ദുബായ് , ഓഗസ്റ്റ് 27 2026 : യുഎഇയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിശീലന കേന്ദ്രങ്ങളുടെയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പുതിയ നിയമാവലിക്ക് അംഗീകാരം നൽകി ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയം. മന്ത്രാലയത്തിന്റെ ചുമതലകളും സേവനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ, പിഴകൾ, ഭരണനടപടികൾ എന്നിവ ക്രമീകരിക്കുന്നതാണ് പുതിയ തീരുമാനം.
2026 സെപ്റ്റംബർ 12 മുതൽ നിയമാവലി പ്രാബല്യത്തിൽ വരും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ടെക്നിക്കൽ ആൻഡ് വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവയ്ക്ക് പുതിയ ചട്ടങ്ങൾ ബാധകമാകും.
ലൈസൻസിങ്, അക്രഡിറ്റേഷൻ, വിവരങ്ങളുടെ കൃത്യത, പരിശോധനയും മൂല്യനിർണയവും, അക്കാദമിക് സത്യസന്ധത, പരീക്ഷാ സുരക്ഷ, പ്രായോഗിക പരിശീലനം, വിദ്യാഭ്യാസ പരസ്യങ്ങൾ, പരിസ്ഥിതി-ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ തുടങ്ങിയ മേഖലകളിലെ നിയമലംഘനങ്ങൾ പുതിയ ചട്ടത്തിന്റെ പരിധിയിൽ വരും.
ലംഘനത്തിന്റെ സ്വഭാവം, ഗൗരവം, ആവർത്തനം എന്നിവ പരിഗണിച്ചായിരിക്കും നടപടി സ്വീകരിക്കുക. സ്ഥാപനങ്ങൾക്ക് വീഴ്ചകൾ പരിഹരിച്ച് നിയമാനുസൃത നിലയിലേക്ക് മടങ്ങാനുള്ള അവസരവും നൽകും. അതേസമയം വിദ്യാഭ്യാസ നിലവാരം, അക്കാദമിക് സത്യസന്ധത, വിദ്യാർത്ഥികളുടെയും പരിശീലനാർത്ഥികളുടെയും അവകാശങ്ങൾ എന്നിവയെ ബാധിക്കുന്ന ലംഘനങ്ങളിൽ കർശന നടപടി സ്വീകരിക്കും. വിദ്യാർത്ഥികളുടെ താൽപര്യങ്ങൾക്ക് പ്രത്യേക പരിഗണനയാണ് പുതിയ നിയമാവലിയിൽ നൽകുന്നത്. നിയമലംഘനത്തെ തുടർന്ന് ഒരു സ്ഥാപനത്തിനെതിരെ നടപടി ഉണ്ടായാലും വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ സ്ഥാപനങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം. അക്കാദമിക് രേഖകൾ സംരക്ഷിക്കുക, അർഹതയില്ലാതെ ഈടാക്കിയ ഫീസ് തിരികെ നൽകുക, വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സ്ഥിതി ക്രമീകരിക്കുക തുടങ്ങിയ നടപടികളും നിർബന്ധമാക്കും.
തീരുമാനങ്ങൾക്കും പിഴകൾക്കും ഭരണനടപടികൾക്കുമെതിരെ സ്ഥാപനങ്ങൾക്ക് പരാതി നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. മന്ത്രാലയം രൂപീകരിക്കുന്ന പ്രത്യേക സമിതി ഇത്തരം പരാതികൾ സ്വതന്ത്രമായും നീതിപൂർവമായും പരിശോധിക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിയന്ത്രണ സംവിധാനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനും സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുമാണ് പുതിയ നിയമാവലി ലക്ഷ്യമിടുന്നത്. യുഎഇയിലെ വിദ്യാഭ്യാസ മേഖലയെ ഭാവിയിലെ ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
