപ്പിക്കുന്നതും പോസിറ്റീവ് സീറോയാണ്.
ക്യാംപസിലെ ഊർജ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കാനും കമ്പനിയുടെ പ്രവർത്തനങ്ങളിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതിയെന്ന് ഫ്ലൈദുബായ് ചീഫ് പ്രൊക്യുർമെന്റ് ആൻഡ് ടെക്നോളജി ഓഫീസർ മുഹമ്മദ് ഹാരെബ് അൽ മുഹൈരി പറഞ്ഞു. ക്യാംപസിന്റെ വൈദ്യുതിച്ചെലവും കാർബൺ പുറന്തള്ളലും കുറയ്ക്കാൻ സൗരോർജം സഹായിക്കുമെന്ന് പോസിറ്റീവ് സീറോ സിഇഒ ഡേവിഡ് ഓറിയോ പറഞ്ഞു.
ക്യാംപസിൽ ഊർജ, ജല സംരക്ഷണ സംവിധാനങ്ങൾ
ഫ്ലൈദുബായ് ക്യാംപസിന് 2023 മുതൽ ലീഡ് സിൽവർ സർട്ടിഫിക്കേഷനുണ്ട്. ഊർജ ഉപയോഗം നിയന്ത്രിക്കുന്ന സ്മാർട്ട് സംവിധാനങ്ങൾ, ജലസംരക്ഷണ നടപടികൾ, ഗാഫ് മരങ്ങൾ നട്ടുപിടിപ്പിക്കൽ എന്നിവയും ക്യാംപസിലെ പദ്ധതികളിൽ ഉൾപ്പെടുന്നു. 2025ൽ തുറന്ന 38,000 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്ലൈറ്റ് ട്രെയിനിങ് സെന്ററിന് അതേ വർഷം ലീഡ് ഗോൾഡ് സർട്ടിഫിക്കേഷൻ ലഭിച്ചു. ആറ് സിമുലേറ്റർ ബേകൾ സെന്ററിലുണ്ട്.
ഫ്ലൈദുബായിയുടെ വിമാനനിരയിൽ 79 ബോയിങ് 737 മാക്സ് വിമാനങ്ങളുണ്ട്. മുൻതലമുറ വിമാനങ്ങളേക്കാൾ 14 ശതമാനം കൂടുതൽ ഇന്ധനക്ഷമതയാണ് ഈ മോഡലിനുള്ളതെന്ന് കമ്പനി വ്യക്തമാക്കി. 2025ലെ ദുബായ് എയർ ഷോയിൽ 75 ബോയിങ് 737 മാക്സ് വിമാനങ്ങൾക്കായി ധാരണാപത്രം ഒപ്പുവെച്ചതായും 150 എയർബസ് എ321 നിയോ വിമാനങ്ങൾക്കായി കരാറിലെത്തിയതായും ഫ്ലൈദുബായ് പ്രഖ്യാപിച്ചിരുന്നു.
2025ൽ ലോകത്ത് ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള 20 വിമാനക്കമ്പനികളുടെ പട്ടികയിൽ സിറിയം ഫ്ലൈദുബായിയെ ഉൾപ്പെടുത്തി. 2025ലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ആദ്യ സസ്റ്റെയിനബിലിറ്റി റിപ്പോർട്ട് കമ്പനി 2026ൽ പുറത്തിറക്കി. യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങളും യുഎഇയുടെ ‘നെറ്റ് സീറോ 2050’ ലക്ഷ്യവും പരിഗണിച്ചുള്ള അഞ്ചുവർഷ പദ്ധതിയാണ് റിപ്പോർട്ടിൽ അവതരിപ്പിച്ചത്.
