അബുദാബി,ഒക്ടോബർ 21,2026: 2026ലെ ആഗോള പെൻഷൻ സൂചികയിൽ യുഎഇയുടെ പെൻഷൻ സംവിധാനത്തിന് മികച്ച മുന്നേറ്റം. മാർഷും സിഎഫ്എ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് പ്രസിദ്ധീകരിച്ച സൂചികയിൽ യുഎഇയുടെ മൊത്തം സ്കോർ 2025ലെ 64.9ൽ നിന്ന് 2026ൽ 70.0 ആയി ഉയർന്നു. ഇതോടെ ഗ്രേഡ് സി പ്ലസിൽ നിന്ന് ബി ആയി മെച്ചപ്പെട്ടു.
പെൻഷൻ ആനുകൂല്യങ്ങളുടെ പര്യാപ്തതയും ഇൻഷ്വർ ചെയ്ത അംഗങ്ങൾക്കുള്ള സംരക്ഷണവും ഉൾപ്പെടുന്ന പര്യാപ്തത, സമഗ്രത എന്നീ വിഭാഗങ്ങളിൽ യുഎഇ എ ഗ്രേഡ് നേടി. പെൻഷൻ സംവിധാനങ്ങളെ പ്രധാനമായും പര്യാപ്തത, സുസ്ഥിരത, സമഗ്രത എന്നീ മൂന്ന് മേഖലകളുടെ അടിസ്ഥാനത്തിലാണ് ആഗോള പെൻഷൻ സൂചിക വിലയിരുത്തുന്നത്. ഇതോടൊപ്പം സാമ്പത്തിക, സാമൂഹിക, ജനസംഖ്യാപരമായ വിവിധ ഘടകങ്ങളും പരിഗണിക്കുന്നു. യുഎഇയുടെ വിരമിക്കൽ വരുമാന സംവിധാനത്തിന്റെ തുടർച്ചയായ വികസനത്തിന് ഈ സൂചിക പ്രധാന അന്താരാഷ്ട്ര മാനദണ്ഡമാണെന്ന് ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി അറിയിച്ചു. നിലവിലെ ഇൻഷ്വർ ചെയ്ത അംഗങ്ങളുടെയും പെൻഷൻകാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ഭാവിതലമുറകൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ സംവിധാനത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നത് ദേശീയ ഉത്തരവാദിത്തമാണെന്നും അതോറിറ്റി വ്യക്തമാക്കി.
കഴിഞ്ഞ വർഷങ്ങളിൽ പെൻഷൻ സംവിധാനത്തിൽ നിരവധി നിയമപരവും ഭരണപരവുമായ മാറ്റങ്ങൾ നടപ്പാക്കിയിട്ടുണ്ട്. 2023ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 57 പ്രകാരമുള്ള പെൻഷൻ, സാമൂഹിക സുരക്ഷാ നിയമം ഇതിൽ പ്രധാനപ്പെട്ടതാണ്. ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനും സാമ്പത്തിക സാക്ഷരതയും നേരത്തെയുള്ള വിരമിക്കൽ ആസൂത്രണവും ശക്തിപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പൗരന്മാരെ അവരുടെ സാമ്പത്തിക ഭാവിക്കായി മുൻകൂട്ടി തയ്യാറാക്കുന്നതിനായി വഫ്റ പരിപാടിയിലൂടെ സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കുകയും ബാലൻസ്ഡ് സ്റ്റെപ്പ് പരിപാടിയിലൂടെ സാമ്പത്തിക മാർഗനിർദേശം നൽകുകയും ചെയ്യുന്നു. പെൻഷൻ ഉപദേശ സേവനങ്ങൾക്കും ജിപിഎസ്എസ്എയുടെ മആശി ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയുള്ള വിവിധ സേവനങ്ങൾക്കും പുറമേയാണ് ഈ പദ്ധതികൾ.
ആഗോള പെൻഷൻ സൂചികയിലെ കണ്ടെത്തലുകളും ശുപാർശകളും ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് തുടർന്നും വിലയിരുത്തുമെന്ന് ജിപിഎസ്എസ്എ അറിയിച്ചു. പെൻഷൻ, സാമൂഹിക സുരക്ഷാ സംവിധാനം കൂടുതൽ വികസിപ്പിക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിലവിലെയും ഭാവിയിലെയും തലമുറകൾക്കായി പെൻഷൻ സംവിധാനത്തിന്റെ സുസ്ഥിരത ശക്തിപ്പെടുത്തുന്നതിനും ഈ വിലയിരുത്തലുകൾ പ്രയോജനപ്പെടുത്തുമെന്നും അതോറിറ്റി വ്യക്തമാക്കി.
