ദുബായ്, ഓഗസ്റ്റ് 27 2026 : രാജ്യത്തിന്റെ പ്രതിരോധ ശേഷിയും ദേശീയ സന്നദ്ധതയും ശക്തിപ്പെടുത്താൻ പുതിയ പദ്ധതിയുമായി യുഎഇ പ്രതിരോധ മന്ത്രാലയം. യുവ എമിറാത്തികളുടെ കഴിവുകൾ വികസിപ്പിച്ച് ഭാവിയിലെ ദേശീയ സേവനത്തിനായി സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ ‘ബിലാദി’ പദ്ധതിക്ക് തുടക്കമിട്ടു.
നേതൃത്വ മികവ്, സാങ്കേതിക പരിജ്ഞാനം, പ്രായോഗിക പരിശീലനം എന്നിവയിലൂടെ രാജ്യത്തിന്റെ മാനവവിഭവശേഷി കൂടുതൽ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളുടെ കഴിവുകൾ സമഗ്രമായി വിലയിരുത്തും. മാനസികവും ശാരീരികവുമായ പരിശോധനകൾക്ക് പുറമെ ബൗദ്ധിക ശേഷി വിലയിരുത്തൽ, നേരിട്ടുള്ള അഭിമുഖം, ഫീൽഡ് അസസ്മെന്റ് എന്നിവയും ഉണ്ടാകും. ഓരോരുത്തരുടെയും കഴിവിനും താൽപര്യത്തിനും അനുയോജ്യമായ പരിശീലന മേഖല കണ്ടെത്തുകയാണ് ലക്ഷ്യം.
ദേശീയ സേവന പദ്ധതിയുടെ ഭാഗമായി 11 മാസമാണ് ബിലാദി പദ്ധതിയുടെ കാലാവധി.
ആദ്യ വർഷം വിവിധ പ്രത്യേക പരിശീലന മേഖലകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വരും ഘട്ടങ്ങളിൽ പദ്ധതിയുടെ പരിധി കൂടുതൽ വിപുലീകരിക്കും.
യുഎഇ സായുധസേനയിലെ വിദഗ്ധരായ ഉദ്യോഗസ്ഥരുടെയും പരിശീലകരുടെയും നേതൃത്വത്തിലായിരിക്കും പരിശീലനം. ക്ലാസ് മുറിയിലെ പഠനത്തോടൊപ്പം പ്രായോഗിക പരിശീലനത്തിനും പ്രാധാന്യം നൽകും.
പരിശീലന കാലയളവിന് ശേഷവും പങ്കാളികളുടെ സൈനിക സ്ഥാപനങ്ങളുമായുള്ള ബന്ധം നിലനിർത്തുന്നതിനുള്ള സംവിധാനമാണ് പദ്ധതിയിലൂടെ ഒരുക്കുന്നത്.
ദേശീയ ഉത്തരവാദിത്തം, രാജ്യത്തോടുള്ള പ്രതിബദ്ധത, സേവന മനോഭാവം എന്നിവ ശക്തിപ്പെടുത്തുന്നതിനൊപ്പം ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ ആവശ്യമായ ദേശീയ പ്രതിഭകളെ വളർത്തിയെടുക്കാനും ‘ബിലാദി’ പദ്ധതി സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
