അബുദാബി,നവംബർ 12,2026: അബുദാബിയിലെ സുസ്ഥിര നഗരവികസന മാതൃകയും ബിസിനസ്, നിക്ഷേപ കേന്ദ്രവുമായ മസ്ദർ സിറ്റി 2025ലെ പരിസ്ഥിതി, സാമൂഹിക, ഭരണനിർവഹണ (ESG) റിപ്പോർട്ട് പുറത്തിറക്കി. പരിസ്ഥിതി പ്രവർത്തനങ്ങൾ, ബിസിനസ് വളർച്ച, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിൽ കൈവരിച്ച പുരോഗതിയാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സുസ്ഥിര നഗരവികസനത്തിലൂടെയും നൂതന ആശയങ്ങളിലൂടെയും അബുദാബിയുടെ ഫാൽക്കൺ ഇക്കോണമി ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്നതിനൊപ്പം യുഎഇയുടെ 2050ലെ നെറ്റ് സീറോ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങളും മസ്ദർ സിറ്റി ശക്തിപ്പെടുത്തുന്നു.
മസ്ദർ സിറ്റി സി.ഇ.ഒ അഹമ്മദ് ബഗൂം പറഞ്ഞു: “നാം മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങൾ മാത്രമല്ല, അവയിലൂടെ കൈവരിക്കുന്ന ഫലങ്ങളുമാണ് സുസ്ഥിരതയുടെ യഥാർഥ അളവുകോൽ. നഗരത്തിന്റെ കെട്ടിടങ്ങൾ, പ്രവർത്തനങ്ങൾ, ബിസിനസ് മേഖലകൾ എന്നിവയിലുടനീളം വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും നൂതന ആശയങ്ങളും സാമ്പത്തിക വളർച്ചയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയാണ് ഞങ്ങൾ. ബിസിനസുകൾക്കും താമസക്കാർക്കും അബുദാബിയുടെ സമ്പദ്വ്യവസ്ഥയ്ക്കും ദീർഘകാല നേട്ടം സൃഷ്ടിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയാണ് ഈ നേട്ടങ്ങൾ വ്യക്തമാക്കുന്നത്.”
2025ൽ മസ്ദർ സിറ്റിയിലെ റോഡുകളും പാർക്കുകളും കെട്ടിടങ്ങളും സുസ്ഥിര നഗരവികസനത്തിന്റെ മാതൃകകളായി മാറി. അബുദാബിയിലെ ആദ്യത്തെ നെറ്റ് സീറോ എനർജി മസ്ജിദായ മസ്ദർ സിറ്റി മസ്ജിദ്, ഉപയോഗിക്കുന്ന മുഴുവൻ ഊർജവും പുനരുപയോഗ ഊർജ സ്രോതസ്സുകളിലൂടെ സ്വന്തം സ്ഥലത്തുതന്നെ ഉൽപാദിപ്പിക്കുന്നു.
താമസക്കാർക്ക് വിശ്രമിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും പ്രകൃതിയുമായി അടുത്തിടപഴകാനും അവസരമൊരുക്കുന്നതാണ് കണക്ട് പാർക്ക്. എമിറാത്തി പൈതൃകവും കുറഞ്ഞ കാർബൺ പുറന്തള്ളുന്ന രൂപകൽപ്പനയും ഒരുമിപ്പിക്കുന്നതാണ് ഫലജ് പ്ലാസ. അതേസമയം, ഒരേ ഭൂമിയിൽ സൗരോർജ ഉൽപാദനവും ഭക്ഷ്യകൃഷിയും സംയോജിപ്പിക്കുന്ന പദ്ധതിയും നഗരത്തിലുണ്ട്. പുനരുപയോഗ ഊർജം, ജൈവവൈവിധ്യം, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, സമൂഹത്തിന്റെ ക്ഷേമം എന്നിവയെല്ലാം നഗരവികസനത്തിന്റെ ഭാഗമാക്കിയാണ് മസ്ദർ സിറ്റി മുന്നോട്ടുപോകുന്നത്.
2025ലെ പ്രധാന പരിസ്ഥിതി നേട്ടങ്ങൾ:
* ആകെ 10,797 മെഗാവാട്ട് മണിക്കൂർ പുനരുപയോഗ ഊർജം ഉൽപാദിപ്പിച്ചു. ഇതിൽ 9,906 മെഗാവാട്ട് മണിക്കൂർ വൈദ്യുതി ഗ്രിഡിലേക്ക് നൽകി.
* ASHRAE 90.1-2007 മാനദണ്ഡത്തെ അടിസ്ഥാനമാക്കിയുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഊർജ ഉപയോഗ തീവ്രതയിൽ 42 ശതമാനം കുറവുണ്ടാക്കി.
* ഗ്രിഡിലേക്ക് നൽകിയ പുനരുപയോഗ വൈദ്യുതിയിലൂടെ 2,517 ടൺ കാർബൺ ഡൈ ഓക്സൈഡ് തുല്യമായ (tCO₂e) പുറന്തള്ളൽ ഒഴിവാക്കി. ഒരു വർഷത്തേക്ക് 584 പെട്രോൾ വാഹനങ്ങൾ നിരത്തിൽനിന്ന് ഒഴിവാക്കുന്നതിന് തുല്യമായ നേട്ടമാണിത്.
* പ്രവർത്തനങ്ങളിലൂടെ ഉണ്ടാകുന്ന മാലിന്യത്തിന്റെ 93.6 ശതമാനവും നിർമാണ മാലിന്യത്തിന്റെ 93.5 ശതമാനവും മാലിന്യക്കൂമ്പാരങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കി.
* 2,95,089 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പാർക്കുകളും തുറസ്സായ സ്ഥലങ്ങളും ഒരുക്കി.
അബുദാബിയുടെ സാമ്പത്തിക വൈവിധ്യവൽക്കരണ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്നതിൽ മസ്ദർ സിറ്റി ഫ്രീ സോണും നിർണായക പങ്കുവഹിക്കുന്നു. 2025ൽ ഫ്രീ സോണിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണം 1,991 ആയി ഉയർന്നു. സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളിൽ 33 ശതമാനം വർധന രേഖപ്പെടുത്തി. ചൈനയിൽ ആദ്യത്തെ അന്താരാഷ്ട്ര പ്രതിനിധി ഓഫീസും ആരംഭിച്ചു. വിവിധ മേഖലകളിൽ ലഭിച്ച ഒൻപത് പുരസ്കാരങ്ങളും ഈ വർഷത്തെ നേട്ടങ്ങൾക്ക് അംഗീകാരമായി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ലൈഫ് സയൻസസ്, സ്മാർട്ട് മൊബിലിറ്റി, അഗ്രിടെക്, ഊർജം, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളെയും സംരംഭകരെയും ഗവേഷണ സ്ഥാപനങ്ങളെയും ഫ്രീ സോൺ ഒരുമിപ്പിക്കുന്നു. ഇതിലൂടെ വിവിധ മേഖലകൾ തമ്മിലുള്ള സഹകരണത്തിനും പുതിയ വ്യവസായങ്ങളുടെ വളർച്ചയ്ക്കും അവസരമൊരുങ്ങുന്നു. മേഖലയിലെ ആദ്യത്തെ ക്ലീൻടെക് നിക്ഷേപ-ആക്സിലറേറ്റർ പ്ലാറ്റ്ഫോമായ ‘ദി കാറ്റലിസ്റ്റ്’ പോലുള്ള സംരംഭങ്ങൾ ശുദ്ധസാങ്കേതികവിദ്യാ രംഗത്തെ നൂതന ആശയങ്ങൾക്ക് പിന്തുണ നൽകുന്നു.
യുഎഇ സ്പേസ് ഏജൻസി, യൂണികി, എംബിസായു (MBZUAI), ഇൻസിലിക്കോ മെഡിസിൻ, ഹാലിയ തെറാപ്യൂട്ടിക്സ്, ജെൻബയോ എ.ഐ, സൈക്ലോടെക്, എ.കെ.ടി ഹെൽത്ത് തുടങ്ങിയ സ്ഥാപനങ്ങളും ഫ്രീ സോണിന്റെ വളർച്ചയിൽ പങ്കാളികളാണ്.
മസ്ദർ സിറ്റിയുടെ വളർച്ചയിൽ ജനങ്ങൾക്കാണ് പ്രധാന പരിഗണന. 2025ൽ കമ്പനിയിലെ ജീവനക്കാരിൽ 52 ശതമാനം യുഎഇ പൗരന്മാരും 27 ശതമാനം സ്ത്രീകളുമായിരുന്നു. ജീവനക്കാരുടെ നേതൃത്വപാടവം, പ്രതിസന്ധികളെ നേരിടാനുള്ള ശേഷി, ഡിജിറ്റൽ കഴിവുകൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികളും വർഷം മുഴുവൻ നടന്നു. എല്ലാ ജീവനക്കാരുടെയും വാർഷിക പ്രകടന വിലയിരുത്തലും പൂർത്തിയാക്കി.
ജോലിസ്ഥലത്തിന് പുറത്തും സമൂഹത്തെ ഒരുമിപ്പിക്കുന്നതിനായി മസ്ദർ സിറ്റി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നഗരത്തിലെ ഫെസ്റ്റിവലും കൂട്ടായ ഓട്ടമത്സരവും ഇതിന്റെ ഭാഗമായിരുന്നു. ക്ഷേമത്തിനും വിനോദത്തിനുമുള്ള ഇടമായി കണക്ട് പാർക്കിനെ സജീവമാക്കുകയും ജൈവവൈവിധ്യം വർധിപ്പിക്കുന്നതിനായി മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി 2025ൽ മസ്ദർ സിറ്റി പുതിയ ഡിജിറ്റൽ സംവിധാനവും നടപ്പാക്കി. നേരത്തെ ഉപയോഗിച്ചിരുന്ന അഞ്ച് വ്യത്യസ്ത സംവിധാനങ്ങൾക്ക് പകരമായി, കമ്പനിക്കുള്ളിൽ തന്നെ വികസിപ്പിച്ച സമഗ്ര ഇ-പ്രൊക്യുർമെന്റ് പ്ലാറ്റ്ഫോമാണ് അവതരിപ്പിച്ചത്. ഇതിലൂടെ വാങ്ങൽ നടപടികൾ കൂടുതൽ ലളിതവും സുതാര്യവുമാക്കി.
2025ൽ മസ്ദർ സിറ്റി വാങ്ങിയ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും 97.3 ശതമാനവും പ്രാദേശിക വിതരണക്കാരിൽ നിന്നായിരുന്നു. കൂടുതൽ സുതാര്യമായ വാങ്ങൽ നടപടികൾ പ്രാദേശിക വിതരണക്കാർക്ക് തുല്യ അവസരത്തിൽ മത്സരിക്കാനും സഹായിക്കുന്നു. കൂടാതെ, പ്രധാനപ്പെട്ട അപകടസാധ്യതകൾ തിരിച്ചറിയാനും അവ കൈകാര്യം ചെയ്യാനും സഹായിക്കുന്ന എന്റർപ്രൈസ് റിസ്ക് മാനേജ്മെന്റ് സംവിധാനവും നഗരത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.
ഭാവിയിൽ കൂടുതൽ പ്രതിരോധശേഷിയുള്ളതും വികസനസജ്ജവുമായ സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റം വേഗത്തിലാക്കാനാണ് മസ്ദർ സിറ്റിയുടെ ലക്ഷ്യം. പരിസ്ഥിതി, സാമൂഹിക, ഭരണനിർവഹണ ഘടകങ്ങൾ നഗരത്തിന്റെ ആസൂത്രണം, പ്രവർത്തനം, വളർച്ച എന്നിവയുടെ ഭാഗമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ നഗരങ്ങൾക്കും നിർണായക പങ്കുവഹിക്കാനാകുമെന്ന മാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും മസ്ദർ സിറ്റി ലക്ഷ്യമിടുന്നു. അബുദാബിയെയും യുഎഇയെയും സുസ്ഥിരതാ രംഗത്ത് ആഗോളതലത്തിൽ മുന്നിലെത്തിക്കുന്നതിനൊപ്പം വരുംതലമുറകൾക്കായി ദീർഘകാല നേട്ടങ്ങൾ സൃഷ്ടിക്കാനുമാണ് ഈ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
