ദുബായ്, നവംബർ 11, 2026 : യുഎഇ ഉന്നത വിദ്യാഭ്യാസ പുരസ്കാരത്തിന്റെ ആദ്യ പതിപ്പിലേക്കുള്ള നാമനിർദേശങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നവംബർ 27 വരെ നീട്ടിയതായി ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം അറിയിച്ചു. 59 സർവകലാശാലകളിൽ നിന്നും ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുമായി 1,300 നാമനിർദേശങ്ങളാണ് ഇതുവരെ ലഭിച്ചത്.
കൂടുതൽ സ്ഥാപനങ്ങൾക്ക് പുരസ്കാരത്തിന്റെ വിവിധ വിഭാഗങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകുന്നതിന്റെ ഭാഗമായാണ് സമയപരിധി നീട്ടിയത്. 2026-ന്റെ തുടക്കത്തിൽ മന്ത്രാലയം ആരംഭിച്ച പുരസ്കാരം ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മേഖലകളിലെ മികവും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും നിലവാരം ഉയർത്തുന്നതിനൊപ്പം ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് പിന്തുണ നൽകുന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.
പുരസ്കാരത്തിന്റെ ആദ്യ പതിപ്പിന് ലഭിച്ച മികച്ച പ്രതികരണം സർവകലാശാലകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും തങ്ങളുടെ നേട്ടങ്ങളും നൂതന പദ്ധതികളും അവതരിപ്പിക്കാനുള്ള താൽപര്യമാണ് വ്യക്തമാക്കുന്നതെന്ന് മന്ത്രാലയത്തിലെ സ്ട്രാറ്റജി ആൻഡ് ഫ്യൂച്ചർ വകുപ്പ് ഡയറക്ടർ ഫാത്തിമ അൽ ഹൂത്തി പറഞ്ഞു. വിജയകരമായ പദ്ധതികളും മികച്ച പ്രവർത്തനരീതികളും പരസ്പരം പങ്കുവയ്ക്കുന്നതിനും ഇത് അവസരമൊരുക്കുമെന്നും അവർ വ്യക്തമാക്കി.
നാല് പ്രധാന വിഭാഗങ്ങൾ; 18 ഉപവിഭാഗങ്ങൾ
പ്രമുഖ സർവകലാശാലകളും ഉന്നത, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിവർത്തന പദ്ധതികൾ, ഉന്നത വിദ്യാഭ്യാസ രംഗത്തെ മുൻനിര പ്രവർത്തകർ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വാധീനം ചെലുത്തുന്ന പങ്കാളികൾ എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളിലായാണ് പുരസ്കാരം നൽകുന്നത്. ഇവയ്ക്ക് കീഴിൽ 18 ഉപവിഭാഗങ്ങളുമുണ്ട്.
ഇതുവരെ പങ്കെടുക്കാത്ത സർവകലാശാലകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും നീട്ടിയ സമയപരിധി പ്രയോജനപ്പെടുത്തണമെന്ന് ഫാത്തിമ അൽ ഹൂത്തി അഭ്യർഥിച്ചു. വിദ്യാർഥികൾ, അധ്യാപകർ, ഗവേഷകർ എന്നിവരെ അവർക്കായി നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളിൽ അപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പുരസ്കാരത്തിൽ പങ്കെടുക്കാൻ അർഹതയുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അപേക്ഷാ വ്യവസ്ഥകളും വിലയിരുത്തൽ മാനദണ്ഡങ്ങളും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.mohesr.gov.ae വഴി പരിശോധിക്കാം.
കൂടുതൽ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ബോധവത്കരണ ശിൽപശാലകളും വിവിധ സ്ഥാപനങ്ങളുമായുള്ള ആശയവിനിമയ പരിപാടികളും മന്ത്രാലയം തുടരുകയാണ്.
