ദുബായ്, നവംബർ 18, 2026: ഈ വർഷത്തെ ആദ്യ ഒമ്പത് മാസത്തിൽ ദുബായ് റെസിഡൻഷ്യൽ റീറ്റിന്റെ വരുമാനം മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 7.6 ശതമാനം ഉയർന്നു. മൊത്തം ആസ്തിമൂല്യം 23 ബില്യൺ ദിർഹത്തിൽനിന്ന് 25.2 ബില്യൺ ദിർഹമായി. വാടക നിരക്കിലെ വർധനയും വാടകയ്ക്ക് നൽകിയ വീടുകളുടെ ഉയർന്ന അനുപാതവുമാണ് വരുമാന വളർച്ചയ്ക്ക് കരുത്തായത്.
ശരാശരി ഒക്ക്യുപൻസി 98.4 ശതമാനം
സെപ്റ്റംബർ 30ന് അവസാനിച്ച ഒമ്പത് മാസത്തിൽ, താരതമ്യത്തിന് എടുത്ത റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ ശരാശരി ഒക്ക്യുപൻസി 98.4 ശതമാനമായി. മുൻവർഷത്തെ ഇതേ കാലയളവിൽ ഇത് 98.1 ശതമാനമായിരുന്നു. വാടകയ്ക്ക് നൽകിയ സ്ഥലത്തുനിന്നുള്ള ശരാശരി വരുമാനം വാർഷിക നിരക്കിൽ കണക്കാക്കുമ്പോൾ ചതുരശ്ര അടിക്ക് 56.1 ദിർഹത്തിൽനിന്ന് 60 ദിർഹമായി. ഏഴ് ശതമാനമാണ് വർധന. പുതുക്കിയതും പുതിയതുമായ വാടകക്കരാറുകളിലെ ഉയർന്ന നിരക്കുകളാണ് ഇതിന് കാരണമായത്.
മൂന്നാം പാദത്തിൽ 96.3 ശതമാനം വാടകക്കാർ കരാർ പുതുക്കി. രണ്ടാം പാദത്തിൽ ഇത് 96.4 ശതമാനവും ആദ്യ പാദത്തിൽ 97.8 ശതമാനവുമായിരുന്നു.
276 വീടുകൾ കൂടി പോർട്ട്ഫോളിയോയിൽ
ഗാർഡൻ വ്യൂ വില്ലാസ്, ജബൽ അലി വില്ലേജ് എന്നിവിടങ്ങളിലായി 276 റെസിഡൻഷ്യൽ യൂണിറ്റുകൾ കൂടി പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തി. ഈ കമ്മ്യൂണിറ്റികളിൽ കൂടുതൽ വീടുകൾ വാടകയ്ക്ക് നൽകുന്നതിനും നിക്ഷേപകർക്ക് ദീർഘകാല നേട്ടം നൽകുന്ന അവസരങ്ങൾ വിലയിരുത്തുന്നതിനും മുൻഗണന നൽകുമെന്ന് മാനേജിങ് ഡയറക്ടർ അഹമ്മദ് അൽ സുവൈദി പറഞ്ഞു. വാടകക്കരാറുകളും പ്രോപ്പർട്ടികളും കാര്യക്ഷമമായി കൈകാര്യം ചെയ്തതും പോർട്ട്ഫോളിയോ വിപുലീകരിച്ചതും വളർച്ചയ്ക്ക് സഹായിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ദുബായ് ഹോൾഡിങ് അസറ്റ് മാനേജ്മെന്റുമായി ചേർന്ന് ആഡംബര വില്ലകളുടെ പദ്ധതിയായ ‘ദി ഏക്കേഴ്സ്’, ദുബായ് സയൻസ് പാർക്കിലെ ടൗൺഹൗസ് പദ്ധതിയായ ‘ലാന്റാന ഹിൽസ്’ എന്നിവയിലും റീറ്റ് പ്രവർത്തിക്കുന്നുണ്ട്. ദുബായ് വാർഫിലെ റീട്ടെയിൽ യൂണിറ്റുകൾ വിവിധ തരത്തിലുള്ള താമസ യൂണിറ്റുകളാക്കി മാറ്റാനും പദ്ധതിയുണ്ട്. നിക്ഷേപ മാനദണ്ഡങ്ങൾ പാലിക്കുന്ന റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ മറ്റ് ഉടമകളിൽനിന്ന് ഏറ്റെടുക്കാനുള്ള അവസരങ്ങളും റീറ്റ് പരിശോധിക്കുന്നുണ്ട്.
