ദുബായ് , ഓഗസ്റ്റ് 18 2026 : ഓഗസ്റ്റ് ബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി ടെർമിനൽ 3-ൽ പ്രത്യേക റൈഡർ വെയിറ്റിംഗ് ലോഞ്ച് തുറന്നു. Uber , Dubai Airports എന്നിവ സംയുക്തമായാണ് പുതിയ സൗകര്യം ഒരുക്കിയത്.
ടെർമിനൽ 3-ലെ പ്രധാന Uber, Careem റൈഡ് പിക്കപ്പ് ഏരിയയ്ക്ക് സമീപമാണ് ലോഞ്ച് ഒരുക്കിയിരിക്കുന്നത്.
വേനൽക്കാലത്തെ കടുത്ത ചൂടിൽ പുറത്ത് കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കി യാത്രക്കാർക്ക് സൗകര്യപ്രദമായി വാഹനത്തിനായി കാത്തിരിക്കാം.
യാത്രക്കാരുടെ ഒഴുക്ക് കൂടുതൽ ക്രമീകരിക്കുന്നതിനും വിമാനത്താവളത്തിന് പുറത്തുള്ള റോഡരികിലെ തിരക്ക് കുറയ്ക്കുന്നതിനും പുതിയ ലോഞ്ച് സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. വിനോദസഞ്ചാരികൾക്കും ബിസിനസ് യാത്രക്കാർക്കും ദുബായിലെ താമസക്കാർക്കും ഒരുപോലെ സൗകര്യം പ്രയോജനപ്പെടുത്താം.
ദുബായിലെത്തുന്ന നിമിഷം മുതൽ സന്ദർശകർക്ക് മികച്ച സേവനവും സൗകര്യവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന്
ദുബായ് സിവിലിറ്റി കമ്മിറ്റി സെക്രട്ടറി ജനറൽ സഈദ് അൽ നസരി പറഞ്ഞു.
യാത്രാനുഭവം കൂടുതൽ ലളിതവും സുഗമവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ലോഞ്ച് ആരംഭിച്ചതെന്ന് Uber UAE ജനറൽ മാനേജർ തല നസൗലി പറഞ്ഞു. ടെർമിനലിന് പുറത്തേക്കുള്ള യാത്രയും കൂടുതൽ സുഗമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് പദ്ധതിയെന്ന്
ദുബായ് എയർപോർട്ട്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മാജിദ് അൽ ജോകർ പറഞ്ഞു.
ടെർമിനൽ 3-ലെ ലോഞ്ചിന്റെ പ്രവർത്തനം വിമാനത്താവളത്തിലെ ഗ്രൗണ്ട് ട്രാൻസ്പോർട്ട് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ ആദ്യഘട്ടമാണ്. വരും ആഴ്ചകളിൽ യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന കൂടുതൽ സൗകര്യങ്ങൾ അവതരിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
