ദുബായ് , ഓഗസ്റ്റ് 21 2026 : യുഎഇയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സാങ്കേതിക–തൊഴിൽ പരിശീലന സ്ഥാപനങ്ങൾക്കുമുള്ള റിവ്യൂ ഫീസ് സംബന്ധിച്ച് പുതിയ തീരുമാനം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയം.
സ്ഥാപനങ്ങളുടെയും അക്കാദമിക്, പരിശീലന പ്രോഗ്രാമുകളുടെയും ലൈസൻസിങ്, അക്രഡിറ്റേഷൻ, പുതുക്കൽ നടപടികളുടെ ഭാഗമായുള്ള മൂല്യനിർണയത്തിനാണ് റിവ്യൂ ഫീസ് ഈടാക്കുക.
ആഗോള നിലവാരത്തിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് വിദഗ്ധരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തുന്നതിനുള്ള ചെലവുകൾ ക്രമീകരിക്കുകയാണ് പുതിയ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം.
പുറത്തുനിന്നുള്ള വിദഗ്ധരെയും അന്താരാഷ്ട്ര മൂല്യനിർണയകരെയും ഉൾപ്പെടുത്തി നടത്തുന്ന റിവ്യൂ നടപടികളുടെ ചെലവുകൾ മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരം നിയന്ത്രിക്കും. ഇതിലൂടെ സ്ഥാപനങ്ങൾക്ക് സാമ്പത്തികവും ഭരണപരവുമായ ആസൂത്രണം കൂടുതൽ വ്യക്തമായി നടത്താനാകുമെന്ന് മന്ത്രാലയം അറിയിച്ചു.
വിവിധ തരത്തിലുള്ള സ്ഥാപനങ്ങൾക്കും പ്രോഗ്രാമുകൾക്കും ആവശ്യമായ മൂല്യനിർണയത്തിന്റെ സ്വഭാവം പരിഗണിച്ചാണ് റിവ്യൂ ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
റിവ്യൂ ഫീസിൽ നിന്നുള്ള തുക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാങ്കേതിക–തൊഴിൽ പരിശീലന സ്ഥാപനങ്ങളുടെയും റിവ്യൂ ഫണ്ടിലേക്ക് മാറ്റും.
ലൈസൻസിങ്, അക്രഡിറ്റേഷൻ നടപടികൾക്കുള്ള മൂല്യനിർണയ പ്രവർത്തനങ്ങൾക്കും വിദഗ്ധരുടെ സേവനങ്ങൾക്കുമാണ് ഈ ഫണ്ട് ഉപയോഗിക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രോഗ്രാമുകളുടെയും നിലവാരം ഉറപ്പാക്കുന്നതിനും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തൊഴിൽ വിപണിക്കും യുഎഇയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് പുതിയ തീരുമാനം ലക്ഷ്യമിടുന്നത്.
