അബുദാബി ,ഓഗസ്റ്റ് 21 2026 : അബുദാബി പരിസ്ഥിതി ഏജൻസിയാണ് സാദിയാത്ത് ദ്വീപിൽ അപൂർവ കണ്ടെത്തൽ നടത്തിയത്.
അബുദാബിയിലെ കടൽത്തീരങ്ങളിലും ദ്വീപുകളിലും പ്രധാനമായും ഹോക്സ്ബിൽ കടലാമകളാണ് കൂടുവെക്കുന്നത്.
2023 ലാണ് ആദ്യമായി ഗ്രീൻ ടർട്ടിലിന്റെ കൂട് സ്ഥിരീകരിച്ചത്.
ഇതിന് പിന്നാലെ അബുദാബി തീരത്ത് കൂടുവെക്കുന്ന മൂന്നാമത്തെ കടലാമ ഇനമായി ഒലീവ് റിഡ്ലിയും സ്ഥിരീകരിക്കപ്പെട്ടു.
ഖലീഫ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നടത്തിയ ഡി.എൻ.എ ബാർകോഡിംഗ് പരിശോധനയിലൂടെയാണ് ആമയുടെ ഇനം സ്ഥിരീകരിച്ചത്. 99 ശതമാനം ജനിതക സാമ്യം ഒലീവ് റിഡ്ലി എന്ന ശാസ്ത്രീയനാമമുള്ള Lepidochelys olivaceaയുമായി കണ്ടെത്തി.
മാർച്ച് 29നാണ് ആമ മുട്ടയിട്ടത്. ആകെ 109 മുട്ടകളാണ് കൂടിൽ ഉണ്ടായിരുന്നത്. മേയ് 25ന് കുഞ്ഞുങ്ങൾ വിരിഞ്ഞുതുടങ്ങി. ഇതിൽ 40 കുഞ്ഞുങ്ങൾ വിജയകരമായി കടലിലെത്തി. ഏകദേശം 37 ശതമാനമായിരുന്നു ഹാച്ചിംഗ് വിജയം.
സാദിയാത്ത് ടർട്ടിൽ പട്രോളിലെ വളണ്ടിയർമാരാണ് പതിവ് നിരീക്ഷണത്തിനിടെ കൂട് കണ്ടെത്തിയത്. സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ക്യാമറ ഉപയോഗിച്ചും വിദഗ്ധരുടെ സഹായത്തോടെയും കൂട് നിരീക്ഷിച്ചു.
ഒലീവ് റിഡ്ലി കടലാമകളുടെ സാന്നിധ്യം സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിന്റെ പ്രധാന സൂചകമായാണ് കണക്കാക്കുന്നത്. ജെല്ലിഫിഷ്, ഞണ്ട്, ചെമ്മീൻ, വിവിധ സമുദ്രജീവികൾ എന്നിവ ഭക്ഷിക്കുന്ന ഇവ സമുദ്രത്തിലെ ഭക്ഷ്യശൃംഖലയുടെ സ്വാഭാവിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. ഐ.യു.സി.എൻ റെഡ് ലിസ്റ്റിൽ വൾണറബിൾ വിഭാഗത്തിലാണ് ഒലീവ് റിഡ്ലി കടലാമകൾ. ലോകത്ത് താരതമ്യേന കുറച്ച് പ്രദേശങ്ങളിലാണ് ഇവ കൂടുവെക്കുന്നത്.
25 വർഷത്തിലേറെയായി അബുദാബി പരിസ്ഥിതി ഏജൻസി കടലാമകളെക്കുറിച്ച് പഠനവും സംരക്ഷണ പ്രവർത്തനങ്ങളും നടത്തിവരുന്നു.
ലോകത്തെ ഏഴ് കടലാമ ഇനങ്ങളിൽ നാലെണ്ണം അബുദാബി തീരത്ത് കണ്ടെത്തിയിട്ടുണ്ട് .
ഹോക്സ്ബിൽ, ഗ്രീൻ, ലോഗർഹെഡ്, ഒലീവ് റിഡ്ലി എന്നിവയാണിത്.
2024ലെ ഏറ്റവും പുതിയ ആകാശ സർവേ പ്രകാരം അബുദാബി സമുദ്രപരിധിയിൽ ഏകദേശം 8,000 കടലാമകളുണ്ട്.
ഓഫ്ഷോർ ദ്വീപുകളിൽ കുറഞ്ഞത് 17 കൂടുവെപ്പ് കേന്ദ്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.
അപൂർവമായ ഒലീവ് റിഡ്ലി കൂടുവെപ്പ് അബുദാബിയുടെ സമുദ്ര ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ പ്രധാന നേട്ടമായാണ് വിലയിരുത്തുന്നത്.
