ദുബായ്∙ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിലൂടെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ മികച്ച വിനിയോഗത്തിലൂടെയും ഓഫിസ് പ്രവർത്തനങ്ങൾ പൂർണമായും കടലാസ് രഹിതമാക്കിയ നെസ്റ്റോ ഗ്രൂപ്പിന് ‘ഗോ ഗ്രീൻ’ സുസ്ഥിരതാ പുരസ്കാരം. ക്യൂബ് ഇന്നൊവേറ്റേഴ്സ് ടെക്നോളജീസാണ് പുരസ്കാരം നൽകിയത്. ഹ്യൂമൻ റിസോഴ്സ് (എച്ച്ആർ), ഫിനാൻസ്, സ്റ്റോറുകൾ എന്നിവയുൾപ്പെടെയുള്ള വിഭാഗങ്ങളിലെ 3.3 കോടിയോളം രേഖകൾ ഡിജിറ്റൈസ് ചെയ്തതിലൂടെ കടലാസ്, പ്രിന്റിങ് ചെലവുകളിൽ 80 ശതമാനത്തോളം കുറവുണ്ടായി.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ കുറയ്ക്കുന്നതിനുള്ള ‘ഗ്രീൻ ഹോപ്’ പദ്ധതി, കേന്ദ്ര സംഭരണശാലകളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ച ‘ഗ്രീൻ വെയർഹൗസ്’ പദ്ധതി, പ്രാദേശിക കർഷകരെ പിന്തുണയ്ക്കുന്ന ‘ഗ്രീൻ എമിറാത്ത്’ സംരംഭം, ഇനാം ആപ്പ് വഴിയുള്ള ഡിജിറ്റൽ ബില്ലിംഗ് എന്നിവയാണ് നെസ്റ്റോയുടെ മറ്റ് പ്രധാന പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ. സുസ്ഥിര വികസനം തങ്ങളുടെ ദീർഘകാല ബിസിനസ് തന്ത്രത്തിന്റെ പ്രധാന ഭാഗമാണെന്ന് നെസ്റ്റോ ഗ്രൂപ്പ് എച്ച്ആർ ആൻഡ് അഡ്മിൻ മാനേജർ എൻ.പി. ഷംസുദ്ദീൻ പറഞ്ഞു.
പരിസ്ഥിതി സുസ്ഥിരതയും ഡിജിറ്റൽ നവീകരണവും എങ്ങനെ ഒന്നിച്ച് കൊണ്ടുപോകാമെന്ന് നെസ്റ്റോ തെളിയിച്ചിരിക്കുകയാണെന്നും റീട്ടെയിൽ മേഖലയ്ക്ക് ഇതൊരു മികച്ച മാതൃകയാണെന്നും ക്യൂബ് ഇന്നൊവേറ്റേഴ്സ് ടെക്നോളജീസ് ഗ്ലോബൽ ഡയറക്ടർ സെബി സിറിയക് പറഞ്ഞു.

