അബുദാബി, ഓഗസ്റ്റ് 28 2026 : യുഎഇയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിനായി പ്രമുഖ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനദാതാക്കളായ ‘സ്റ്റാർലിങ്കിന്’ (Starlink) 10 വർഷത്തെ ഔദ്യോഗിക ലൈസൻസ് അനുവദിച്ച് ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA). ജനറൽ സ്പേസ് സർവീസസ് ലൈസൻസ് ലഭിച്ചതോടെ രാജ്യത്തുടനീളം സാറ്റലൈറ്റ് ഇന്റർനെറ്റ് ശൃംഖല നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും സ്റ്റാർലിങ്കിന് അനുമതിയായി.
വ്യക്തികൾ, സ്വകാര്യ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവർക്ക് പുറമെ വ്യോമ-നാവിക മേഖലകൾക്കും സ്റ്റാർലിങ്ക് സേവനങ്ങൾ ലഭ്യമാകും. നിലവിലുള്ള ഫൈബർ ഒപ്റ്റിക്, 5ജി ശൃംഖലകൾക്ക് പുറമെ ഉപഗ്രഹ അധിഷ്ഠിത സേവനങ്ങൾ കൂടി വരുന്നതോടെ രാജ്യത്തിന്റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ കരുത്തുറ്റതാകും.
പ്രകൃതിദുരന്തങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ മൂലം കേബിൾ അധിഷ്ഠിത ഇന്റർനെറ്റ് തടസ്സപ്പെട്ടാലും ബദൽ ആശയവിനിമയ മാർഗ്ഗമായി ഉപഗ്രഹ നെറ്റ്വർക്കുകൾ പ്രവർത്തിക്കും. കർശനമായ സുരക്ഷാ-ഗുണനിലവാര മാനദണ്ഡങ്ങളും ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും പാലിച്ചായിരിക്കും സേവനം നൽകുകയെന്ന് അതോറിറ്റി വ്യക്തമാക്കി.
വിദൂര പ്രദേശങ്ങളിലും കപ്പലുകൾ, വിമാനങ്ങൾ തുടങ്ങിയവയിലും അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുന്ന ഈ നീക്കം യുഎഇയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ കരുത്തേകും.
