അബുദാബി,ഒക്ടോബർ 22,2026: അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ നാലാമത് അൽ ദഫ്റ ഒട്ടകയോട്ട ഉത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. ഒക്ടോബർ 25 വരെ നീളുന്ന ഉത്സവം ഒട്ടകയോട്ട ഫെഡറേഷനാണ് സംഘടിപ്പിക്കുന്നത്. ഹഖായിഖ്, ലഖായ, ഇസാഅ് എന്നീ വിഭാഗങ്ങളിലായി ആകെ 104 മത്സരങ്ങളാണ് നടക്കുക. ഓരോ വിഭാഗത്തിനും നാല് വീതം ആകെ 12 ട്രോഫികൾക്കായാണ് ഒട്ടകങ്ങൾ മത്സരിക്കുക. വിജയികൾക്ക് വിലപിടിപ്പുള്ള പണവും മറ്റ് സമ്മാനങ്ങളും ലഭിക്കും. മുൻ വർഷങ്ങളിലെ മത്സരങ്ങളിൽ യുഎഇയിൽ നിന്നും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നിന്നുമുള്ള ഒട്ടമ ഉടമകളുടെ മികച്ച പങ്കാളിത്തം കണക്കിലെടുത്ത് ഇത്തവണയും വലിയ തോതിലുള്ള പങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. അൽ ദഫ്റ മേഖലയിലെ മദീനത് സായിദിലെ ഒട്ടകയോട്ട മൈതാനത്ത് ഉത്സവത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.
