‘
ദുബായ് ∙ നടൻ നട്ടി നായകനായെത്തുന്ന ‘ടിഎൻ 2026’ (തങ്കനച്ചത്തിരം2026) തമിഴ് രാഷ്ട്രീയത്തെയും വെള്ളിത്തിരയിലെ സൂപ്പർതാരങ്ങളുടെ രാഷ്ട്രീയ മോഹങ്ങളെയും കടന്നാക്രമിക്കുന്ന മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമ. ഇന്നലെ ദുബായിൽ മാധ്യമപ്രവർത്തകർക്കായി പ്രദർശിപ്പിച്ച ചിത്രം കണ്ടിറങ്ങിയവർക്കെല്ലാം ഒരേ അഭിപ്രായം. ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിനു പിന്നാലെ തന്നെ ഇത് രജനീകാന്തിനെയും വിജയിയെയും ലക്ഷ്യം വച്ചുള്ളതാണെന്ന തരത്തിലുള്ള വിവാദങ്ങളും തമിഴ് സിനിമാലോകത്ത് സജീവമായിരുന്നു. ‘കുൽകന്ത് കുമാർ’ എന്ന ഉത്തരേന്ത്യക്കാരൻ തമിഴ് സിനിമയിലെ നായകനായും സൂപ്പർതാരമായി വളരുന്നതും പിന്നീട് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ലക്ഷ്യമിടുന്നില്ലെന്ന് നിർമാതാക്കൾ വ്യകതമാക്കി. തമിഴ് നടൻ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെ ആക്ഷേപിക്കുന്നതെന്ന് വിമർശിക്കപ്പെട്ട സിനിമയുടെ ആദ്യ പ്രദർശനത്തിന് ശേഷം ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിർമാതാക്കളായ വ്യവസായി കണ്ണൻ രവിയും മകൻ ദീപക് രവിയും. സിനിമ തമിഴ് രാഷ്ട്രീയത്തിലെ സമകാലിക സാഹചര്യങ്ങളെ ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. സിനിമയുടെ കഥ ഒരു വർഷം മുമ്പേ പൂർത്തിയായതാണ്. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളുമായുള്ള ഇതിനുള്ള സാമ്യം യാദൃച്ഛികം മാത്രമാണ്. ഏത് സിനിമയിലും രാഷ്ട്രീയ ഉള്ളടക്കമുണ്ടാകും. മാത്രമല്ല വിവാദമാക്കാൻ ശ്രമിക്കുന്നവർക്ക് പല കാരണങ്ങളുമുണ്ടാക്കാനും സാധിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇറങ്ങുന്നതിനാൽ ചർച്ച ചെയ്യപ്പെടുന്നത് സ്വാഭാവികം മാത്രമാണ് -ഇരുവരും വ്യക്തമാക്കി.
വിവാദങ്ങളെ മറികടന്ന് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നതിൽ സന്തോഷമുണ്ടെന്നും, ഗൾഫ് റിലീസിന് ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും ഇരുവരും പറഞ്ഞു.
“ടി എൻ 2026”, റിലീസിനു മുൻപേ തന്നെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. ചിത്രത്തിലെ ചില രാഷ്ട്രീയ പരാമർശങ്ങൾക്കും കഥാപാത്രങ്ങളുടെയും അവതരണത്തിനുമെതിരെ വിവിധ സംഘടനകൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ റിലീസ് ഉണ്ടാകുമോ എന്ന ആശങ്കയും സിനിമാപ്രേമികൾക്കിടയിൽ നിലനിന്നിരുന്നു. എന്നാൽ എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് ചിത്രം ഗൾഫിലെ പ്രധാന കേന്ദ്രങ്ങളിൽ റിലീസ് ചെയ്യപ്പെട്ടു. ദുബൈയിൽ ആദ്യദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചതെന്ന് വിതരണക്കാർ അറിയിച്ചു.

