
ദുബായ്: എമിഗ്രേഷൻ ക്ലിയറൻസിന്റെ പേരിൽ ദശാബ്ദങ്ങളായി പ്രവാസികളിൽനിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ ഇപ്പോൾ എവിടെയാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി കേരള ഹൈക്കോടതി. ഷാർജയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും എൻ.ടി.വി (NTV) ചെയർമാനുമായ മാത്തുക്കുട്ടി കടോൺ അഡ്വ. ജോസ് എബ്രഹാം മുഖേന സമർപ്പിച്ച റിട്ട് ഹർജി ഫയലിൽ സ്വീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.
ഇ.സി.ആർ (ECR) ഡെപ്പോസിറ്റ് ഇനത്തിൽ നിലവിൽ എത്ര തുക സർക്കാരിന്റെ പക്കലുണ്ടെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം വരുംദിവസങ്ങളിൽ കോടതിയിൽ സമർപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.
എന്താണ് ഇ.സി.ആർ ഡെപ്പോസിറ്റ് വിവാദം?
ബിരുദമില്ലാത്ത ഇന്ത്യൻ പ്രവാസികൾ ഗൾഫ് ഉൾപ്പെടെയുള്ള 18 രാജ്യങ്ങളിലേക്ക് ജോലിക്കായി പോകുമ്പോൾ എമിഗ്രേഷൻ ക്ലിയറൻസ് ഡെപ്പോസിറ്റ് നിർബന്ധമായിരുന്നു. 1983 മുതൽ 2003 വരെയുള്ള 20 വർഷക്കാലം ഓരോ യാത്രക്കാരനിൽനിന്നും അവരുടെ മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റിന്റെ തുകയാണ് ഡെപ്പോസിറ്റായി ഈടാക്കിയിരുന്നത്. ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രവാസികളിൽനിന്ന് പിരിച്ചെടുത്ത ഈ തുക ഇപ്പോൾ എവിടെയാണെന്ന് വ്യക്തമല്ല. 2006-ൽ ടി.കെ. ഹംസ ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി, ഏകദേശം 5000 കോടി രൂപ ഇത്തരത്തിൽ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് അന്ന് സർക്കാർ വ്യക്തമാക്കിയത്.2003 നവംബറിൽ ‘പ്രവാസി ഭാരതീയ ബീമാ യോജന’ എന്ന ഇൻഷുറൻസ് പദ്ധതി നിലവിൽ വന്നതോടെയാണ് ഈ ഡെപ്പോസിറ്റ് വാങ്ങുന്നത് സർക്കാർ അവസാനിപ്പിച്ചത്.
ഒരു മാസത്തെ സമയം തേടി കേന്ദ്രം
രാജ്യത്തെ വിവിധ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് (POE) ഓഫീസുകളിൽനിന്ന് ഈ തുക സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ഒരു മാസത്തെ സമയം വേണമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഒ.എം. ശാലീന കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
“തുക പ്രവാസി ക്ഷേമത്തിന് വിനിയോഗിക്കണം” വർഷങ്ങളോളം കഷ്ടപ്പെട്ട് വിദേശത്തേക്ക് പോയ ലക്ഷക്കണക്കിന് സാധാരണക്കാരുടെ പണമാണിത്. 2000-ൽ 2.43 ലക്ഷം പേരും, 2001-ൽ 2.79 ലക്ഷം പേരും, 2002-ൽ 3.68 ലക്ഷം പേരും, 2003-ൽ 4.66 ലക്ഷം പേരുമാണ് ഈ വിഭാഗത്തിൽ യാത്ര ചെയ്തത്. ഈ കോടിക്കണക്കിന് രൂപ ഒന്നുങ്കിൽ യഥാർത്ഥ അവകാശികൾക്ക് തിരിച്ചുനൽകാൻ നടപടിയുണ്ടാകണം, അല്ലെങ്കിൽ പ്രവാസി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണം. — മാത്തുക്കുട്ടി കടോൺ
