ദുബായ്, ഒക്ടോബർ 3, 2026: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) വ്യാപനത്തിനൊപ്പം ആഗോളതലത്തിൽ സൈബർ സുരക്ഷാ ഭീഷണികളും പുതിയ തലങ്ങളിലേക്ക് മാറുന്നതായി മൈക്രോസോഫ്റ്റിന്റെ ഡിജിറ്റൽ ഡിഫൻസ് റിപ്പോർട്ട് 2026. സൈബർ സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
2026-ന്റെ ആദ്യ പകുതിയിലെ മൈക്രോസോഫ്റ്റ് കണക്കുകൾ പ്രകാരം, സൈബർ പ്രവർത്തനങ്ങൾ ഉപഭോക്താക്കളെ ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ആറാം സ്ഥാനത്താണ്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിൽ രണ്ടാം സ്ഥാനവും യുഎഇക്കാണ്.
സൈബർ സുരക്ഷയിൽ മൂന്ന് പ്രധാന മാറ്റങ്ങൾ
പ്രതിദിനം 165 ട്രില്യണിലധികം സുരക്ഷാ സിഗ്നലുകൾ വിശകലനം ചെയ്താണ് മൈക്രോസോഫ്റ്റ് റിപ്പോർട്ട് തയ്യാറാക്കിയത്. AI ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങളുടെ വേഗവും വ്യാപ്തിയും വർധിക്കുന്നതായാണ് പ്രധാന കണ്ടെത്തൽ. പാസ്വേഡുകളും വ്യക്തിഗത അക്കൗണ്ടുകളും ഇപ്പോഴും ഹാക്കർമാരുടെ പ്രധാന ലക്ഷ്യങ്ങളാണ്. കൂടാതെ, ഒരു സ്ഥാപനത്തിലുണ്ടാകുന്ന സൈബർ ആക്രമണം മറ്റ് സ്ഥാപനങ്ങളെയും സേവനങ്ങളെയും ബാധിക്കാനുള്ള സാധ്യതയും വർധിക്കുന്നുണ്ട്.
അതേസമയം, സൈബർ ഭീഷണികൾ വേഗത്തിൽ കണ്ടെത്താനും പ്രതിരോധിക്കാനും AI സാങ്കേതികവിദ്യ സഹായിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സൈബർ സുരക്ഷ ശക്തമാക്കാൻ യുഎഇയിൽ പുതിയ AI സംവിധാനം
സർക്കാർ സ്ഥാപനങ്ങളുടെ ഡിജിറ്റൽ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി മൈക്രോസോഫ്റ്റ്, യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ, Core42 എന്നിവർ സഹകരിച്ച് പുതിയ പദ്ധതി പ്രഖ്യാപിച്ചു.
മൈക്രോസോഫ്റ്റിന്റെ AI അധിഷ്ഠിത സൈബർ സുരക്ഷാ സംവിധാനമായ MDASH യുഎഇയിലെ സർക്കാർ സ്ഥാപനങ്ങളിൽ നടപ്പാക്കാനാണ് പദ്ധതി. സുരക്ഷാ വീഴ്ചകൾ മുൻകൂട്ടി കണ്ടെത്താനും അപകടസാധ്യതകൾ വിലയിരുത്താനും സൈബർ ഭീഷണികളോട് വേഗത്തിൽ പ്രതികരിക്കാനും ഈ സംവിധാനം സഹായിക്കും.
സ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
സൈബർ സുരക്ഷ ഉറപ്പാക്കാൻ അക്കൗണ്ടുകളുടെയും വ്യക്തിഗത വിവരങ്ങളുടെയും സംരക്ഷണം ശക്തമാക്കണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. പാസ്വേഡുകളെ മാത്രം ആശ്രയിക്കാതെ കൂടുതൽ സുരക്ഷിതമായ ലോഗിൻ സംവിധാനങ്ങൾ ഉപയോഗിക്കണം. സൈബർ ആക്രമണങ്ങൾ വേഗത്തിൽ കണ്ടെത്തുന്നതിനൊപ്പം, ആക്രമണമുണ്ടായാലും പ്രധാന സേവനങ്ങൾ തടസ്സപ്പെടാതെ തുടരാനുള്ള മുൻകരുതലുകളും സ്ഥാപനങ്ങൾ സ്വീകരിക്കണം.
AI വികസനത്തിനൊപ്പം സുരക്ഷയും അനിവാര്യം
സർക്കാർ സേവനങ്ങളിലും ബിസിനസ് മേഖലയിലും AI ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ, സൈബർ സുരക്ഷയെ ഡിജിറ്റൽ വികസനത്തിന്റെ അവിഭാജ്യ ഘടകമാക്കണമെന്ന് മൈക്രോസോഫ്റ്റ് യുഎഇ സൈബർ സെക്യൂരിറ്റി ഡയറക്ടർ യസാൻ ഖസാവ്നെ വ്യക്തമാക്കി.
AI ഉപയോഗം, വിവരങ്ങളുടെ സംരക്ഷണം, അക്കൗണ്ട് സുരക്ഷ എന്നിവ തുടക്കം മുതൽ തന്നെ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
