ദുബായ്, നവംബർ 18, 2026 : പൊതുജനങ്ങൾക്ക് സേവനവിവരങ്ങൾ കൂടുതൽ വ്യക്തമായും എളുപ്പത്തിലും ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ദുബായ് ജിഡിആർഎഫ്എയുടെ മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗം നാല് രാജ്യാന്തര പ്രൊഫഷണൽ അംഗത്വങ്ങൾ നേടി. ആശയവിനിമയത്തിന്റെ ഫലപ്രാപ്തി വിലയിരുത്തുന്ന ഇന്റർനാഷനൽ അസോസിയേഷൻ ഫോർ മെഷർമെന്റ് ആൻഡ് ഇവാല്യുവേഷൻ ഓഫ് കമ്മ്യൂണിക്കേഷനിൽ (AMEC)- പൂർണ അംഗത്വം നേടുന്ന യുഎഇയിലെ ആദ്യ സർക്കാർ സ്ഥാപനമായി മാറി ദുബായ് ജിഡിആർഎഫ്എ.
ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് റിലേഷൻസ് (CIPR), പബ്ലിക് റിലേഷൻസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് അസോസിയേഷൻ (PRCA), ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർക്കറ്റിങ് (CIM) എന്നിവയിലാണ് മറ്റു മൂന്ന് അംഗത്വങ്ങൾ. പൊതുസമ്പർക്കത്തിലെ തൊഴിൽപരവും ധാർമികവുമായ മാനദണ്ഡങ്ങൾ, സ്ഥാപനത്തിന്റെ പൊതുപ്രതിച്ഛായ കൈകാര്യം ചെയ്യൽ, ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യൽ തുടങ്ങിയ മേഖലകളിൽ രാജ്യാന്തര വൈദഗ്ധ്യം പ്രയോജനപ്പെടുത്താൻ ഇവ സഹായിക്കും. ആശയവിനിമയം ലക്ഷ്യം കൈവരിക്കുന്നുണ്ടോ എന്ന് വിലയിരുത്താനുള്ള രീതികൾ അമെക് അംഗത്വത്തിലൂടെ ലഭ്യമാകും. രാജ്യാന്തര വിദഗ്ധരുമായി അനുഭവങ്ങൾ പങ്കുവെക്കാനും സ്വദേശികളായ ജീവനക്കാരുടെ പ്രൊഫഷണൽ മികവ് വളർത്താനും അംഗത്വങ്ങൾ അവസരമൊരുക്കും.
സേവനത്തിന് അപേക്ഷിക്കുന്നതിനു മുമ്പേ, ലഭ്യമായ സേവനങ്ങളും അവയുടെ നിബന്ധനകളും അന്വേഷിക്കുന്ന ഘട്ടത്തിൽത്തന്നെ ഉപഭോക്താവിന്റെ അനുഭവം തുടങ്ങുന്നുവെന്ന് ജിഡിആർഎഫ്എ ലീഡർഷിപ്പ് ആൻഡ് ഫ്യൂച്ചർ അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽസമദ് ഹുസൈൻ സുലൈമാൻ പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് വ്യക്തമായ വിവരങ്ങൾ നൽകുന്നത് സേവനങ്ങൾ ഉപയോഗിക്കാൻ എളുപ്പമാക്കുകയും സ്ഥാപനത്തിലുള്ള വിശ്വാസം വർധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആവശ്യമായ വിവരങ്ങൾ കണ്ടെത്താനും അനുയോജ്യമായ സേവനം തിരഞ്ഞെടുക്കാനും അപേക്ഷാ നടപടികൾ മനസ്സിലാക്കാനും ജനങ്ങളെ സഹായിക്കുന്ന ഉള്ളടക്കം തയ്യാറാക്കുകയാണ് ലക്ഷ്യമെന്ന് മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗം ഡയറക്ടർ ഡോ. നജ്ല ഒമർ അൽ ദൂഖി പറഞ്ഞു. വിവരങ്ങൾ എത്ര പേരിലെത്തി എന്നതിനൊപ്പം, അവ ജനങ്ങൾക്ക് എത്രത്തോളം പ്രയോജനപ്പെട്ടു, ഏതൊക്കെ കാര്യങ്ങളിൽ ആശയക്കുഴപ്പം തുടരുന്നു, ജനങ്ങളുടെ പ്രതികരണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നിവയും വിലയിരുത്തുമെന്ന് അവർ കൂട്ടിച്ചേർത്തു.
വിവിധ ഭാഷാ, സാംസ്കാരിക പശ്ചാത്തലങ്ങളിലുള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരങ്ങൾ തയ്യാറാക്കാനും അവർക്ക് സൗകര്യപ്രദമായ മാർഗങ്ങളിലൂടെ അവ എത്തിക്കാനുമാണ് ജിഡിആർഎഫ്എ ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾ പതിവായി ചോദിക്കുന്ന ചോദ്യങ്ങളും സേവനവിവരങ്ങളും മാർഗനിർദേശങ്ങളും മെച്ചപ്പെടുത്താൻ ഉപയോഗിക്കും

ഫോട്ടോ :ബ്രിഗേഡിയർ അബ്ദുൽസമദ് ഹുസൈൻ സുലൈമാൻ

ഫോട്ടോ :ഡോ. നജ്ല ഒമർ അൽ ദൂഖി
