അബുദാബി, നവംബർ 18, 2026: അബുദാബി ഇന്റർനാഷണൽ ബോട്ട് ഷോയുടെ എട്ടാം പതിപ്പ് നവംബർ 19 മുതൽ 22 വരെ അഡ്നെക് സെന്ററിലെ മറീന ഹാളിൽ നടക്കും. 57 രാജ്യങ്ങളിൽനിന്നായി 1,210 പ്രദർശകരും ബ്രാൻഡുകളും പങ്കെടുക്കും. 2025നെ അപേക്ഷിച്ച് 13 ശതമാനം വർധനയാണിത്. ഷോയുടെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ പതിപ്പാണ് ഇത്തവണത്തേത്.
അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. ‘ലൈഫ് ഓൺ ആൻഡ് ബിയോണ്ട് ദ വാട്ടർ’ എന്ന പ്രമേയത്തിൽ അഡ്നെക് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഷോ 96,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് ഒരുക്കുന്നത്.
മറീനയിൽ 168 ബോട്ടുകൾ, നേരിട്ട് പരീക്ഷിക്കാനും അവസരം
168 ബോട്ടുകൾ മറീനയിൽ പ്രദർശിപ്പിക്കും. ആഡംബര യോട്ടുകൾ, ഹൗസ്ബോട്ടുകൾ, വിനോദ ബോട്ടുകൾ, ജലകായിക ഉപകരണങ്ങൾ എന്നിവയിൽ ചിലത് മേഖലയിൽ ആദ്യമായി അവതരിപ്പിക്കും. ബോട്ടുകളുടെ തത്സമയ ഡെമോകൾ കാണാനും സീ ട്രയൽസിലൂടെ അവ വെള്ളത്തിലിറക്കി പരീക്ഷിക്കാനും അവസരമുണ്ട്. നാവിഗേഷൻ ഹബ്ബിൽ ജലവിനോദ പരിപാടികളും നടക്കും.
സൂപ്പർയോട്ടുകൾക്കും ചാർട്ടർ സേവനങ്ങൾക്കുമായി പ്രത്യേകം ഒരുക്കുന്ന ചാർട്ടർ ഷോ ഇത്തവണയും ഉണ്ടാകും. ബിസിനസ് കൂടിക്കാഴ്ചകൾക്കായി വാട്ടർഫ്രണ്ട് ലോഞ്ചും ഒരുക്കിയിട്ടുണ്ട്. ജിസിസി രാജ്യങ്ങളിൽനിന്നുള്ള പങ്കാളിത്തം 216 ശതമാനം ഉയർന്ന് 355 പ്രദർശകരും ബ്രാൻഡുകളും ആയി. ബോട്ട് നിർമാതാക്കളുടെ പങ്കാളിത്തത്തിൽ 33 ശതമാനം വർധനയുണ്ട്.
കുടുംബങ്ങൾക്കും പ്രത്യേക പരിപാടികൾ
ലൈഫ്സ്റ്റൈൽ ആൻഡ് വെൽനെസ്, ഔട്ട്ഡോർ ലിവിങ് മേഖലകൾ ഇത്തവണ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ബോട്ടേഴ്സ് മാർക്കറ്റ്, പുതുസംരംഭങ്ങൾക്കായുള്ള ഇന്നൊവേഷൻ സോൺ, ഫിഷിങ് സോൺ, ബോട്ടിങ്ങിനെക്കുറിച്ചുള്ള നോളജ് ബോക്സ് സെഷനുകൾ എന്നിവയും ഷോയുടെ ഭാഗമാണ്. കുടുംബങ്ങൾക്കുള്ള പരിപാടികൾ വിപുലീകരിച്ചതിനൊപ്പം കുട്ടികൾക്കായുള്ള കിഡ്സ് സോണും കൂടുതൽ വലുപ്പത്തിൽ ഒരുക്കും.
എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയാണ് പ്രദർശനം. രാത്രി 9.30 വരെയാണ് പ്രവേശനം.
