ദുബായ് , സെപ്റ്റംബർ 2 ,2026 : കോർപ്പറേറ്റ് നികുതി റിട്ടേൺ സമർപ്പിക്കാനും നികുതി അടയ്ക്കാനുമുള്ള സെപ്റ്റംബർ 30ലെ സമയപരിധി പാലിക്കണമെന്ന് കമ്പനികൾക്ക് യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) മുന്നറിയിപ്പ് നൽകി. സമയപരിധി കഴിഞ്ഞാൽ പിഴ നേരിടേണ്ടിവരും.
2025 ഡിസംബർ 31ന് സാമ്പത്തിക വർഷം അവസാനിച്ച നികുതിദായകർ സെപ്റ്റംബർ 30നകം കോർപ്പറേറ്റ് നികുതി റിട്ടേൺ സമർപ്പിക്കുകയും അടയ്ക്കാനുള്ള നികുതി നൽകുകയും വേണം. ‘സ്മോൾ ബിസിനസ് റിലീഫിന്’ അർഹരായവരും ഈ നടപടികൾ പൂർത്തിയാക്കണം.
നികുതി ഇളവിന് അർഹരായ സ്ഥാപനങ്ങളും സാമ്പത്തിക വർഷം അവസാനിച്ച് ഒൻപത് മാസത്തിനകം FTA യിൽ വാർഷിക പ്രഖ്യാപനം സമർപ്പിക്കുന്നതിനായി രജിസ്റ്റർ ചെയ്യണം. ആവശ്യമായ രേഖകൾ നേരത്തെ തയ്യാറാക്കി വയ്ക്കണമെന്നും അതോറിറ്റി നിർദേശിച്ചു.
നികുതി രജിസ്ട്രേഷൻ, റിട്ടേൺ സമർപ്പിക്കൽ, നികുതി അടയ്ക്കൽ തുടങ്ങിയ സേവനങ്ങൾ ‘EmaraTax’ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ 24 മണിക്കൂറും ലഭ്യമാണ്. സ്ഥാപനങ്ങൾക്ക് നേരിട്ട് റിട്ടേൺ സമർപ്പിക്കുകയോ FTA അംഗീകരിച്ച ടാക്സ് ഏജന്റുമാരുടെ സഹായം തേടുകയോ ചെയ്യാം.
സ്മോൾ ബിസിനസ് റിലീഫിന് അർഹരായ സ്ഥാപനങ്ങളും ഓരോ നികുതി കാലയളവിലും കോർപ്പറേറ്റ് നികുതി നിയമപ്രകാരമുള്ള ബാധ്യതകൾ പാലിക്കണം. നികുതി രജിസ്ട്രേഷൻ, ലളിതമായ നികുതി റിട്ടേൺ സമർപ്പിക്കൽ, ആവശ്യമായ രേഖകൾ സൂക്ഷിക്കൽ എന്നിവ ഇതിൽ ഉൾപ്പെടും.
നികുതി കാലയളവിലെ ഇടപാടുകളുടെ രേഖകൾ, ആസ്തികളുടെ വാങ്ങലും വിൽപ്പനയും ഉൾപ്പെടുന്ന ആസ്തി രജിസ്റ്റർ, ബാധ്യതകളുടെ രേഖകൾ, സാമ്പത്തിക വർഷാവസാനത്തെ ഓഹരി ഉടമസ്ഥത സംബന്ധിച്ച രേഖകൾ എന്നിവ സൂക്ഷിക്കണം.
ആവശ്യമായ രേഖകളും വിവരങ്ങളും സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയാൽ യുഎഇയിലെ നികുതി നിയമപ്രകാരം അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തുമെന്നും FTA വ്യക്തമാക്കി.
