റാസ് അൽ ഖൈമ, നവംബർ 18, 2026 : റാസ് അൽ ഖൈമ നൈറ്റ് മാർക്കറ്റിന്റെ രണ്ടാം പതിപ്പിന് നവംബർ 20ന് തുടക്കമാകും. റാസ് അൽ ഖൈമ എക്സിബിഷൻ സെന്ററിന് മുന്നിലെ തുറസ്സായ സ്ഥലത്താണ് മാർക്കറ്റ് ഒരുക്കുന്നത്. ഷോപ്പിങ്ങും വിനോദവും ഒരുമിക്കുന്ന പരിപാടിയിലേക്ക് യുഎഇയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സ്വദേശികളെയും താമസക്കാരെയും സന്ദർശകരെയും പ്രതീക്ഷിക്കുന്നു.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാർക്കറ്റ്
ആദ്യ ഘട്ടം 2026 നവംബർ 20 മുതൽ ഡിസംബർ 13 വരെയും രണ്ടാം ഘട്ടം 2027 ജനുവരി 8 മുതൽ 31 വരെയും നടക്കും. രണ്ട് ഘട്ടങ്ങളിലും വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് മാർക്കറ്റ് പ്രവർത്തിക്കുക.
അഞ്ഞൂറോളം സംരംഭകർക്ക് പിന്തുണ നൽകുന്ന പരിപാടിയിലൂടെ ഒരു ലക്ഷത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് റാസ് അൽ ഖൈമ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ ഡോ. റാഷിദ് ഖൽഫാൻ അൽ നുഐമി പറഞ്ഞു. മുൻ പതിപ്പിൽ 65,000ത്തിലധികം പേർ മാർക്കറ്റ് സന്ദർശിച്ചിരുന്നു.
