ദുബായ് , ഓഗസ്റ്റ് 21 2026 : ക്ലാസ് മുറിയിലെ പഠനത്തിനൊപ്പം സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം നേരിട്ടറിയാനും പ്രായോഗിക പരിചയം നേടാനും സ്കൂൾ വിദ്യാർഥികൾക്ക് അവസരമൊരുക്കി ജിഡിആർഎഫ്എ ദുബൈയുടെ ‘സമ്മർ ടാലന്റ്സ്’ പദ്ധതി. ദുബായ് സമ്മർ ക്യാമ്പുമായി സഹകരിച്ച് ഫെർജാൻ ദുബൈ ഫൗണ്ടേഷൻ, അൽ അമീൻ സർവീസ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
15 വയസും അതിന് മുകളിലും പ്രായമുള്ള ഹൈസ്കൂൾ വിദ്യാർഥികൾക്കായുള്ള മൂന്ന് ആഴ്ചത്തെ പരിശീലനത്തിൽ 12 ദിവസമാണ് വിവിധ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നത്. ജിഡിആർഎഫ്എ ദുബൈയുടെ വിവിധ മേഖലകളിൽ പരിശീലന ശിൽപശാലകളും പ്രായോഗിക പരിശീലനവും ഒരുക്കിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനരീതി, സേവനവിതരണം, ടീം വർക്ക്, അച്ചടക്കം, ഉത്തരവാദിത്തബോധം തുടങ്ങിയവ നേരിട്ട് മനസ്സിലാക്കാനും സ്വന്തം കഴിവുകളും താൽപര്യങ്ങളും തിരിച്ചറിയാനും പദ്ധതി വിദ്യാർഥികളെ സഹായിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു
പരിശീലനത്തിന്റെ ഭാഗമായി വിദ്യാർഥികൾ ദുബായ് വിമാനത്താവളവും സന്ദർശിച്ചു.
എയർപോർട്ട് അഫയേഴ്സ് സെക്ടറിന്റെ പ്രവർത്തനങ്ങളും യാത്രക്കാരുടെ സഞ്ചാരവും സേവന സംവിധാനങ്ങളും നേരിട്ട് പരിചയപ്പെടാൻ സന്ദർശനം അവസരമൊരുക്കി. വിദ്യാർഥികളുടെ കഴിവുകളും അവബോധവും വികസിപ്പിക്കുന്നതിനുള്ള പ്രായോഗിക നിക്ഷേപമാണ് ‘സമ്മർ ടാലന്റ്സ്’ പദ്ധതിയെന്ന് ജിഡിആർഎഫ്എ ദുബൈയുടെ ഹ്യൂമൻ റിസോഴ്സസ് ആൻഡ് ഫിനാൻസ് അസിസ്റ്റന്റ് മേജർ ജനറൽ അവാദ് മുഹമ്മദ് അൽ ഒവൈം പറഞ്ഞു. യുവാക്കളുടെ കഴിവുകളും ആത്മവിശ്വാസവും ഉത്തരവാദിത്തബോധവും വളർത്തുന്നതിൽ ഇത്തരം പ്രായോഗിക അനുഭവങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി സോഷ്യൽ റെഗുലേഷൻ ആൻഡ് സർവീസസ് സെക്ടർ സി.ഇ.ഒ ഡോ. അഹമ്മദ് അൽ ഹാഷിമി പറഞ്ഞു. ഭാവിയിലെ തൊഴിൽരംഗത്തേക്ക് യുവതലമുറയെ ഒരുക്കുന്നതിൽ സർക്കാർ-സാമൂഹിക സ്ഥാപനങ്ങളുടെ സഹകരണത്തിന്റെ മികച്ച മാതൃകയാണ് പദ്ധതിയെന്ന് ഫെർജാൻ ദുബൈ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആലിയ അൽ ഷംലാനും പറഞ്ഞു.
വിദ്യാർഥികളുടെ പുരോഗതി, പങ്കാളിത്തം, അച്ചടക്കം, പ്രവർത്തന നിലവാരം എന്നിവ ദിവസേന വിലയിരുത്തുന്നതിനുള്ള സംവിധാനവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രവർത്തനത്തിലൂടെ പഠിച്ച് ഭാവിയിലെ തൊഴിൽജീവിതത്തിന് കൂടുതൽ ആത്മവിശ്വാസത്തോടെ ഒരുങ്ങാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ‘സമ്മർ ടാലന്റ്സ്’ പദ്ധതിയുടെ ലക്ഷ്യമെന്ന് ജനറൽ ഡയറക്ടറേറ്റ് വിശദീകരിച്ചു.
