ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമത്തിന് വേദിയായി ദുബായ്

ദുബായ്്: വി.കെ.എം കളരിയുടെ ‘ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമം’ പരിപാടി ഖിസൈസ് കാപിറ്റല്‍ സ്‌കൂളില്‍വെച്ച് നടന്നു. ഉച്ചക്ക് മൂന്ന് മണിക്ക് നടന്ന പരിപാടിയില്‍ 15 വര്‍ഷമായി വി.കെ.എം കളരിയില്‍ കളരി അഭ്യസിക്കുന്നവര്‍ക്ക് ഗുരു പുരസ്‌കാരം നല്‍കി ആദരിച്ചു. യു.എ.ഇയില്‍ ആദ്യമായാണ് ഒരു കളരി സ്ഥാപനം ശിഷ്യര്‍ക്ക് ഗുരു പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. അതോടൊപ്പം 10 വര്‍ഷതിലധികമായി വി.കെ.എം കളരിയില്‍ കളരി പഠിക്കുന്ന പൂർവ വിദ്യാര്‍ഥികള്‍ക്ക് ആദരവും നല്‍കി. തുടര്‍ന്ന് 350 കുട്ടികളുടെ മെയ്താരിയില്‍നിന്നും പ്രതിരോധ എന്ന ലെവലിലേക്ക് എത്തിക്കുന്ന പരിപാടിയും നടന്നു. തന്റെ 42 വര്‍ഷത്തെ കളരിപ്പയറ്റ് ജീവിതത്തിനിടയില്‍ പഠിച്ചതെല്ലാം നാട്ടിലെ അതേ രീതിയില്‍ തുടര്‍ന്ന് അതിന്റെ പ്രാധാന്യം കുട്ടികളിലേക്ക് കൂടുതലായി എത്തിക്കുന്നതിനായി എട്ട് തലങ്ങളായി വിഭജിച്ചു. ആ സ്‌റ്റേജുകളിലൊന്നാണ് പ്രതിരോധ എന്ന് സ്ഥാപനത്തിന്റെ മേധാവി മണികണ്ഠന്‍ ഗുരുക്കള്‍ പറഞ്ഞു.
നാല് പതിറ്റാണ്ട് പിന്നിട്ട തന്റെ കളരി പാരമ്പര്യം പ്രവാസ ലോകത്ത് കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് താനെന്നും പൊന്നാനി സ്വദേശി കൂടിയായ മണികണ്ഠന്‍ ഗുരുക്കൾ പറഞ്ഞു.

വി.കെ.എം കളരി എന്ന സ്ഥാപനത്തില്‍ ഇന്നുള്ളത് ആയിരത്തിലേറെ ശിഷ്യഗണങ്ങളാണ്. യു.എ.ഇയില്‍ കളരിപ്പയറ്റിന്റെ പ്രാധാന്യം കൂടുതല്‍ പേരിലേക്ക് എത്തിക്കുകയാണ് വി.കെ.എം.കളരി. 15 വര്‍ഷത്തിനുള്ളില്‍ നൂറുകണക്കിന് വിദേശികളടക്കം ആയിരത്തിലേറെ ശിഷ്യഗണങ്ങള്‍ യു.എ.ഇയിലെ വി.കെ.എം കളരിയില്‍നിന്നും പഠിച്ചിറങ്ങി. മെയ്പ്പയറ്റ് (മെയ്ത്താരി), വടിപ്പയറ്റ് (കോല്‍ത്താരി), വാള്‍പ്പയറ്റ് (അങ്കത്താരി), വെറും കൈ പ്രയോഗം തുടങ്ങി 8 ഘട്ടങ്ങളിലൂടെയാണ് ശിഷ്യര്‍ക്ക് പയറ്റ് ചൊല്ലിക്കൊടുക്കുന്നത്. അഞ്ച് വയസ്സുമുതല്‍ 60 വയസ്സുവരെയുള്ളവര്‍ കളരി പരിശീലിക്കുന്നുണ്ട്.

ദുബായ് എക്സ്പോ 2020 വേദിയില്‍ രണ്ട് തവണ ആയോധന മുറ അവതരിപ്പിച്ചു. കൂടാതെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം, അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡ് , ദുബായ് പോലീസ് സംഘടിപ്പിച്ച പരിപാടി തുടങ്ങി ഇതിനകം യു.എ.ഇയിലെ നൂറിലേറെ വേദികളില്‍ കളരിപ്പയറ്റ് അഭ്യാസപ്രകടനം നടത്തി. 42 ലേറെ വര്‍ഷമായി കളരിയുമായി ഇഴപിരിയാത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന മണികണ്ഠൻ ഗുരുക്കൾ
2011 ലാണ് അറബി നാട്ടില്‍ കളരിപ്പയറ്റ് പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യമായി ഒരു കളരി ദുബായ് കരാമയില്‍ ആരംഭിച്ചത്. തുടര്‍ന്ന് ഖിസൈസ്, അല്‍ നഹ്ദ, ഷാര്‍ജ തുടങ്ങി യു.എ.ഇയിലെ വിവിധ ഇടങ്ങളിലായുള്ള വി.കെ.എം കളരിയുടെ ശാഖകളില്‍ ആയിരത്തിലേറെ ശിഷ്യന്മാര്‍ കളരിപ്പയറ്റ് അഭ്യസിച്ചു വരുന്നു.

പണ്ട് പുരുഷന്‍മാര്‍ മാത്രം കീഴടക്കിയിരുന്ന ഈ മേഖല ഇന്ന് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ചെറുപ്രായത്തില്‍തന്നെ അഭ്യസിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത് കളരിക്ക് ഈ കാലഘട്ടത്തിൽ ലഭിക്കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. കളരിപ്പയറ്റിലെ വടക്കന്‍ ശൈലി പിന്തുടരുന്ന മണികണ്ഠന്‍ ഗുരുക്കള്‍ കളരിയുടെ ലോകവേദിയായ പൊന്യതങ്കത്തിൽ വെച്ച് പദ്മശ്രീ മീനാക്ഷി അമ്മ ഗുരുക്കളിൽ നിന്നും ഏറ്റുവാങ്ങിയ അനുമോദനം തന്റെ കളരി ജീവിതത്തിൽ ലഭിച്ച ഭാഗ്യങ്ങളിൽ ഒന്നായി രേഖപെടുത്തുന്നു.

Share this: