ദുബായ്, നവംബർ 18, 2026 : ദുബായ് മറീനയിലെ എയർ ടാക്സി സ്റ്റേഷനായ വെർട്ടിപോർട്ടിന്റെ നിർമാണം പൂർത്തിയായി. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചറുമായി ചേർന്നാണ് പദ്ധതി പൂർത്തിയാക്കിയത്. കുത്തനെ പറന്നുയരാനും ഇറങ്ങാനും കഴിയുന്ന ഇലക്ട്രിക് വിമാനങ്ങളുടെ വാണിജ്യ പ്രവർത്തനങ്ങൾക്ക് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (ജിസിഎഎ) സർട്ടിഫിക്കേഷനും വെർട്ടിപോർട്ടിന് ലഭിച്ചു.
മറീനയിൽനിന്ന് വിമാനത്താവളത്തിന് സമീപത്തേക്ക്
‘വിഎംആർ’ എന്ന കോഡിലുള്ള ദുബായ് മറീന വെർട്ടിപോർട്ടിനെയും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ‘വിഡിഎക്സ്’ വെർട്ടിപോർട്ടിനെയും ബന്ധിപ്പിക്കുന്നതാണ് ആദ്യ റൂട്ട്. രണ്ട് സ്ഥിരം വെർട്ടിപോർട്ടുകളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ ആദ്യ ഇലക്ട്രിക് എയർ ടാക്സി റൂട്ടിനുള്ള അടിസ്ഥാന സൗകര്യമാണ് ഇതോടെ ഒരുങ്ങിയത്. ജോബി ഏവിയേഷനാണ് സർവീസ് നടത്തുക. ആവശ്യമായ പ്രവർത്തനാനുമതികൾ ലഭിക്കുകയും ഒരുക്കങ്ങൾ പൂർത്തിയാകുകയും ചെയ്ത ശേഷമായിരിക്കും വാണിജ്യ സർവീസ് ആരംഭിക്കുക.
രണ്ട് വെർട്ടിപോർട്ടുകൾക്കിടയിൽ റോഡ് മാർഗം ഏകദേശം 35 മിനിറ്റ് വേണ്ടിവരുന്ന യാത്ര എയർ ടാക്സിയിൽ 10 മിനിറ്റിൽ താഴെയാകുമെന്നാണ് പ്രതീക്ഷ. മണിക്കൂറിൽ ഏകദേശം 322 കിലോമീറ്റർ വരെ വേഗം കൈവരിക്കാവുന്ന എയർ ടാക്സിക്ക് ശബ്ദം കുറവാണ്. പറക്കുന്നതിനിടെ വിമാനത്തിൽനിന്ന് നേരിട്ടുള്ള മലിനീകരണ പുറന്തള്ളലുമില്ല.
വർഷത്തിൽ 84,000 യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷി
അമേരിക്കൻ യൂണിവേഴ്സിറ്റി ഇൻ ദുബായിക്ക് സമീപമാണ് മറീന വെർട്ടിപോർട്ട്. അൽ ഫർദാൻ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷനിൽനിന്ന് നടന്നെത്താവുന്ന ഇവിടെനിന്ന് ദുബായ് മറീനയിലേക്കും ദുബായ് ഇന്റർനെറ്റ് സിറ്റിയിലേക്കും എളുപ്പത്തിൽ എത്താം.
വിമാനങ്ങൾ പറന്നുയരാനും ഇറങ്ങാനുമുള്ള ഉയർത്തിയ ലാൻഡിങ് പാഡ്, ചാർജിങ് സംവിധാനം, പാസഞ്ചർ ടെർമിനൽ എന്നിവ വെർട്ടിപോർട്ടിലുണ്ട്. വർഷത്തിൽ പരമാവധി 21,000 ലാൻഡിങ്ങുകളും 84,000 യാത്രക്കാരെയും കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്. ഒരു വിമാനം പാർക്ക് ചെയ്തിരിക്കുമ്പോഴും മറ്റൊരു വിമാനത്തിന് ലാൻഡിങ് പാഡ് ഉപയോഗിക്കാനായി പ്രത്യേക പാർക്കിങ് ഇടവും ഒരുക്കിയിട്ടുണ്ട്.
ദുബായ് എയർ ടാക്സി നെറ്റ്വർക്കിൽ നിർമാണവും സർട്ടിഫിക്കേഷനും പൂർത്തിയാക്കുന്ന രണ്ടാമത്തെ വെർട്ടിപോർട്ടാണ് മറീനയിലേത്. ഡൗൺടൗൺ ദുബായിലും പാം ജുമൈറയിലും രണ്ട് വെർട്ടിപോർട്ടുകൾ കൂടി വികസിപ്പിക്കുന്നുണ്ട്. നിലവിലെ പൊതുഗതാഗത സംവിധാനവുമായി എയർ ടാക്സിയെ ബന്ധിപ്പിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾക്കിടയിലെ യാത്ര എളുപ്പമാക്കുകയാണ് ലക്ഷ്യമെന്ന് ആർടിഎയുടെ ഓട്ടോണമസ് ട്രാൻസ്പോർട്ട് ആൻഡ് ഏരിയൽ ടാക്സി കമ്മിറ്റി ചെയർമാൻ അഹമ്മദ് ബഹ്റോസിയാൻ പറഞ്ഞു.
ജോബി ഏവിയേഷൻ 2025 ജൂൺ മുതൽ ദുബായിൽ പൈലറ്റോടുകൂടിയ ഇലക്ട്രിക് എയർ ടാക്സി പരീക്ഷണ പറക്കലുകൾ നടത്തുന്നുണ്ട്. 2025 നവംബറിൽ മർഗമിലെ പരീക്ഷണ കേന്ദ്രത്തിൽനിന്ന് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന് യുഎഇയിലെ ആദ്യ പോയിന്റ് ടു പോയിന്റ് എയർ ടാക്സി പരീക്ഷണയാത്രയും കമ്പനി പൂർത്തിയാക്കിയിരുന്നു.
