റാസ് അൽ ഖൈമ, നവംബർ 18, 2026 : ഇന്റർനേഷൻസിന്റെ 2026ലെ എക്സ്പാറ്റ് സിറ്റി റാങ്കിങ്ങിൽ റാസ് അൽ ഖൈമ ഒന്നാമത്. ലോകത്തെ 33 നഗരങ്ങളെ ഉൾപ്പെടുത്തിയ പട്ടികയിലാണ് ഈ നേട്ടം. റാങ്കിങ് ഒടുവിൽ പ്രസിദ്ധീകരിച്ച 2024ൽ റാസ് അൽ ഖൈമ ആറാം സ്ഥാനത്തായിരുന്നു.
162 രാജ്യക്കാരായ 8,000 പ്രവാസികൾ പങ്കെടുത്ത എക്സ്പാറ്റ് ഇൻസൈഡർ സർവേയുടെ അടിസ്ഥാനത്തിലാണ് റാങ്കിങ്. പുതിയ നാട്ടിൽ താമസമുറപ്പിക്കാനുള്ള എളുപ്പം, വിദേശത്തെ തൊഴിൽ അനുഭവം, പ്രവാസികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിൽ റാസ് അൽ ഖൈമ ഒന്നാമതെത്തി. വ്യക്തിഗത സാമ്പത്തിക സ്ഥിതിയിലും ജീവിതത്തിലെ മൊത്തത്തിലുള്ള സന്തോഷത്തിലും രണ്ടാം സ്ഥാനമാണ് നേടിയത്.
ജീവിതത്തിൽ സന്തുഷ്ടരെന്ന് 84 ശതമാനം പ്രവാസികൾ
റാസ് അൽ ഖൈമയിലെ ജീവിതത്തിൽ സന്തുഷ്ടരാണെന്ന് 84 ശതമാനം പ്രവാസികൾ പറഞ്ഞു. ആഗോള ശരാശരി 70 ശതമാനമാണ്. പൂർണമായും സന്തുഷ്ടരാണെന്ന് 45 ശതമാനം പേർ അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ ഇത് 25 ശതമാനമാണ്.
പ്രദേശവാസികളുടെ സൗഹൃദപരമായ പെരുമാറ്റത്തെ 86 ശതമാനം പേർ അനുകൂലമായി വിലയിരുത്തി. ആഗോള ശരാശരി 63 ശതമാനമാണ്. പ്രാദേശിക സംസ്കാരവുമായി പൊരുത്തപ്പെടാൻ എളുപ്പമാണെന്ന് 80 ശതമാനം പേർ പറഞ്ഞു. ആഗോളതലത്തിൽ ഇത് 60 ശതമാനമാണ്. സ്വീകരിക്കപ്പെടുന്നുവെന്ന തോന്നൽ, സ്വന്തം നാടുപോലെ അനുഭവപ്പെടുക, സുഹൃത്തുക്കളെ കണ്ടെത്തുക എന്നീ കാര്യങ്ങളിലും റാസ് അൽ ഖൈമ ഒന്നാമതെത്തി. പ്രദേശവാസികളുമായി സൗഹൃദം സ്ഥാപിക്കാൻ എളുപ്പമാണെന്ന് 64 ശതമാനം പേർ പറഞ്ഞു. ആഗോള ശരാശരി 39 ശതമാനമാണ്.
തൊഴിൽ സാധ്യതകൾ മെച്ചപ്പെട്ടെന്ന് 85 ശതമാനം പേർ
റാസ് അൽ ഖൈമയിലേക്ക് താമസം മാറിയതോടെ തൊഴിൽ മേഖലയിൽ മുന്നേറാനുള്ള അവസരങ്ങൾ മെച്ചപ്പെട്ടതായി ജോലി ചെയ്യുന്ന പ്രവാസികളിൽ 85 ശതമാനം പേർ പറഞ്ഞു. ആഗോള ശരാശരി 55 ശതമാനമാണ്. പ്രാദേശിക സമ്പദ്വ്യവസ്ഥയെ 90 ശതമാനം പേർ അനുകൂലമായി വിലയിരുത്തി. ആഗോളതലത്തിൽ ഇത് 59 ശതമാനമാണ്. ജോലി ചെയ്യുന്ന പ്രവാസികളിൽ 22 ശതമാനം പേർക്ക് സ്വന്തം ബിസിനസുണ്ട്. ആഗോള ശരാശരി എട്ട് ശതമാനമാണ്.
വിസയും താമസവും കണ്ടെത്താൻ എളുപ്പം
വിസ ലഭിക്കാൻ എളുപ്പമാണെന്ന് 86 ശതമാനം പേരും താമസസ്ഥലം കണ്ടെത്താൻ എളുപ്പമാണെന്ന് 80 ശതമാനം പേരും പറഞ്ഞു. ആഗോളതലത്തിൽ ഈ നിരക്കുകൾ യഥാക്രമം 55 ശതമാനവും 44 ശതമാനവുമാണ്. താമസച്ചെലവ് താങ്ങാനാകുന്നതാണെന്ന് 69 ശതമാനം പേർ വിലയിരുത്തി. ആഗോള ശരാശരി 32 ശതമാനമാണ്.
വ്യക്തിഗത സുരക്ഷയെ 94 ശതമാനം പേർ അനുകൂലമായി വിലയിരുത്തി. ആഗോള ശരാശരി 81 ശതമാനമാണ്. സുരക്ഷയുടെ കാര്യത്തിൽ റാസ് അൽ ഖൈമ ലോകത്ത് മൂന്നാം സ്ഥാനത്തെത്തി. സുഖമായി ജീവിക്കാൻ കുടുംബത്തിന് ചെലവഴിക്കാവുന്ന വരുമാനം മതിയാകുന്നതോ ആവശ്യത്തിലധികമോ ആണെന്ന് 85 ശതമാനം പേർ പറഞ്ഞു. ആഗോള ശരാശരി 71 ശതമാനമാണ്.
