ഷാർജ, ഒക്ടോബർ 13, 2026 : സംരംഭകർക്കും നിക്ഷേപകർക്കും ബിസിനസ് ആരംഭിക്കുന്നതിനുള്ള നടപടികൾ കൂടുതൽ എളുപ്പമാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത ‘ബിദായ’ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഷാർജ മീഡിയ സിറ്റി (ഷാംസ്).
പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ വിവരങ്ങളും നിർദേശങ്ങളും ഒരിടത്ത് ലഭ്യമാക്കുകയാണ് പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം. ബിസിനസ് ആരംഭിക്കുന്നതിനുള്ള ആസൂത്രണം വേഗത്തിലും ലളിതമായും നടത്താൻ ഇതിലൂടെ സാധിക്കും.
ഉപയോക്താക്കൾ നൽകുന്ന ബിസിനസ് ആശയങ്ങൾ എഐയുടെ സഹായത്തോടെ പരിശോധിച്ച് ഷാംസ് അംഗീകരിച്ചിട്ടുള്ള ബിസിനസ് മേഖലകളുമായി താരതമ്യം ചെയ്യും. തുടർന്ന് ഓരോ സംരംഭത്തിന്റെയും സ്വഭാവത്തിന് അനുയോജ്യമായ ഓപ്ഷനുകൾ നിർദേശിക്കും.
ബിസിനസ് ആരംഭിക്കുന്നതിനുള്ള വിവിധ പാക്കേജുകൾ തിരഞ്ഞെടുക്കാനും പ്ലാറ്റ്ഫോം സഹായിക്കും. ഓരോ പാക്കേജിനും ആവശ്യമായ ഫീസും മറ്റ് ചെലവുകളും വ്യക്തമായി അറിയാൻ സാധിക്കുന്നതിനാൽ നിക്ഷേപകർക്ക് കൂടുതൽ വ്യക്തതയോടെ തീരുമാനമെടുക്കാം.
പുതിയ സംരംഭങ്ങൾക്ക് അനുയോജ്യമായ വ്യാപാരപ്പേരുകളും പ്രാഥമിക ലോഗോ, ഡിസൈൻ ആശയങ്ങളും നിർദേശിക്കുന്ന സൗകര്യവും ബിദായയിലുണ്ട്.
അറബിയിലും ഇംഗ്ലീഷിലും ലഭ്യമായ പ്ലാറ്റ്ഫോം bedaya.shams.ae എന്ന വെബ്സൈറ്റിലൂടെ ഉപയോഗിക്കാം.
ഷാർജ മീഡിയ സിറ്റിയുടെ ഡിജിറ്റൽ വികസനത്തിലെ പ്രധാന ചുവടുവയ്പ്പാണ് ബിദായയുടെ ആരംഭമെന്ന് ഷാംസ് ഡയറക്ടർ ജനറൽ റാഷിദ് അൽ ഒബാദ് പറഞ്ഞു.
ബിസിനസ് തുടങ്ങുന്നതിനുള്ള നടപടികൾ ലളിതമാക്കാനും നിക്ഷേപകരുടെ അനുഭവം മെച്ചപ്പെടുത്താനും എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. സമയവും അധ്വാനവും ലാഭിക്കുന്നതിനൊപ്പം സേവനങ്ങളും ചെലവുകളും സംബന്ധിച്ച വിവരങ്ങൾ കൂടുതൽ സുതാര്യമാക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംരംഭകരെയും നിക്ഷേപകരെയും ആകർഷിക്കാനും അറിവിനും നൂതന ആശയങ്ങൾക്കും പ്രാധാന്യം നൽകുന്ന സാമ്പത്തിക മേഖലയായി ഷാർജയെ വളർത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പ്ലാറ്റ്ഫോം.
